ആലപ്പുഴ: കേരളത്തിലെ ആദ്യത്തെ മൊബൈല്‍ ഫോണ്‍ വിളിക്ക് നാളെ 24 വയസ്സ് തികയും. 1996 സെപ്റ്റംബര്‍ 17 നായിരുന്നു ആ ഫോണ്‍ വിളി. എറണാകുളം ഹോട്ടല്‍ അവന്യു റീജന്റില്‍ വെച്ച് മലയാളത്തിന്റെ വിശ്വസാഹിത്യകാരന്‍ തകഴി ശിവശങ്കരപ്പിള്ള ദക്ഷിണമേഖലാ നാവികസേനാ മേധാവി വൈസ് അഡ്മിറല്‍ ടാന്‍ഡനെ മൊബൈല്‍ ഫോണിലൂടെ സംസാരിച്ചതാണ് കേരളത്തിലെ ആദ്യത്തെ മൊബൈല്‍ ഫോണ്‍ വിളി. തകഴിക്കു പിന്നാലെ മാധവിക്കുട്ടിയുമായും ടാന്‍ഡന്‍ മൊബൈലില്‍ സംസാരിച്ചിരുന്നു.

കേരളത്തിലാദ്യമായി മൊബൈല്‍ സേവനം തുടങ്ങിയത് എസ്‌കോടെല്‍ ആണ്. ഇന്ത്യയിലെ എസ്‌കോര്‍ട്‌സ് ഗ്രൂപ്പിന്റെയും ഹോങ്കോങ്ങിലെ ഫസ്റ്റ് പസഫിക് കമ്പനി ലിമിറ്റഡിന്റെയും സംയുക്ത സംരംഭം. സെപ്റ്റംബറില്‍ ഉദ്ഘാടനം കഴിഞ്ഞെങ്കിലും ഒക്ടോബറിലാണ് എസ്‌കോടെല്‍ സേവനം ആരംഭിച്ചത്. അക്കൊല്ലം തന്നെ ബിപിഎല്‍ മൊബൈലും കേരളത്തിലെത്തി. എസ്‌കോടെലിനെ പില്‍ക്കാലത്ത് ഐഡിയ ഏറ്റെടുത്തു.

ആദ്യകാലത്ത് ഇന്‍കമിങ് കോളുകള്‍ക്കു നിരക്ക് ഈടാക്കിയിരുന്നു. ഔട്‌ഗോയിങ് കോളുകള്‍ക്ക് മിനിട്ടിന് 16 രൂപയും ഇന്‍കമിങ് കോളുകള്‍ക്ക് 8 രൂപയുമായിരുന്നു നിരക്ക്. 2003 ല്‍ ഇന്‍കമിങ് കോളുകള്‍ സൗജന്യമാക്കി. ഇപ്പോള്‍ ഡേറ്റ അധിഷ്ഠിത പ്ലാനുകള്‍ക്കു സൗജന്യ കോള്‍ സംവിധാനമായി. നിലവില്‍, നാലരക്കോടിയോളം കണക്ഷന്‍ കേരളത്തിലുണ്ടെന്നാണ് കണക്ക്.