ഭോപ്പാല്‍: കാര്‍ഷിക ലോണുകള്‍ എഴുതിത്തള്ളണമെന്നും കാര്‍ഷിക വിഭവങ്ങള്‍ക്ക് ഉയര്‍ന്ന വില ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് മധ്യപ്രദേശില്‍ പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ജ്യോതിരാദിത്യ സിന്ധ്യ 72 മണിക്കൂര്‍ സത്യഗ്രഹം ആരംഭിച്ചു.

പൊലീസ് വെടിവെപ്പില്‍ ആറു പേര്‍ കൊല്ലപ്പെട്ട മന്ദ്‌സോര്‍ സന്ദര്‍ശിക്കാന്‍ ശ്രമിച്ച ഗുണയില്‍ നിന്നുള്ള എം.പിയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്്റ്റ് ചെയ്തു തടഞ്ഞിരുന്നു. പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന കര്‍ഷകര്‍ക്ക് പരിഹാരം തേടിയാണ് തന്റെ സത്യഗ്രഹമെന്ന് പറഞ്ഞ സിന്ധ്യ സംസ്ഥാന സര്‍ക്കാര്‍ കര്‍ഷക താല്‍പര്യം സംരക്ഷിക്കുന്നതില്‍ സമ്പൂര്‍ണമായി പരാജയപ്പെട്ടതായും ആരോപിച്ചു. ജനങ്ങളുടെ ജീവന് സംരക്ഷണം നല്‍കാന്‍ സര്‍ക്കാറുകള്‍ക്ക് കടമയുണ്ട്. കര്‍ഷകരുടെ ആവശ്യങ്ങള്‍ക്കു വേണ്ടി കോണ്‍ഗ്രസ് ദീര്‍ഘകാലമായി പൊരുതുന്നുണ്ട്. പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ പരിഹാരത്തിനായി ഗാന്ധി പിന്തുടര്‍ന്ന അഹിംസാ മാര്‍ഗമാണ് സത്യഗ്രഹമെന്നും അതാണ് തങ്ങളും പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. 14 വര്‍ഷമായി കര്‍ഷകര്‍ക്കു വേണ്ടി ഏറെ ചെയ്തുവെന്നാണ് ശിവരാജ് സിങ് ചൗഹാന്‍ പറയുന്നത്. ഇത് തെറ്റാണെന്ന് തെളിയിക്കുന്നതാണ് സംസ്ഥാനത്തെ കര്‍ഷക ആത്മഹത്യയും കര്‍ഷക പ്രക്ഷോഭവും. കര്‍ഷകര്‍ക്ക് ആവശ്യമായ എല്ലാ സാധനങ്ങളുടേയും വില വര്‍ധിക്കുമ്പോള്‍ കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് വില ലഭിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായ സമയത്ത് 72000 കോടി രൂപയുടെ കാര്‍ഷിക ലോണുകള്‍ എഴുതിത്തള്ളിയത് ആരുടേയും പ്രക്ഷോഭങ്ങളില്ലാതെയായിരുന്നെന്നും എന്നാല്‍ മധ്യപ്രദേശ് സര്‍ക്കാര്‍ കര്‍ഷകരുടെ ജീവനേക്കാളും പണത്തിനാണ് വില കല്‍പിക്കുന്നതെന്നും സിന്ധ്യ പറഞ്ഞു. ഓരോ വര്‍ഷവും 12000 കര്‍ഷകരാണ് രാജ്യത്ത് ആത്മഹത്യ ചെയ്യുന്നത്. മധ്യപ്രദേശില്‍ കര്‍ഷക ആത്മഹത്യകളുടെ എണ്ണം പേടിപ്പെടുത്തുന്നതാണ്. എന്നിട്ടും സര്‍ക്കാര്‍ ഇതിനെതിരെ ഒന്നും ചെയ്യുന്നില്ല. സര്‍ക്കാര്‍ തന്നെ ജനങ്ങളെ വെടിവെച്ചു കൊല്ലുമ്പോള്‍ മുഖ്യമന്ത്രി നിരാഹാരം കിടക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. മുഖ്യമന്ത്രി ജനങ്ങള്‍ക്കു മുന്നില്‍ തമാശകാണിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.