തിരുവനന്തപുരം: പി.എസ്.സിയുടെ എല്‍.ഡി ക്ലാര്‍ക്ക് പരീക്ഷാചോദ്യപേപ്പറില്‍ സുഡാനിലെ കറുത്ത വര്‍ഗക്കാരെ വംശീയമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള ചോദ്യങ്ങള്‍. പാലക്കാട്, പത്തനംതിട്ട ജില്ലകളില്‍ ശനിയാഴ്ച നടന്ന പരീക്ഷയിലാണ് വംശീയമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ഉദ്യോഗാര്‍ത്ഥികളോട് ചോദിച്ചത്. സുഡാനിലെ നീഗ്രോകളെ നമ്മള്‍ എന്ത് വിളിക്കുന്നു എന്നതായിരുന്നു പി.എസ്.സി പരീക്ഷയിലെ ഒരു ചോദ്യം. ഈ ചോദ്യത്തിന് നാല് ഓപ്ഷനുകളും നല്‍കി പി.എസ്.സി ചോദ്യം കൂടുതല്‍ വഷളാക്കി. ലോകബാങ്ക് പ്രതിനിധിയെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ വംശീയമായി അധിക്ഷേപിച്ചു എന്ന പരാതി ഉയര്‍ന്നതിന് തൊട്ടു പിന്നാലെയാണ് എല്‍.ഡി.സി ചോദ്യപേപ്പറും വിവാദത്തില്‍പ്പെടുന്നത്.

പാലക്കാട്, പത്തനംതിട്ട ജില്ലയില്‍ നടന്ന എല്‍.ഡി.സി പരീക്ഷയെക്കുറിച്ച് വ്യാപകമായി വിമര്‍ശനമാണ് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഉയരുന്നത്. സിലബസിന് പുറത്തുള്ള ചോദ്യങ്ങള്‍ നിരവധിയുണ്ടായിരുന്നെന്ന് ഉദ്യോഗാര്‍ത്ഥികള്‍ വിമര്‍ശിക്കുന്നു. പൊതുവിജ്ഞാന വിഭാഗത്തിലെ 30 ചോദ്യങ്ങളില്‍ ഒന്നുപോലും ഇന്ത്യയേയോ കേരളത്തേയോ കുറിച്ചുണ്ടായിരുന്നില്ല. 25 എണ്ണവും മറ്റു രാജ്യങ്ങളുമായോ അവയുടെ ചരിത്രവുമായോ ബന്ധപ്പെട്ടതായിരുന്നു. ചൈനയെയും ജര്‍മനിയെയും കുറിച്ചുള്ളതായിരുന്നു ഇതിലേറെയും.

സുഡാനിലെ നീഗ്രോകളുടെ പേര്, മധ്യ അറ്റ്‌ലാന്റിക് പര്‍വതനിരയുടെ നീളം, കിഴക്കന്‍ അയര്‍ലന്‍ഡില്‍ 1992ല്‍ രൂപീകരിച്ച സ്റ്റേറ്റ്, ദശലക്ഷക്കണക്കിന് മുന്‍പ് ദക്ഷിണാര്‍ധഗോളത്തിലുണ്ടായിരുന്ന വന്‍കര, 1945ല്‍ സോവിയറ്റ് സേന ഉപരോധിച്ച ജര്‍മന്‍ തലസ്ഥാനം എന്നിങ്ങനെ പോകുന്നു ചോദ്യങ്ങള്‍. ഇംഗ്ലീഷ് ചോദ്യങ്ങളെ കുറിച്ചും പരാതികളുയര്‍ന്നു. ജൂണ്‍ 17ന് ആരംഭിച്ച എല്‍.ഡി ക്ലാര്‍ക്ക് പരീക്ഷയുടെ അഞ്ചാംഘട്ടമാണ് ശനിയാഴ്ച നടന്നത്. 900ത്തോളം പരീക്ഷാ കേന്ദ്രങ്ങളിലായി രണ്ടുലക്ഷത്തിലേറെ പോരാണ് പരീക്ഷ എഴുതിയത്. ആഗസ്റ്റ് 19, 26 തിയതികളിലായി രണ്ട് ഘട്ടം കൂടി നടക്കാനുണ്ട്.