മുംബൈ: കര്‍ഷക സമരത്തിന് പിന്നാലെ റിലയന്‍സ് ജിയോ ഒഴിവാക്കാന്‍ ഉപഭോക്താക്കളുടെ അപേക്ഷകള്‍ കുമിഞ്ഞു കൂടുന്നു. വരിക്കാരില്‍ നിന്ന് പോര്‍ട്ട് ഔട്ട് അപേക്ഷകള്‍ വര്‍ധിച്ചതോടെ വൊഡാഫോണ്‍ ഐഡിയയ്ക്കും ഭാരതി എയര്‍ടെല്ലിനും എതിരെ ജിയോ ട്രായ്ക്ക് പരാതി നല്‍കി. ഇരു കമ്പനികളും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയാണ് എന്നാണ് ജിയോ ട്രായ്ക്ക് അയച്ച കത്തില്‍ പറയുന്നത്.

വരിക്കാര്‍ പോര്‍ട്ട് ഔട്ട് ചെയ്യുന്നത് പരാതികളോ പ്രശ്‌നങ്ങളോ ഇല്ലാതെയാണ്. ജിയോയില്‍ നിന്ന് മൈഗ്രേറ്റ് ചെയ്യുന്നത് കര്‍ഷകര്‍ക്കുള്ള പിന്തുണയാണ് എന്നാണ് പ്രചരിപ്പിക്കുന്നത്. ഇത് ധാര്‍മികമല്ല. റിലയന്‍സിനെതിരെയുള്ള പ്രചാരണത്തില്‍ നേരട്ടോ അല്ലാതെയോ ഈ കമ്പനികള്‍ ഭാഗഭാക്കാക്കുയാണ്- ട്രായ് സെക്രട്ടറി എസ് കെ ഗുപ്തയ്ക്ക് അയച്ച കത്തില്‍ ജിയോ ആരോപിച്ചു.

ഡിസംബര്‍ പത്തിനാണ് കത്തയച്ചിട്ടുള്ളത്. പഞ്ചാബിലും മറ്റു വടക്കന്‍ സംസ്ഥാനങ്ങളിലും ജിയോക്ക് എതിരെ നടന്ന പ്രചാരണത്തിന്റെ ചിത്രങ്ങളും കമ്പനി കത്തിനൊപ്പം നല്‍കിയിട്ടുണ്ട്. വടക്കന്‍ സംസ്ഥാനങ്ങളില്‍ മാത്രം പ്രചാരണം ഒതുങ്ങി നില്‍ക്കുന്നില്ല എന്നും രാജ്യത്തുടനീളം ഇത് വ്യാപിച്ചതായും കത്തില്‍ പറയുന്നുണ്ട്.

അതേസമയം, ആരോപണങ്ങള്‍ ഭാരതി എയര്‍ടെല്‍ തള്ളി. കാല്‍ നൂറ്റാണ്ടായി ടെലികോം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ടെല്‍ വിപണിയില്‍ നന്നായി മത്സരിക്കുകയും ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കാന്‍ പരിശ്രമിക്കുകയും ചെയ്യുന്നുണ്ട്. ടെലികോം മേഖലയിലെ പങ്കാളികളോടും എതിരാളികളോടും മാന്യമായി പെരുമാറുന്നതില്‍ കമ്പനി അഭിമാനിക്കുകയും ചെയ്യുന്നു- എയര്‍ ടെല്‍ വ്യക്തമാക്കി.