ന്യൂഡല്‍ഹി: ഐ.എസ്.ആര്‍.ഒ(ഇന്ത്യന്‍ സ്‌പേസ് റിസേര്‍ച്ച് ഓര്‍ഗനൈസേഷന്‍)യുടെ പുതിയ ദൗത്യത്തിന് ആവശ്യമായുള്ള ചിലവിന്റെ പകുതിയോളം വിദേശ രാജ്യങ്ങളില്‍ നിന്ന് ഈടാക്കുന്നതിന് ഐ.എസ്.ആര്‍.ഒ തയ്യാറെടുക്കുന്നു. ഒരേസമയം തന്നെ 104 ഉപഗ്രഹങ്ങള്‍ ഒരു വാഹനത്തില്‍ ബഹിരാകാശത്ത് എത്തിക്കുന്ന പരീക്ഷണത്തിനാണ് ഐ.എസ്.ആര്‍.ഒ തയ്യാറെടുക്കുന്നത്. ഇതില്‍ മൂന്നെണ്ണം മാത്രമാണ് ഇന്ത്യയുടേത്. ഫെബ്രുവരി 15-നാണ് പുതിയ ദൗത്യം നടപ്പിലാക്കാന്‍ പോകുന്നത്. പി.എസ്.എല്‍.വി-സി37എന്ന റോക്കറ്റിലാണ് പരീക്ഷണം നടത്തുന്നത്.

‘ഞങ്ങളുടെ കഴിവിന്റെ പരമാവധി ഞങ്ങള്‍ ശ്രമിക്കുന്നുണ്ട്. നമ്മുടെ മൂന്ന് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ പോവുകയാണ്. നമ്മുടെ സ്‌പെയ്‌സിനനുസരിച്ച് മറ്റു രാജ്യങ്ങളില്‍ നിന്നുള്ള 101സാറ്റ്‌ലൈറ്റുകളും ഉള്‍പ്പെടുത്തുന്നുണ്ടെന്ന്’ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എ.എ. കിരണ്‍ കുമാര്‍ പറഞ്ഞു. വിക്ഷേപണത്തിനാവശ്യമായ തുകയുടെ പകുതിയോളം വിദേശരാജ്യങ്ങളില്‍ നിന്നും ഈടാക്കും. വിദേശരാജ്യങ്ങളോട് ഇതിനെക്കുറിച്ച് സൂചിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആന്ധ്രയിലെ ശ്രീഹരിക്കോട്ടയിലാണ് പരീക്ഷണം ആരംഭിക്കുന്നത്. വിദേശരാജ്യങ്ങളുടെ ഉപഗ്രഹങ്ങളില്‍ അമേരിക്കയുടേയും ജെര്‍മ്മനിയുടേയും ഉപഗ്രഹങ്ങള്‍ ഉള്‍പ്പെടും. ഇന്ത്യന്‍ ഉപഗ്രഹങ്ങള്‍ കാസ്‌ട്രോസാറ്റ് ഉപഗ്രഹങ്ങളാണ്. നാനോ ഉപഗ്രഹങ്ങളായിരിക്കും വിദേശരാജ്യങ്ങളുടേത്. മൊത്തം 1600കിലോക്ക് മുകളില്‍ വരും ഉപഗ്രഹങ്ങളുടെ ഭാരം.