അബുദാബി: ഐപിഎല്ലിലെ 32ാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ്.
കൊല്‍ക്കത്ത ഉയര്‍ത്തിയ 149 റണ്‍സ് വിജയലക്ഷ്യം 16.5 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് മറികടന്നു. ജയത്തോടെ മുംബൈ പോയന്റ് പട്ടികയില്‍ ഒന്നാമതെത്തി.

വെടിക്കെട്ട് ബാറ്റിങ് പ്രകടനം കാഴ്ചവെച്ച ഓപ്പണര്‍ ക്വിന്റണ്‍ ഡിക്കോക്കാണ് മുംബൈയുടെ ജയം അനായാസമാക്കിയത്. 44 പന്തുകള്‍ നേരിട്ട ഡിക്കോക്ക് മൂന്നു സിക്‌സും ഒമ്പത് ഫോറുമടക്കം 78 റണ്‍സോടെ പുറത്താകാതെ നിന്നു.

149 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ക്വിന്റണ്‍ ഡിക്കോക്കും മികച്ച തുടക്കമാണ് നല്‍കിയത്. 94 റണ്‍സ് ചേര്‍ത്ത ശേഷമാണ് ഓപ്പണിങ് സഖ്യം പിരിഞ്ഞത്. 36 പന്തില്‍ ഒരു സിക്‌സും അഞ്ചു ഫോറുമടക്കം 35 റണ്‍സെടുത്ത രോഹിത്തിനെ ശിവം മാവിയാണ പുറത്താക്കിയത്. സൂര്യകുമാര്‍ യാദവ് 10 റണ്‍സെടുത്ത് പുറത്തായി. ഹാര്‍ദിക് പാണ്ഡ്യ 11 പന്തില്‍ നിന്ന് 21 റണ്‍സുമായി പുറത്താകാതെ നിന്നു.

നേരത്തെ പുതിയ ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്റെ നേതൃത്വത്തില്‍ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെടുത്തിരുന്നു.10.4 ഓവറില്‍ അഞ്ചു വിക്കറ്റിന് 61 റണ്‍സെന്ന നിലയിലായിരുന്ന കൊല്‍ക്കത്തയെ ആറാം വിക്കറ്റില്‍ ഒന്നിച്ച ഓയിന്‍ മോര്‍ഗന്‍ പാറ്റ് കമ്മിന്‍സ് കൂട്ടുകെട്ടാണ് 148ല്‍ എത്തിച്ചത്.