ഫത്തോര്‍ഡ: ഐ.എസ്.എല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ കരുത്തരായ എ.ടി.കെ മോഹന്‍ബഗാന് തോല്‍വി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് ബംഗാള്‍ ക്ലബിനെ അട്ടിമറിച്ചത്.60ാം മിനിറ്റില്‍ ലൂയിസ് മക്കാഡോയിലൂടെ നോര്‍ത്ത് ഈസ്റ്റാണ് ആദ്യം സ്‌കോര്‍ ചെയ്തത്. 72ാം മിനിറ്റില്‍ റോയ് കൃഷ്ണയിലൂടെ എ.ടി.കെ ഒപ്പമെത്തി.

എന്നാല്‍ 81ാം മിനിറ്റില്‍ ഫെഡറിക്കോ ഗെല്ലഗോ നോര്‍ത്ത് ഈസ്റ്റിനായി വിജയ ഗോള്‍ കണ്ടെത്തി. തോറ്റെങ്കിലും 13 മത്സരങ്ങളില്‍ നിന്ന് 24 പോയന്റുമായി എ.ടി.കെ രണ്ടാംസ്ഥാനത്ത് തുടരുന്നു. നോര്‍ത്ത് ഈസ്റ്റ് 18 പോയന്റുമായി അഞ്ചാം സ്ഥാനത്തെത്തി.

ഇന്ന് രാത്രി 7.30ന് ബാംബോലി സ്‌റ്റേഡിയത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ജംഷഡ്പൂര്‍ എഫ്.സിയെ നേരിടും.