കാസര്‍കോഡ്: ശബരിമല യുവതി പ്രവേശനത്തിനെതിരെ ഈ മാസം മൂന്നിന് സംഘപരിവാര്‍ നടത്തിയ ഹര്‍ത്താലിനിടെ ബായാര്‍ സ്വദേശി കരിം മുസ്‌ലിയാരെ ആക്രമിച്ചതിനു പിന്നില്‍ വര്‍ഗീയ കലാപത്തിനുള്ള ആസൂത്രിതമായ നീക്കമായിരുന്നുവെന്ന് ആരോപണം. കാസര്‍കോഡ് ചൂരിയില്‍ ആര്‍.എസ്.എസ് വെട്ടികൊലപ്പെടുത്തിയ റിയാസ് മൗലവിയുടെ തുടര്‍ച്ചയാണ് കരിം മുസ്‌ലിയാര്‍ക്കു നേരെയും ഉണ്ടായതെന്ന് മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറി കമറുദ്ദീന്‍ പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഞ്ചേശ്വരത്ത് ജനങ്ങളെ വര്‍ഗീയമായി വിഭജിച്ച് കലാപമുണ്ടാക്കാനാണ് ആര്‍എസ്എസ് ശ്രമമെന്നും അക്രമത്തിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും കമറുദ്ദീന്‍ പറഞ്ഞു.
ഹര്‍ത്താലിനിടെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ നിരപരാധികള്‍ക്കു നേരെ അക്രമം അടിച്ചുവിടുമ്പോള്‍ പൊലീസ് നിഷ്‌ക്രിയരായി നോക്കി നിന്നെന്നും സംഘപരിവാര്‍ അനുകൂല നിലപാട് സ്വീകരിക്കുന്ന പൊലീസാണ് അക്രമികള്‍ക്ക് അഴിഞ്ഞാടാന്‍ അവസരം നല്‍കുന്നതെന്നും കമറുദ്ദീന്‍ പറഞ്ഞു.
അമ്പതോളം പേരടങ്ങുന്ന ആര്‍എസ്എസ് സംഘം മാരകായുധങ്ങള്‍ ഉപയോഗിച്ച് കരിം മുസ്‌ലിയാരെ ആക്രമിക്കുകയായിരുന്നു. തലക്കും നെഞ്ചിലും ഗുരുതരമായി പരിക്കേറ്റ കരീം മുസ്‌ലിയാര്‍ മംഗലാപുരം യൂനിറ്റി ആസ്പത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.