ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ലീഗ് 2025-26 സീസണിനായുള്ള സ്‌പോണ്‍സര്‍മാരായില്ലെങ്കിലും താല്‍ക്കാലിക ഷെഡ്യൂള്‍ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേ ഷന്‍ പുറത്തിറക്കി. 91 മത്സരങ്ങളും കരട് പട്ടികയിലുണ്ട്. നിലവിലെ ചാമ്പ്യന്‍മാരായ മോഹന്‍ ബഗാന്‍ കേരള ബ്ലാസ്റ്റേഴ്‌സുമായി കൊല്‍ക്കത്ത സാള്‍ട്ട് ലേക്‌സ് സ്റ്റേഡിയത്തില്‍ ഫെബ്രുവരി 14ന് ഏഴുമണിക്ക് ഏറ്റുമുട്ടും.
മെയ് 17ന് ചെന്നയിന്‍ എഫ്.സി-ബെംഗളൂരു എഫ്.സി മത്സരമാണ് അവസാന മത്സരം. സിംഗിള്‍ ലഗ് ഹോം-എവേ ഫോര്‍മാറ്റിലാണ് ടൂര്‍ണമെന്റ് ന ടക്കുക. അതേ സമയം മത്സര ഷെഡ്യൂള്‍ അന്തിമമായില്ലെന്നാണ് ഫുട്‌ബോള്‍ ഫെഡറേഷന്‍ പറയുന്നത്. ക്ലബ്ബുകളുടേയും മറ്റു ബന്ധപ്പെട്ടവരുടേയും സൗകര്യം കൂടി പരിഗണിച്ച് ഇതില്‍ മാറ്റം വരുത്തുമെന്നും ഫെഡറേഷന്‍ വ്യക്തമാക്കി. ഇത്തവണ സാമ്പത്തിക സ്ഥിതി പരിഗണിച്ച് ടീമുകളുടെ ഹോം ഗ്രൗണ്ടുകളില്‍ കാര്യമായ മാറ്റം വരുത്തും. നിലവില്‍ എ.ഐ.എഫ്.എഫ് തയാറാക്കിയിട്ടുള്ള കരട് പട്ടിക പ്രകാരം മുഹമ്മദന്‍സ് സ്‌പോര്‍ട്ടിങിന്റെ ഹോം ഗ്രൗണ്ട് ജംഷഡ്പൂരിലെ ജെ.ആര്‍.ഡി ടാറ്റ സ്‌പോര്‍ട്സ് കോംപ്ലക്സ് ആണ്.
കഴിഞ്ഞ സീസണില്‍ ഐ ലീഗില്‍ പശ്ചിമബംഗാളിലെ കല്യാണി ഹോം ഗ്രൗണ്ടായി ഉപയോഗിച്ചിരുന്ന ഇന്റര്‍കാശിക്ക് ഒഡീഷ എഫ്.സിയുടെ ഹോം ഗ്രൗണ്ടായ കലിംഗ സ്റ്റേഡിയം തന്നെയാണ് ഹോംഗ്രൗണ്ടായി അനുവദിച്ചിരിക്കുന്നത്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് കഴിഞ്ഞ സീസണില്‍ ഗുവാഹത്തിയും ഷില്ലോങും ഹോം ഗ്രൗണ്ടായി ഉപയോഗിച്ചിരുന്നുവെങ്കില്‍ ഇത്തവണ സരുസാജായി ഇന്ദിരാഗാന്ധി സ്റ്റേഡിയമാണ് ഹോം ഗ്രൗണ്ടാവുക. കേരള ബ്ലാസ്റ്റേഴ്‌സിന് കോഴിക്കോട് ഇ.എം.എസ് കോര്‍പറേഷന്‍ സ്റ്റേഡിയമാണ് ഇത്തവണ ഹോം ഗ്രൗണ്ട്.