ഐഎസ്എലില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ്-ചെന്നൈയിന്‍ എഫ്‌സി മത്സരം സമനിലയില്‍. മത്സരത്തില്‍ ഇരുടീമിനും ഗോള്‍ നേടാനായില്ല. മികച്ച പ്രകടനമാണ് ഇരുടീമുകളും പുറത്തെടുത്തത്. രണ്ട് ടീമിലെയും ഗോള്‍ കീപ്പര്‍മാരും തിളങ്ങി.

ഇതോടെ ബ്ലാസ്റ്റേഴ്‌സിന് മൂന്ന് കളിയില്‍ രണ്ട് പോയിന്റായി. ഏഴാം സ്ഥാനത്താണ് ടീമിന്റെ നില.

അതേ സമയം ചെന്നൈക്കു കിട്ടിയ പെനാല്‍ട്ടി ഗോളാക്കാതെ തടുത്തിട്ട കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍കീപ്പര്‍ ആല്‍ബിനോ ഗോമസാണു താരം. ചെന്നൈയിന്‍ താരം യാക്കൂബ് സില്‍വസ്റ്ററെടുത്ത കിക്കാണ് ഗോമസ് തടഞ്ഞിട്ടത്.

74–ാം മിനിറ്റിൽ ചെന്നൈയിൻ താരം ക്രിവെല്ലാരോയെ സിഡോഞ്ച ബ്ലാസ്റ്റേഴ്സ് ബോക്സിനുള്ളിൽ വീഴ്ത്തിയതിന് ലഭിച്ച പെനൽറ്റിയാണ് ആൽബിനോ ഗോമസ് രക്ഷപ്പെടുത്തിയത്. യാക്കൂബ് സിൽവസ്റ്റർ പോസ്റ്റിന്റെ ഇടതുഭാഗത്തേക്ക് തൊടുത്ത ഷോട്ട് കൃത്യമായ കണക്കുകൂട്ടലോടെ മുഴുനീളെ ഡൈവ് ചെയ്താണ് ആൽബിനോ ഗോമസ് രക്ഷപ്പെടുത്തിയത്.