News

‘അത് അറിഞ്ഞപ്പോള്‍ ശരിയാണെന്ന് തോന്നി’; സാമ്പത്തിക ഭദ്രതയെക്കുറിച്ചുള്ള കമല്‍ ഹാസെന്റ ഉപദേശം പങ്കുവച്ച് മണിക്കുട്ടന്‍

By webdesk17

January 14, 2026

മലയാളികള്‍ക്ക് പ്രിയപ്പെട്ട നടന്‍ മണിക്കുട്ടന്‍, സാമ്പത്തിക ഭദ്രതയെക്കുറിച്ച് കമല്‍ ഹാസന്‍ നല്‍കിയ ഉപദേശത്തെക്കുറിച്ച് മനസ്സുതുറന്നു. വരുമാനത്തേക്കാള്‍ അധികം ചെലവഴിക്കാതെ സാമ്പത്തിക അച്ചടക്കം പാലിക്കുന്നവരാണ് ജീവിതത്തില്‍ സ്ഥിരതയോടെയും വിജയത്തോടെയും മുന്നേറുന്നതെന്നാണ് കമല്‍ ഹാസെന്റ നിലപാടെന്ന് മണിക്കുട്ടന്‍ പറഞ്ഞു.

‘കായംകുളം കൊച്ചുണ്ണി’ എന്ന ജനപ്രിയ ടെലിവിഷന്‍ പരമ്പരയിലൂടെ ശ്രദ്ധേയനായ മണിക്കുട്ടന്‍, സിനിമയിലും മിനിസ്‌ക്രീനിലും സജീവമാണ്. ബിഗ് ബോസ് മലയാളം മൂന്നാം സീസണിലെ വിജയിയായി മാറിയ താരം, ‘കാര്യം സാമ്പത്തികമാണ്’ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഈ അനുഭവം പങ്കുവച്ചത്.

തമിഴില്‍ തന്റെ അടുത്ത സുഹൃത്തായ ഒരു തിരക്കഥാകൃത്ത് വഴിയാണ് കമല്‍ ഹാസെന്റ ഉപദേശം അറിഞ്ഞതെന്ന് മണിക്കുട്ടന്‍ പറഞ്ഞു. ലക്ഷ്വറി കാറുകള്‍ വാങ്ങാനുള്ള സാമ്പത്തികശേഷിയുണ്ടായിട്ടും അതിന് ഓടിയെത്താതെ, ആ പണം ജീവിതം മെച്ചപ്പെടുത്താന്‍ ഉപയോഗിക്കുന്നവരാണ് ദീര്‍ഘകാലത്തില്‍ സാമ്പത്തികമായി സ്ഥിരതയുള്ളവരാവുന്നതെന്നായിരുന്നു കമല്‍ ഹാസെന്റ അഭിപ്രായമെന്ന് അദ്ദേഹം വിശദീകരിച്ചു.

‘ഈ കാര്യം ഞാന്‍ അറിഞ്ഞപ്പോള്‍ ശരിയാണല്ലോ എന്ന് തോന്നി. സാമ്പത്തിക ബാധ്യത ഉണ്ടാക്കി വിലയേറിയ കാറുകള്‍ വാങ്ങുന്നതിന് പകരം, വില കുറഞ്ഞ ഒരു വാഹനം വാങ്ങി ബാക്കി പണം ലാഭകരമായ നിക്ഷേപങ്ങളിലേക്ക് മാറ്റുന്നതാണ് ഉചിതം,’ എന്നും മണിക്കുട്ടന്‍ കൂട്ടിച്ചേര്‍ത്തു. സാമ്പത്തിക അച്ചടക്കവും ദീര്‍ഘകാല ആസൂത്രണവും ജീവിതവിജയത്തിന് അനിവാര്യമാണെന്ന കമല്‍ ഹാസെന്റ സന്ദേശം തനിക്കും പ്രചോദനമായെന്നാണ് മണിക്കുട്ടന്റെ വാക്കുകള്‍.