കാന്‍പുര്‍: ഉത്തര്‍പ്രദേശിലെ കാന്‍പുരില്‍ മൂന്നു യുവാക്കള്‍ കൂട്ടബലാത്സംഗം ചെയ്ത പതിമൂന്നുകാരിയുടെ പിതാവ് ദുരൂഹ സാഹചര്യത്തില്‍ ട്രക്ക് ഇടിച്ചു മരിച്ച നിലയില്‍. ബുധനാഴ്ച രാവിലെ പെണ്‍കുട്ടിയുടെ വൈദ്യ പരിശോധനയ്ക്കിടെ ചായ കുടിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടമെന്ന് ബന്ധുക്കള്‍ മൊഴി നല്‍കി. സംഭവസ്ഥലത്തുനിന്നു കടന്ന ഡ്രൈവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയെന്നും അപകട മരണത്തിനു കേസെടുത്തെന്നും കാന്‍പുര്‍ പൊലീസ് അറിയിച്ചു. സംഭവം കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ ആരോപണം.

പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി ഗോലു യാദവ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. കനൗജിലെ സബ് ഇന്‍സ്‌പെക്ടറുടെ മകനാണ് ഇയാള്‍.

ഗോലു യാദവിനും കൂട്ടാളികള്‍ക്കുമെതിരെ പരാതി നല്‍കിയതിന് മാനസികമായി പീഡിപ്പിക്കുന്നെന്നും ഭീഷണിപ്പെടുത്തുന്നെന്നും പെണ്‍കുട്ടിയുടെ പിതാവും ബന്ധുക്കളും നേരത്തേ ആരോപിച്ചിരുന്നു. എന്റെ അച്ഛന്‍ ഒരു സബ് ഇന്‍സ്‌പെകടറാണെന്നു മറക്കരുതെന്നു ഗോലുവിന്റെ മൂത്ത സഹോദരന്‍ ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നു.

പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍, ലൈംഗിക പീഡനത്തിനും ക്രിമിനല്‍ ഗൂഢാലോചനയ്ക്കും കേസെടുത്തിട്ടുണ്ടെന്നു പറഞ്ഞ കാന്‍പുര്‍ പൊലീസ് മേധാവി, പിതാവിന്റെ ദുരൂഹമരണം അന്വേഷിക്കുമെന്നും അറിയിച്ചു.