കൊളംബൊ: ശ്രീലങ്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ രവീന്ദ്ര ജഡേജക്ക് കളിക്കാനാവില്ല. ഒരു മത്സര സസ്‌പെന്‍ഷന്‍ ലഭിച്ചതാണ് താരത്തിന് വിനയായത്. കഴിഞ്ഞ 24 മാസത്തിനിടെ ആറ് ഡീമെറിറ്റ് പോയിന്റുകള്‍ ലഭിച്ചതാണ് ജഡേജക്കു വിനയായത്. ലങ്കക്കെതിരായ പരമ്പരക്കായി എത്തുമ്പോള്‍ തന്നെ ജഡേജക്കു മൂന്നു ഡീ മെറിറ്റ് പോയിന്റുകളുണ്ടായിരുന്നു.

2016 ഒക്ടോബറില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്‍ഡോറില്‍ നടന്ന മൂന്നാം ടെസ്റ്റിനിടെ പിച്ചില്‍ ഓടിയതിന് ലഭിച്ച പിഴയായിരുന്നു ഇത്. ലങ്കക്കെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ കരുണ രത്‌നെക്കെതിരെ അപകടകരമായ രീതിയില്‍ പന്തെറിഞ്ഞതിന് മൂന്ന് പിഴപ്പോയന്റുകള്‍ കൂടി ലഭിച്ചതോടെയാണ് മാച്ച് റഫറി ജഡേജക്ക് ഒരു കളിയില്‍ സസ്‌പെന്‍ഷന്‍ ഏര്‍പ്പെടുത്തിയത്.

സസ്‌പെന്‍ഷനു പുറമെ മാച്ച് ഫീയുടെ 50 ശതമാനം പിഴയായും നല്‍കണം. 12ന് പല്ലേകലയില്‍ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റില്‍ ജഡേജക്കു പകരം കുല്‍ദീപ് യാദവിന് അവസരം ലഭിച്ചേക്കും.