ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ ടി ജലീല്‍ ഉന്നിയിച്ച വാദങ്ങള്‍ ഒന്നിന് പിറകെ ഒന്നായി പൊളിയുന്നു. ഇതോടെ മന്ത്രിയുടെ നില പരുങ്ങലിലായി. സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന മന്ത്രിയുടെ വാദമാണ് ഏറ്റവും അവസാനം പൊളിഞ്ഞത്. മന്ത്രിയുടെ വാദം കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ തന്നെ തള്ളി രംഗത്ത് വന്നു. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന് പത്രപരസ്യത്തിന് പോലും നല്‍കാന്‍ പണമില്ലെന്ന് മന്ത്രി പറഞ്ഞിരുന്നു.

മന്ത്രിയുടെ ബന്ധുവിന്റെ യോഗ്യതയ്ക്ക് അംഗീകാരമില്ലെന്ന വിവരം കൂടി പുറത്തായതോടെ കെ ടി ജലീല്‍ കൂടുതല്‍ കുരുക്കിലായിരുന്നു. കെ ടി അദീപിന്റെ പിജിഡിബിഎയ്ക്ക് കേരളത്തിലെ ഒരു സര്‍വകലാശാലയുടെയും യോഗ്യതയില്ല. അണ്ണാമല സര്‍വകലാശാലയില്‍ നിന്നും വിദൂര വിദ്യാഭാസം വഴിയാണ് കെ ടി അദീപ് പിജിഡിബിഎ നേടിയത്. ഇതിന് കാലിക്കറ്റ് സര്‍വകലാശാലയുടെ അംഗീകാരമുണ്ടെന്നായിരുന്നു കോര്‍പ്പറേഷന്‍ വാദിച്ചിരുന്നത്. ഇത് തെറ്റാണെന്ന് തെളിയിക്കുന്ന വിവരം പുറത്ത് വന്നതോടെ മന്ത്രിയുടെ ഇടപെടല്‍ സംശയത്തിന്റെ നിഴലായി.

ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനില്‍ ജോലി തേടിയത് അദീപിന്റെ ത്യാഗമെന്ന മന്ത്രിയുടെ വാദം പെളിയുന്ന രേഖകളും നേരത്തെ പുറത്ത് വന്നിരിക്കുന്നു. 1,10,000 രൂപ ശമ്പളം വാങ്ങുന്നയാള്‍ 86,000 രൂപയ്ക്ക് ജോലിയെടുക്കാന്‍ വന്നത് ത്യാഗമായിട്ടാണ് മന്ത്രി വാഴ്ത്തിയത്. ഇത് വെറും തട്ടിപ്പാണെന്ന് വ്യക്തമാക്കുന്ന രേഖകള്‍ മാതൃഭൂമി ന്യൂസ് പുറത്ത് വിട്ടിരുന്നു.

മന്ത്രിയുടെ ഇതേ വാദം തന്നെയാണ് ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ അബ്ദുള്‍ വഹാബിനുള്ളത്. ഇരുവരും ആവര്‍ത്തിച്ചിരുന്നത് അദീപ് സ്ഥാനം ഏറ്റെടുത്തത് അലവന്‍സ് പോലും വേണ്ടെന്ന് വച്ചയായിരുന്നു. അലവന്‍സ് ചോദിച്ച് അദീപ് അപേക്ഷ നല്‍കിയത് ജോലി കിട്ടി ദിവസങ്ങള്‍ക്കുള്ളിലാണ്.

550 രൂപയാണ് പത്രം വാങ്ങാന്‍ അലവന്‍സായി ചോദിച്ചിരിക്കുന്നത്. 4250 രൂപ വാഹന അലവന്‍സ്, 3000 രൂപ ഫര്‍ണിച്ചര്‍ അലവന്‍സ് തുടങ്ങിയ വലിയ പട്ടികയാണ് അലവന്‍സ് ആവശ്യപ്പെട്ട് അദീപ് നല്‍കിയിരിക്കുന്നത്.