ബംബോലിം: ഐഎസ്എല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ ബെംഗളൂരു എഫ്.സിയെ തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്‍ജുറി ടൈമിന്റെ നാലാം മിനിറ്റില്‍ രാഹുല്‍ കെ.പിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ വിജയ ഗോള്‍ നേടിയത്. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ജയം.

തുടര്‍ച്ചയായ ആറാം മത്സരത്തിലാണ് ബെംഗളൂരുവിന് ജയമില്ലാതെ പോകുന്നത്. അതില്‍ അഞ്ചിലും തോല്‍വിയായിരുന്നു ഫലം.

24ാം മിനിറ്റില്‍ ക്ലെയ്റ്റന്‍ സില്‍വയിലൂടെ ബെംഗളൂരുവാണ് ആദ്യം മുന്നിലെത്തിയത്. കേരളം സമനില ഗോളിനായി ശ്രമിക്കുന്നതിനിടെ 73ാം മിനിറ്റിലാണ് ലാല്‍തംഗയുടെ ഗോള്‍ വരുന്നത്.

തുടര്‍ന്ന് ഇന്‍ജുറി ടൈമില്‍ ഗോളന്നുറച്ച രണ്ട് അവസരങ്ങള്‍ ബെംഗളൂരു നഷ്ടപ്പെടുത്തിയ ശേഷമായിരുന്നു രാഹുലിലൂടെ ബ്ലാസ്റ്റേഴ്‌സിന്റെ വിജയഗോള്‍. ബ്ലാസ്റ്റേഴ്‌സിന്റെ ബോക്‌സിലെ ബെംഗളൂരുവിന്റെ ആക്രമണത്തിനൊടുവില്‍ പന്ത് ലഭിച്ച രാഹുല്‍ ഒറ്റയ്ക്ക് മുന്നേറി ഗുര്‍പ്രീതിന് യാതൊരു അവസരവും നല്‍കാതെ പന്ത് വലയിലെത്തിക്കുകയായിരുന്നു