മുസ്‌ലിംലീഗ് പ്രസ്ഥാനത്തിന്റെ നേതൃനിരയിലെ പ്രധാനിയായ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുമൊന്നിച്ച് ഗ്രീസ്, സ്‌പെയിന്‍, ഫ്രാന്‍സ് എന്നീ രാഷ്ട്രങ്ങളിലൂടെ നടത്തിയ യാത്രാനുഭവം.

പി.കെ അന്‍വര്‍ നഹ

മാര്‍ച്ച് 1-ന് തിങ്കളാഴ്ച സുബ്ഹി നമസ്‌കാരാനന്തരം ദുബൈയില്‍ നിന്ന് പുറപ്പെട്ട ഞാന്‍ ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ വെച്ചാണ് സാദിഖലി ശിഹാബ് തങ്ങളുമായി കൂട്ട് ചേരുന്നത്. യാത്രാ സൗകര്യങ്ങളൊരുക്കിയ യസ്‌രിബ് ട്രാവല്‍സ് ഉടമ ഷിയാസ് സുല്‍ത്താന്‍, ദുബൈ സുന്നി സെന്റര്‍ അംഗം യൂസുഫ് ഹാജി, എസ്.കെ.എസ്.എസ്.എഫ്. നേതാവ് അബ്ദുല്‍ ഖാദര്‍ ഒളവട്ടൂര്‍, ഫോസ അംഗമായ റഷീദ് കൊണ്ടോട്ടി, സ്‌പെയിനില്‍ ബിസിനസുകാരനായ റഫീഖ് തലശ്ശേരി എന്നിവരും സാദിഖലി ശിഹാബ് തങ്ങളുമൊന്നിച്ചുള്ള യാത്രക്കായി അവിടെയെത്തിയിരുന്നു. രാവിലെ 8 മണിക്കുള്ള ഗള്‍ഫ് എയറിലായിരുന്നു യാത്ര. ഉച്ചക്ക് 2 മണിക്ക് ഗ്രീസിലെത്തി. ഹോട്ടല്‍ ഡോറിക് ഇന്നിലെ വിശ്രമത്തിന് ശേഷം ഓട്ടോമന്‍ രാജാവില്‍ നിന്ന് ഏറ്റെടുക്കുകയും 1834-ല്‍ തുടക്കം കുറിക്കുകയും ചെയ്ത ആധുനിക ഗ്രീസിന്റെ മടിത്തട്ടിലൂടെ സഞ്ചരിച്ചു.

55
ലോകത്താദ്യമായി ജനാധിപത്യം വോട്ടവകാശത്തിലൂടെ സ്ഥാപിച്ച രാജ്യമായ ഗ്രീസിലെ ഭരണാധികാരിയായിരുന്ന അഥീനയെ അവിടുത്തെ ജനങ്ങള്‍ രാജാവും ദൈവവുമായിട്ടാണ് കരുതിപ്പോന്നത്. ക്ലാസിക്കല്‍ കാലഘട്ടത്തില്‍ (ബി.സി-5) ഗ്രീക്കുകാര്‍ക്ക് ഒലീവ്മരം സമര്‍പ്പിച്ചാണ് അധികാരത്തിലേറിയത്. പിതാവ് സോയൂസിനെയും രാജാവും ദൈവവുമായി തന്നെയായാണ് ഗ്രീക്ക് ജനത സ്വീകരിച്ചിരുന്നത്. ചരിത്രത്തില്‍ വീരനായകനായി അറിയപ്പെട്ടിരുന്ന ഹെര്‍ക്കുലീസ് എന്ന അര്‍ദ്ധസഹോദരനും അഥീനക്കുണ്ടായിരുന്നു. അറിവിന്റെ ദേവത എന്നാണ് അഥീനയെ വാഴ്ത്തുന്നത്. സോക്രട്ടീസ്, പ്ലാറ്റോ, അരിസ്റ്റോട്ടില്‍, സുക്കാര്‍തോ തുടങ്ങിയ തത്ത്വശാസ്ത്രജ്ഞന്മാരെയും ചിന്തകരെയും ലോകത്തിന് സംഭാവന നല്‍കിയ ഈ നാട് 15-ാം നൂറ്റാണ്ട് മുതല്‍ 1829 വരെ ഓട്ടോമന്‍ തുര്‍ക്കി രാജാവിന്റെ ഭരണത്തിന്‍ കീഴിലായിരുന്നുവെന്നതിന്റെ പൈതൃകശ്രേണി അതിസൂക്ഷ്മതയോടെ സംരക്ഷിച്ചു വെച്ചിട്ടുണ്ട്. ഈ കാലയളവിലാണ് കോണ്‍സ്റ്റാന്റിനോപ്പിള്‍ തുര്‍ക്കികള്‍ കൈയടക്കിയത്.
ദൈവങ്ങളാല്‍ അലങ്കരിക്കപ്പെട്ട കെട്ടിട സമുച്ചയങ്ങള്‍ മിത്തോളജികളുടെ നാടാണിതെന്ന് വിളിച്ച് പറയുന്നു. ക്രിസ്തുവിന് മുമ്പ് 4000 വര്‍ഷം പഴക്കമുള്ള ഈ നാടിന്റെ സാമ്പത്തിക ശ്രോതസ്സ് ഇന്ന് പ്രധാനമായും കപ്പല്‍ വ്യവസായമാണ്. സംസ്‌കാരങ്ങളുടെ പറുദീസയായ ഗ്രീസില്‍ പ്രാചീനകാലത്തെ പഠിക്കാനുതകുന്ന 32 മ്യൂസിയങ്ങള്‍ നിലകൊള്ളുന്നുണ്ട്. ഇസ്‌ലാമിക് ആര്‍ട്‌സ് മ്യൂസിയം ഇതില്‍ പ്രധാനപ്പെട്ടതാണ്. അക്രോ പോളിസ് ഓഫ് ഏഥന്‍സ്, സെന്റ് പോള്‍സ് മല, പാര്‍തഥിസോണ്‍ എന്നിവയും മനോഹരമാണ്. ഇവയോടൊപ്പം നിറഞ്ഞുനില്‍ക്കുന്ന ഒലീവ്മരങ്ങളും ഗ്രീസിന്റെ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നു. അത്ഭുതകരമായ സാമ്പത്തിക വളര്‍ച്ചയാല്‍ ലോകത്തെ പല പ്രാവശ്യം ഞെട്ടിച്ച (1950-1973 ലും) രാജ്യമാണ് ഗ്രീസ്.

99

1896-ലെ പ്രഥമ ഒളിമ്പിക്‌സ് നടന്നത് ഗ്രീസിലാണ്. ആംഫി തിയറ്റര്‍ പ്രസ്ഥാനത്തിന്റെ ഉത്ഭവവും ഇവിടെതത്തന്നെ. മാരത്തോണിന്റെ പ്രഭവ കേന്ദ്രമായി അറിയപ്പെടുന്ന ഈ രാജ്യമിന്ന് സാമ്പത്തികമായി തകര്‍ന്ന് ലോകത്തിന് മുമ്പില്‍ ഒരു ചോദ്യചിഹ്നമായി മാറിയിട്ടുണ്ടെങ്കിലും സാംസ്‌കാരികമൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നതില്‍ അവര്‍ മുന്‍പന്തിയിലാണ്. ഭൂഗര്‍ഭങ്ങളില്‍ പൗരാണിക ഗ്രാമങ്ങള്‍, ജലാശയങ്ങള്‍, ജലവിതരണ സമ്പ്രദായം, ടോയ്‌ലറ്ററി സിസ്റ്റം തുടങ്ങിയവ ഇന്നുമിവിടെ കാണാന്‍ കഴിയും. ഡോറിക് ട്രൈബുകള്‍, ആര്‍ക്കിടെക്ചറല്‍ അക്രോ പോളിസുകള്‍ കൊണ്ട് സുന്ദരമായ ഈ നഗരത്തില്‍ ബംഗ്ലാദേശികള്‍ നടത്തുന്ന ഇന്ത്യന്‍ റെസ്റ്റോറന്റുകള്‍ ധാരാളമാണ്. മുസ്‌ലിംപള്ളികള്‍ നാമമാത്രമാണെങ്കിലും വളരെ ഭംഗിയായും വൃത്തിയായും നിലനിര്‍ത്തിപ്പോരുന്നുണ്ട്. ഞങ്ങള്‍ താമസിച്ചിരുന്ന ഡോറിക് ഇന്നിന്റെ പിന്‍വശമുള്ള പള്ളിയില്‍ 150 പേര്‍ക്കേ നമസ്‌കരിക്കാന്‍ സൗകര്യമുള്ളു. ബംഗ്ലാദേശുകാരും തുര്‍ക്കികളും പാക്കിസ്താനികളുമുള്‍പ്പെടെ ഞങ്ങള്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളോടൊപ്പം അവിടെ നമസ്‌കരിച്ചു. ജനാധിപത്യത്തിന്റെ കളിത്തൊട്ടിലില്‍ നിന്ന് തന്നെ മെട്രോ റെയില്‍ ജീവനക്കാരുടെ പണിമുടക്കും ഫയര്‍ ഫൈറ്റേഴ്‌സിന്റെ ഡമോണ്‍സ്‌ട്രേഷനും നേരില്‍കണ്ടു. പിന്നീട് മാര്‍ച്ച് 3ന് ചൊവ്വാഴ്ച ഉച്ചക്ക് ഗ്രീസിലെ ഏഥന്‍സ് വിമാനത്താവളത്തില്‍ നിന്ന് സ്‌പെയിനിലേക്ക് പുറപ്പെട്ടു.
മാന്ദ്രിദി (ജനനിബിഢമായ പ്രദേശം) റെയില്‍വെ സ്റ്റേഷനില്‍ നിന്ന് അന്തലൂസിയില്‍പെട്ട സിവിലി എന്ന സ്ഥലത്തേക്ക് അതിവേഗ തീവണ്ടിയില്‍ യാത്രയായി. രണ്ടര മണിക്കൂര്‍ യാത്രക്ക് ശേഷം, രാത്രി 10 മണിക്ക് അവിടെയെത്തി. ടൗണില്‍ അല്‍പം കറങ്ങി. മുസ്‌ലിം രാജവംശത്തിന്റെ സംഭാവനയായ ഒരു മനോഹരമായ പള്ളി സിവിലിയില്‍ കണ്ടു. 1184-ല്‍ പണി കഴിപ്പിച്ചതാണിത്. 1248-ല്‍ ക്രിസ്ത്യാനികള്‍ സ്‌പെയിന്‍ വീണ്ടെടുത്തപ്പോള്‍ ഈ പള്ളി കത്തീഡ്രലാക്കി മാറ്റിയിട്ടുണ്ട്.
പിറ്റേന്ന് രാവിലെ പ്രത്യേക വാഹനത്തില്‍ ചരിത്ര പ്രസിദ്ധമായ കൊര്‍ഡോവയിലേക്ക് പോയി. 8-ാം നൂറ്റാണ്ടില്‍ ഉമവിയ്യാ ഖിലാഫത്തിന്റെ ഭരണത്തിന്‍ കീഴിലായിരുന്നു ഈ പ്രദേശം. താരീഖ് എന്ന സൈന്യാധിപന്‍ മൊറോക്കോ വഴി വന്നാണ് ഭരണം സ്ഥാപിക്കുന്നത്. ജിബ്രാള്‍ട്ടര്‍ വഴി ആഫ്രിക്കയിലൂടെയാണ് ഇന്നത്തെ അന്തലൂസിയയില്‍ അദ്ദേഹം പ്രവേശിച്ചത്. മുസ്‌ലിംകളില്‍ ആകൃഷ്ടരായ ആഫ്രിക്കന്‍ ബര്‍ബേറിയന്‍ ട്രൈബുകളും ഇവരോടൊപ്പം ചേര്‍ന്നിരുന്നു. അബ്ദുറഹിമാന്‍ ഒന്നാമന്റെ വരവോടെയാണ് രാജ്യം സ്ഥാപിതമാവുന്നത്. ക്രിസ്ത്യന്‍ രാജാക്കന്മാരാണ് അതുവരെ സ്‌പെയിന്‍ ഭരിച്ചിരുന്നത്. ആയിരം കൊല്ലം ഭരണം നടത്തിയ അവരിലുണ്ടായ വിഭാഗീയതയാണ് മുസ്‌ലിംഭരണം സ്ഥാപിക്കാന്‍ അവസരമായത്. എന്നാല്‍ ചരിത്രത്തിന്റെ തനിയാവര്‍ത്തനം പിന്നീട് നടന്നു.
ഭരണം നടത്തിയിരുന്ന മുസ്‌ലിം രാജാക്കന്മാരുടെ അധികാര വടംവലിയില്‍ സാമ്രാജ്യം തകര്‍ന്നടിയുകയും സഹോദര രാജാക്കന്മാരെ തോല്‍പ്പിക്കാനായി ക്രൈസ്തവ രാജാക്കന്മാരുമായി സന്ധിയുണ്ടാക്കുകയും ചെയ്തു. അബ്ദുറഹിമാന്‍ മൂന്നാമന്‍ ആദ്യം അമീറായും പിന്നീട് ഖലീഫയായും സ്വയം അവരോധിതനായി. ഉമവിയ്യാ ഖിലാഫത്തിനെ തകര്‍ത്ത് അബ്ബാസിയ്യാ ഖിലാഫത്ത് ബാഗ്ദാദിലെത്തുകയും വടക്കന്‍ ആഫ്രിക്കയില്‍ സ്ഥാപിതമാവുകയും ഈജിപ്ത് കേന്ദ്രമായി ഉയര്‍ന്നുവരികയും ചെയ്ത ഫാത്തിമാ മൂവ്‌മെന്റിലൂടെ അബ്ബാസിയ്യാ ഖിലാഫത്തിനെ ദുര്‍ബലമാക്കുകയും ചെയ്ത സമയത്താണ് ഇദ്ദേഹം സ്വയം ഖലീഫയായി സ്ഥാനമേല്‍ക്കുന്നത്. തുടര്‍ന്ന് വന്ന ഭരണാധികാരികള്‍ ഖലീഫമാരായി.
യൂറോപ്പിന് വിജ്ഞാനത്തിന്റെ വെളിച്ചമേകിയതും നവ്യസംസ്‌കാരം സംഭാവന ചെയ്തതും മുസ്‌ലിംകളാണ്. മുഹമ്മദ് അല്‍ ഖഫാഖിക്ക് സ്പാനിഷ് ജനത ഹിപ്പോക്രാറ്റിന്റെ സ്ഥാനമാണ് ഇപ്പോഴും കല്‍പ്പിക്കുന്നത്. വൈദ്യശാസ്ത്രം, വിദ്യാഭ്യാസം, സാഹിത്യം, സംസ്‌കാരം, കല ഇവയെല്ലാം മുസ്‌ലിംകള്‍ക്കവകാശപ്പെട്ടതാണ്. യൂണിവേഴ്‌സിറ്റികളുടെയും മതപഠനശാലകളുടെയും ശേഷിപ്പുകള്‍ കൊര്‍ഡോവയില്‍ കാണാനാവും. കറന്റില്ലാത്ത കാലത്തുപോലും ടര്‍ബിയന്‍ മാതൃകയിലുള്ള പടുകൂറ്റന്‍ ചക്രങ്ങളുപയോഗിച്ച് വെള്ളം വിതരണം നടത്തിയിരുന്നതിന്റെ അടയാളങ്ങള്‍ ഞങ്ങളെ ആശ്ചര്യപ്പെടുത്തി. യൂറോപ്പിലേക്ക് ശുചിത്വത്തിന്റെ സംസ്‌കാരം വിശിഷ്യാ കുളിയുടെ (ഹമാം കള്‍ച്ചര്‍) സംസ്‌കാരം സമ്മാനിച്ചതിന്റെ ചിഹ്നങ്ങളും അവിടെയുണ്ട്. ഇസ്‌ലാമിന്റെ രംഗപ്രവേശമില്ലായിരുന്നുവെങ്കില്‍ അറിവിന്റെ കലവറ തുറക്കുമായിരുന്നില്ല എന്നത് അംഗീകരിക്കാന്‍ ഇവിടുത്തെ ജനത വൈമനസ്യം കാണിക്കുന്നില്ല.
വിജ്ഞാനത്തിന്റെ മുഴുവന്‍ പ്രകാശരശ്മികളും പ്രസരിച്ചത് മുസ്‌ലിം സ്‌പെയിനിലൂടെയായിരുന്നെന്ന് യൂറോപ്പില്‍ നിന്ന് വായിച്ചെടുക്കാന്‍ കഴിയും. കൊര്‍ഡോവയില്‍ മുസ്‌ലിംകള്‍ സ്ഥാപിച്ച പൗരാണിക പള്ളിയില്‍ പതിനായിരങ്ങള്‍ക്ക് പ്രാര്‍ത്ഥന നടത്താന്‍ സൗകര്യമുണ്ട്. പ്രത്യേക ആര്‍ച്ചുകള്‍ നിര്‍മിച്ചാണ് അതിലെ ശബ്ദതരംഗം ക്രമീകരിച്ചിരിക്കുന്നത്. മൈക്ക്, ആംപ്ലിഫെയര്‍ സൗകര്യങ്ങളില്ലാത്ത കാലത്ത് ഖുതുബയടക്കമുള്ള പ്രാര്‍ത്ഥനാ കാര്യങ്ങള്‍ പള്ളിയുടെ എല്ലാ ഭാഗങ്ങളിലും ലഭ്യമാകത്തക്ക രീതിയിലാണ് ഇതിന്റെ ഘടനയെന്നത് മറ്റൊരു പ്രത്യേകതയാണ്. 11-ാം നൂറ്റാണ്ടോട് കൂടിയാണ് കൊര്‍ഡോവ മുസ്‌ലിംകള്‍ക്ക് നഷ്ടമാവുന്നത്. ഇസബല്ലയും ഫര്‍ണാന്റേ രാജാവുമാണ് പിന്നീടിവിടെ ഭരണം നടത്തുന്നത്. പ്രാചീനകാലം തൊട്ട് തന്നെ മനുഷ്യവാസമുണ്ടെന്നും അതൊരു സൈബീരിയന്‍ സംസ്‌കാരത്തിന്റെ ഉറവിടമാണെന്നുമാണ് കണ്ടെത്തല്‍. ഈ സൈബീരിയന്‍ സംസ്‌കാരത്തിന്റെ ഭൂമികയില്‍ ഇന്നും അന്തലൂസിയന്‍ സംസ്‌കാരം തലയെടുപ്പോടെ ഇഴുകിച്ചേര്‍ന്നിട്ടുണ്ട്. സ്‌പെയിനിന്റെ പ്രധാന സാമ്പത്തിക സ്രോതസ്സുകളിലൊന്ന് കാര്‍ഷികരംഗമാണ്. ഇപ്പോള്‍ ഒലീവ് മരങ്ങളില്‍ നിന്നും ബില്യന്‍ കണക്കില്‍ യൂറോ വാര്‍ഷിക വരുമാനം ലഭിക്കുന്നുണ്ടെന്നാണ് യാഥാര്‍ത്ഥ്യം. ലോകത്തിലെ 50 ശതമാനം ഉത്പാദനവും നടക്കുന്നത് ഇവിടെയാണ്. മുസ്‌ലിം സ്‌പെയിനിന്റെ സംഭാവനയാണ് അന്തലൂസിയന്‍ സംസ്‌കാരം.
പിന്നീട് നസ്‌റീന്‍ രാജവംശത്തിന്റെ ആസ്ഥാനമായ ഗ്രാനഡയിലേക്ക് തീവണ്ടിമാര്‍ഗം യാത്രയായി. കൊര്‍ഡോവ ഇസബല്ല രാജ്ഞിയുടെ അധീനതയില്‍ വന്നപ്പോള്‍ അവശേഷിച്ച മുസ്‌ലിം ഭരണാധികാരികള്‍ സ്ഥാപിച്ച ഭരണകൂടമാണിത്. 1236-ലാണിത് സ്ഥാപിതമാവുന്നത്. ആയിരക്കണക്കിന് കിലോമീറ്ററുകള്‍ പരന്നുകിടക്കുന്ന ഒലീവ് മരങ്ങള്‍ പ്രത്യേകം ആകര്‍ഷണീയമാണ്. ഗ്രാനഡയിലെത്തുന്നതിന് 100 കിലോമീറ്റര്‍ മുമ്പ് ട്രെയിന്‍ നിര്‍ത്തിയിട്ടു. റെയില്‍വെ തയ്യാറാക്കിയ ബസ്സിലേക്ക് യാത്രക്കാരെ കയറ്റി ഗ്രാനഡയെ ലക്ഷ്യമാക്കി നീങ്ങി. 500 വര്‍ഷം പഴക്കമുള്ള യൂണിവേഴ്‌സിറ്റിയുണ്ടിവിടെ. ഗ്രാനഡ യൂണിവേഴ്‌സിറ്റിയിലെ നോഹയെന്ന വിദ്യാര്‍ത്ഥിനിയുടെയും കൂട്ടുകാരുടെയും സഹായം ലഭിച്ചത് പ്രത്യേകമോര്‍ക്കുന്നു.
‘വലാ ഗാലിബ് ഇല്ലല്ലാഹ്’ (വിജയം അല്ലാഹുവിന്റേത് മാത്രം) എന്ന രാജകീയ മുദ്രാവാക്യത്താല്‍ അലംകൃതമാണ് അല്‍ഹംറ കൊട്ടാര സമുച്ചയം. ഇത്തരത്തില്‍ നിരവധി കൊട്ടാരങ്ങള്‍ ഗ്രാനഡയെ മനോഹരമാക്കിയിട്ടുണ്ട്. ഫലവൃക്ഷങ്ങളടങ്ങുന്ന ഉദ്യാനങ്ങള്‍, സ്വര്‍ഗത്തോപ്പുകള്‍, മലമുകളില്‍ നിന്ന് ഗ്രാവിറ്റി വഴി വെള്ളം കൊണ്ടുവരുന്ന വാട്ടര്‍ സിസ്റ്റം, വിസ്മയിപ്പിക്കുന്ന സാങ്കേതികവിദ്യയിലൂടെ നടപ്പാക്കിയ ഒട്ടനവധി സംവിധാനങ്ങള്‍, മട്ടുപ്പാവില്‍ ഹിറാഗുഹയുടെ ഓര്‍മ്മപ്പെടുത്തലുകളുമായി അല്‍ഹംറ കൊട്ടാരത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഇന്റീരിയര്‍ ഡക്കറേഷനുകള്‍ എല്ലാം കണ്ടു. രാജകീയപദവിയെ ചൊല്ലി ബാപ്പയും മകനും തമ്മിലുണ്ടായ കുടുംബ പോര് നസ്‌റീന്‍ രാജവംശത്തിന്റെ പതനത്തിന് കാരണമായി. മൂന്ന് ദിവസം കൊണ്ട് മുസ്‌ലിംകള്‍ പിടിച്ചടക്കിയ അന്തലൂസിയ 600 വര്‍ഷം (1492-ല്‍) കഴിഞ്ഞാണ് ക്രിസ്ത്യാനികള്‍ മുസ്‌ലിംകളില്‍ നിന്ന് വീണ്ടെടുത്തത്.
സപരമായി ഉന്നതിയിലെത്തിയവര്‍ മൊറോക്കോയിലേക്കും മറ്റും കുടിയേറി. സാധാരണക്കാരായവരെ 150 വര്‍ഷങ്ങളോളം ഇന്‍ക്വിസിഷന്‍ എന്ന കാടത്തനിയമത്തിലൂടെ ജീവിതം വഴിമുട്ടിക്കുകയും മറ്റൊരു മതവിശ്വാസത്തിലെത്തിക്കുകയും കാലാന്തരത്തില്‍ തദ്ദേശീയ മുസ്‌ലിംകളെ കാണാന്‍ കഴിയാത്തവിധം ക്രൈസ്തവവല്‍ക്കരിക്കുകയും ചെയ്തു. ഗ്രാനഡയുടെ താക്കോല്‍ ഇസബല്ല രാജ്ഞിയെ ഏല്‍പിക്കുമ്പോള്‍ നസ്‌റീന്‍ രാജവംശത്തിലെ ഭരണാധികാരി മുസ്‌ലിംകള്‍ക്കവരുടെ മതസ്വാതന്ത്ര്യം നിലനിര്‍ത്തണമെന്ന് കരാര്‍ ഒപ്പിട്ടിരുന്നു. ഇത് ലംഘിച്ചാണ് ഇന്‍ക്വിസിഷന്‍ എന്ന ശിക്ഷാനടപടിയേര്‍പ്പെടുത്തിയത്. എന്നാലും ഈ രാജ്യം ഇസ്‌ലാമിക സംസ്‌കാരത്തിന്റെ സംഭാവനയായ മൂല്യങ്ങളും ഭാഷയും സംസ്‌കാരവും ചിഹ്നങ്ങളും അടയാളങ്ങളും കാത്തുസൂക്ഷിക്കുന്നുണ്ട്. ഗ്രാനഡയുടെ പതനത്തിന് ശേഷമാണ് ഇസബല്ല രാജ്ഞി ഇന്ത്യ കണ്ടെത്താനുള്ള യാത്രക്ക് കൊളംബസിന് സഹായമനുവദിച്ചതെന്ന കാര്യവും ഓര്‍മിക്കേണ്ട വിഷയമാണ്. മുസ്‌ലിംഭരണത്തിന്‍ കീഴില്‍ സാമ്പത്തികാവൃദ്ധി കൈവരിച്ച രാജ്യത്തെ ഭരണമേറ്റെടുത്ത് ഒന്നാം വര്‍ഷം തന്നെ ഈ അനുമതിയുണ്ടാവുന്നത് എന്നത് അത്ഭുതാവഹമാണ്.
ഗ്രാനഡയില്‍ നിന്ന് വീണ്ടും മാന്‍ദ്രിദിയിലേക്കായിരുന്നു യാത്ര. ഫുട്‌ബോളിന്റെ ഈറ്റില്ലമായി അറിയപ്പെടുന്ന ലോകപ്രശസ്ത ക്ലബായ റിയല്‍മാന്‍ദ്രി സന്ദര്‍ശിച്ചു. ഹോം ഗ്രൗണ്ടായ സാന്തിയാഗോ ബര്‍ണബോ സ്റ്റേഡിയത്തില്‍ 4 മണിക്കൂര്‍ ചെലവഴിച്ചു. ഫുട്‌ബോളിന്റെ മുഴുവന്‍ കാഴ്ചകളും മ്യൂസിയത്തിലെന്നപോലെ കണ്‍കുളിര്‍ക്കെ കണ്ടു. ഫുട്‌ബോളൊരു കായിക വിനോദവും കലയും സംസ്‌കാരവുമാണെന്നുള്ള തിരിച്ചറിവുണ്ടാക്കുന്നതാണ് റിയല്‍ മാന്‍ദ്രിദിയിലെ ചരിത്ര പശ്ചാത്തലാവിഷ്‌കാരം. സാദിഖലി ശിഹാബ് തങ്ങളുടെ ഫുട്‌ബോള്‍ കമ്പം ഇവിടെ പ്രത്യക്ഷമായി. അദ്ദേഹത്തില്‍ ഒളിഞ്ഞുകിടക്കുന്ന ഫുട്‌ബോള്‍ താല്‍പര്യവും ഇവിടെ നടത്തിയ മോക് പത്രസമ്മേളനത്തില്‍ പ്രകടമായി.
തുടര്‍ന്ന് വിപ്ലവങ്ങളുടെ നാടായ ഫ്രാന്‍സിലേക്കാണ് പോയത്. അത്ഭുതങ്ങളിലൊന്നായ ഈഫല്‍ ടവര്‍ ഇവിടെ സന്ദര്‍ശനത്തിനെത്തുന്നവരെ സ്വാഗതം ചെയ്യാനായി ശിരസ്സുയര്‍ത്തി നില്‍ക്കുന്നുണ്ട്. വിജ്ഞാനത്തിന്റെ കലവറയും വരകളുടെ ലോകവുമായ 1793-ല്‍ പണികഴിപ്പിച്ച ലൂവര്‍ മ്യൂസിയം നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിന്റെ ശരീരാവശിഷ്ടങ്ങള്‍ 20 വര്‍ഷങ്ങള്‍ക്ക് പിറകെ എതിരാളികള്‍ കൊണ്ടുവന്ന് സൂക്ഷിച്ചുവെച്ചത് അദ്ദേഹത്തോടുള്ള ആദരവിനെ സൂചിപ്പിക്കുന്നു. ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന ലോകത്തിലെ രണ്ടാമത്തെ മ്യൂസിയമാണിത്.
ഗോഥിക്, റോമന്‍, ക്ലാസിക് ആര്‍ക്കിടെക്ച്ചര്‍ നിറഞ്ഞുനില്‍ക്കുന്ന കെട്ടിട സമുച്ഛയങ്ങളാല്‍ സമൃദ്ധമാണ് വിശാലമായ പാരീസ് നഗരം. ഒപേരകളുടെയും തിയേറ്റര്‍ പ്രസ്ഥാനങ്ങളുടെയും ഉയര്‍ന്ന സാംസ്‌കാരിക ജീവിതം പുലര്‍ത്തുന്നവരുടെയും നാടായി അറിയപ്പെട്ടിരുന്ന ഈ നഗരമിപ്പോള്‍ ഫാഷന്‍ നഗരമായി. നേരത്തെയുണ്ടായിരുന്ന പ്രൗഢിയും പ്രതാപവുമെല്ലാം അധഃപതിച്ചതിന്റെ അടയാളങ്ങള്‍ അവശേഷിക്കുന്നുണ്ട്. റിച്ച്‌മോന്‍ട് ഒപേരയിലെ താമസത്തിനിടയില്‍ കിട്ടിയ സമയം നാട് ചുറ്റിക്കാണാന്‍ സഹായിച്ച കാസര്‍കോടുകാരന്‍ മുഹമ്മദിനെ സാദിഖലി തങ്ങള്‍ ഒരു ചുമതല കൂടി ഏല്‍പ്പിച്ചു. അവിടെയും കെ.എം.സി.സിക്ക് രൂപം നല്‍കാനായിരുന്നു അത്.
പര്യടനം പൂര്‍ത്തിയാക്കി ഞാന്‍ ദുബൈയിലേക്കും മറ്റുള്ളവര്‍ അവരുടെ ലാവണങ്ങളിലേക്കും തിരിക്കുമ്പോള്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളില്‍ അന്തര്‍ലീനമായിക്കിടന്നിരുന്ന ചരിത്രാവബോധം വലിയൊരു മുതല്‍ക്കൂട്ടായി ഞങ്ങള്‍ക്ക് അനുഭവപ്പെട്ടു. വിമാനത്തിലും ട്രെയിനിലും ബസിലും മറ്റു വാഹനങ്ങളിലും ഹോട്ടലുകളിലും എന്തിന് കാല്‍നടയില്‍ പോലും കിട്ടിയ സമയം ചരിത്രാന്വേഷണത്തിനായി ഞങ്ങളുപയോഗപ്പെടുത്തി.