ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ കൈരാനയും മഹാരാഷ്ട്രയിലെ പല്‍ഘറുമടക്കമുള്ള നാല് ലോക്‌സഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പുകളുടെ ഫലം ഇന്നറിയാം.

കൈരാനയില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ പ്രതിപക്ഷ കക്ഷികള്‍ ഒത്തുചേര്‍ന്ന സാഹചര്യമാണ് ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ അണിനിരക്കാനുള്ള പ്രതിപക്ഷത്തിന്റെ കരുത്താണ് കൈരാന.

വോട്ടെണ്ണല്‍ തുടങ്ങിയ കൈരാനയില്‍ ബി.ജെ.പിക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ നിര്‍ത്തിയ പൊതുസ്ഥാനാര്‍ഥി തബസും ഹസന്‍ ആദ്യഘട്ടത്തില്‍ മുന്നിലായിരുന്നു. എന്നാല്‍ ആര്‍.എല്‍.ഡിയെ പിന്നിലാക്കി ബി.ജെ.പി മുന്നിലായതായാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. വെറും 46 വോട്ടുകളുടെ നേരിയ മുന്‍തൂക്കം മാത്രമാണ് ബി.ജെ.പിക്കുള്ളത്.

ബി.ജെ.പി എം.പിയായിരുന്ന ഹുക്കും സിങ് കഴിഞ്ഞ ഫെബ്രുവരിയില്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഗോരഖ്പുര്‍, ഫുല്‍പുര്‍ മണ്ഡലങ്ങളില്‍ മുമ്പ് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി പരാജയപ്പെട്ടിരുന്നു. ഇതിന്റെ ക്ഷീണം മറികടക്കാന്‍ ബി.ജെ.പിക്ക് കൈരാനയില്‍ വിജയിച്ചേ മതിയാകു. വിജയിച്ചാല്‍ 2019ല്‍ നടക്കാന്‍ പോകുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ആത്മവിശ്വാസം വര്‍ധിക്കും.