കോഴിക്കോട്:ലെഫ് ഭവന പദ്ധതി വഴി വീട് നിര്‍മ്മിക്കാന്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നത് ലക്ഷങ്ങള്‍. പത്ത് വര്‍ഷം മുമ്പ് വരെ അപേക്ഷ നല്‍കി കാത്തിരിക്കുന്നവരുണ്ട്. അപേക്ഷ പരിഗണിച്ചുവെന്ന് പറയുന്നതല്ലാതെ കൃത്യമായ മറുപടി പോലും പലര്‍ക്കും ‘ ലഭിക്കുന്നില്ല. അടച്ചുറപ്പില്ലാത്ത ഷെഡുകളില്‍ താമസിക്കുന്നവരാണ് അപേക്ഷകരില്‍ പലരും. കാലവര്‍ഷ കെടുതി നേരിടുന്ന ഈ സമയം ഇവര്‍ക്ക് പ്രയാസമേറിയതാണ്. കോഴിക്കോട്

ജില്ലയില്‍ 70 പഞ്ചായത്തുകള്‍, 7 മുനിസിപ്പാലിറ്റികള്‍, കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലായി അര ലക്ഷത്തിനു മുകളില്‍ പേരാണ് വീടിനായി കാത്തിരിക്കുന്നത്. എഴുപത് ഗ്രാമ പഞ്ചായത്തുകളിലായി 36116 പേരാണ് പദ്ധതിക്കായി അപേക്ഷിച്ചിട്ടുള്ളത്. ഏഴ് മുനിസിപ്പാലിറ്റികളിലായി അപേക്ഷരുടെ എണ്ണം 2615 ആണ്. കോഴിക്കോട് കോര്‍പറേഷനില്‍ കാത്തിരിക്കുന്ന അപേക്ഷകരുടെ എണ്ണം 2296 ആണ്. ഭൂമിയില്ലാത്ത അപേക്ഷകരുടെ എണ്ണം പന്ത്രണ്ടായിരത്തോളം വരും. അഞ്ച് പഞ്ചായത്തുകളിലാണ് ജില്ലയില്‍ ലൈഫ് പദ്ധതി പൂര്‍ത്തീകരിച്ചത്. അഴിയൂര്‍, ചെക്യാട്, ഒഞ്ചിയം, കിഴക്കോത്ത്, കുന്നുമ്മല്‍ പഞ്ചായത്തുകളാണ് പദ്ധതി പൂര്‍ത്തീകരിച്ചത്.

32 പഞ്ചായത്തുകളില്‍ തൊണ്ണൂറ് ശതമാനത്തിനു മുകളില്‍ പദ്ധതി പൂര്‍ത്തീകരിച്ചിട്ടുണ്ട്. എഴുപത് ശതമാനത്തില്‍ കുറവ് പൂര്‍ത്തീകരിച്ച പഞ്ചായത്തുക്കളും ഏറെയുണ്ട്. ഇതേ അവസ്ഥയാണ് മറ്റ് ജില്ലകളിലുമുള്ളത്. സംസ്ഥാന സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിക്കുന്നുണ്ടെങ്കിലും ചെറിയ ഒരു ശതമാനം പേര്‍ക്ക് മാത്രമാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ വീട് ലഭിച്ചതെന്നാണ് വാസ്തവം.

പണം അനുവദിച്ചു കിട്ടുന്നതിനുള്‍പ്പെടെ സാങ്കേതിക തടസ്സങ്ങള്‍ വിലങ്ങാവുകയാണ്. പദ്ധതിയുടെ മാനദണ്ഡങ്ങള്‍ തന്നെ പലപ്പോഴും പാലിക്കപ്പെടുന്നില്ല എന്നും ആക്ഷേപമുയരുന്നുണ്ട്. ഷെഡില്‍ താമസിക്കുന്നവര്‍ക്ക് വീട് അനുവദിക്കുന്നതില്‍ മുന്‍ഗണനയുണ്ട്. എന്നാല്‍ അഞ്ചും പത്തും വര്‍ഷങ്ങളായി ഷെഡുകളില്‍ താമസിക്കുന്നവര്‍ അപേക്ഷകരിലുണ്ട്. പഞ്ചായത്ത് ഓഫീസുകളില്‍ കയറിയിറങ്ങി ചെരിപ്പു തേഞ്ഞതല്ലാത്ത അനുകൂല നീക്കം അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായില്ലെന്ന് വീടിനായി കാത്തിരിക്കുന്നവര്‍ പറയുന്നു. മറ്റ് ഭവന പദ്ധതികളെയെല്ലാം ലൈഫില്‍ ലയിപ്പിച്ചതിലൂടെ ആ പദ്ധതികളെയും സര്‍ക്കാര്‍ തകര്‍ത്തു.