News
കേരളം കുറിച്ചു; 78:27%
സമീപകാല ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിംഗിനാണ് കേരളം ഇന്നലെ സാക്ഷ്യം വഹിച്ചത്
കേരളത്തിന്റെ രാഷ്ട്രീയഭാവി നിര്‍ണയിക്കുന്ന സുപ്രധാന തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ്. സമീപകാല ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിംഗിനാണ് കേരളം ഇന്നലെ സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 76 ശതമാനം പേരായിരുന്നു വോട്ട് രേഖപ്പെടുത്തിയത്. അന്തിമ കണക്കുകള്‍ പുറത്തുവരുമ്പോള്‍ പോളിംഗ് ശതമാനം 80 കടന്നേക്കും. 1987ലാണ് (80.54 ശതമാനം) ഇതിന് മുമ്പ് പോളിംഗ് 80 കടന്നത്. ഏറ്റവും കൂടുതല്‍ പോളിങ് കോഴിക്കോട് ജില്ലയിലാണ്, 81.36 ശതമാനം. ഏറ്റവും കുറവ് പത്തതനംതിട്ട ജില്ലയിലും, 70.76 ശതമാനം. വോട്ട് പെട്ടിയിലായെങ്കിലും ഫലമറിയാന്‍ ഒരു മാസത്തോളം കാത്തിരിക്കണം. മെയ് നാലിനാണ് വോട്ടെണ്ണല്‍. അതുവരെ കൂട്ടിയും കിഴിച്ചും അവസാന വട്ട സാധ്യതകള്‍ കൂടി വിലയിരുത്തുന്ന തിരക്കിലാകും ഇനിയുള്ള ദിവസങ്ങളില്‍ മുന്നണികളും നേതാക്കളും. നൂറിലെറെ സീറ്റു നേടി യു.ഡി.എഫ് അധികാരത്തലേറുമെന്ന് നേതാക്കള്‍ ഇന്നലെയും ആവര്‍ത്തിച്ച് ആത്മവിശ്വാസം പ്രകടിപ്പിച്ചു. അഭിപ്രായ സര്‍വേകളും യു.ഡി.എഫിനാണ് മേല്‍ക്കൈ പ്രവചിക്കുന്നത്. ഭരണം പിടിക്കാന്‍ യു.ഡി.എഫും ഭരണം നിലനിര്‍ത്താന്‍ എല്‍.ഡി.എഫും അരയുംതലയും മുറിക്കി ഇറങ്ങിയതോടെ പോളിംഗ് ബൂത്തുകളിലേക്ക് രാവിലെ മുതല്‍ വോട്ടര്‍മാര്‍ ഒഴുകി എത്തി. കനത്ത വെയിലും ഒറ്റപ്പെട്ട ഇടങ്ങളില്‍ എത്തിയ മഴയും വോട്ടര്‍മാരുടെ ആവേശത്തിന് തടസമായില്ല. 50 ഓളം ബൂത്തുകളില്‍ വോട്ടിംഗ് മെഷീന്‍ തകരാറിനെ തുടര്‍ന്ന് പോളിംഗ് ആദ്യമണിക്കൂറില്‍ തടസപ്പെട്ടു. ഒരു മണിക്കൂറിനുള്ളില്‍ തന്നെ തകരാര്‍ പരിഹരിച്ചതോടെ വോട്ടെടുപ്പ് സുഗമമായി.
തുടര്‍ഭരണം ലക്ഷ്യമിട്ട് ഇടത് പ്രവര്‍ത്തകര്‍ പലയിടത്തും കള്ളവോട്ടിന് ശ്രമിച്ചത് സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കി. യു.ഡി.എഫ് ബൂത്ത് ഏജന്റുമാര്‍ക്കെതിരെയും സംഘടിത അക്രമമുണ്ടായി. കണ്ണൂരിലായിരുന്നു ഏറെയും അക്രമണങ്ങള്‍. പേരാവൂര്‍ നിയോജകമണ്ഡലത്തിലെ 85-ാം നമ്പര്‍ ബൂത്തായ മുഴക്കുന്ന് ഗവ. യുപി സ്‌കൂളില്‍ യു.ഡി.എഫ് ബൂത്ത് ഏജന്റ് സജിത മോഹനന്റെ ദേഹത്തേക്ക് സി.പി.എം പ്രവര്‍ത്തകര്‍ നായ്ക്കുരണ പൊടി വിതറി. ബി.ജെ.പി-സി.പി.എം ഡീല്‍ വോട്ടെടുപ്പ് ദിനത്തില്‍ തെളിവുകളോടെ പുറത്തുവന്നു. ചിറ്റൂര്‍ മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് വോട്ട് അഭ്യര്‍ത്ഥിച്ച് ബി.ജെ.പി സ്ഥാനാര്‍ഥിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഏവരെയും ഞെട്ടിച്ചു.
പുനലൂരില്‍ പോളിംഗ് ബൂത്തിന് സമീപം വോട്ട് പിടിക്കാന്‍ ഇടത് മുന്നണി പ്രവര്‍ത്തകര്‍ ശ്രമിച്ചത് സംഘര്‍ഷത്തില്‍ കലാശിച്ചു. വിളക്കുവെട്ടം എല്‍.പി സ്‌കൂള്‍ ബൂത്തിന് മുന്നിലായിരുന്നു സംഭവം. സംഘര്‍ഷത്തില്‍ യു.ഡി.എഫിന്റെ വനിതാ കൗണ്‍സിലര്‍ ഷെമി അസീസിന് പരിക്കേറ്റു. വയനാട് മാനന്തവാടി ചെറുകാട്ടൂരില്‍ താമര ചിഹ്നത്തില്‍ വോട്ട് ചെയ്യാന്‍ വോട്ടര്‍മാരെ പ്രേരിപ്പിച്ച പോളിങ് ഓഫീസറെ മാറ്റി. ചെറുകാട്ടൂര്‍ സെന്റ് ജോസഫ് സ്‌കൂളിലെ 199 നമ്പര്‍ ബൂത്തിലായിരുന്നു സംഭവം. കണ്ണൂര്‍ അഴിക്കോട് സെന്‍ട്രല്‍ എല്‍പി സ്‌കൂളില്‍ ബൂത്ത് 32ല്‍ വോട്ടറുടെ അനുമതിയില്ലാതെ എല്‍.ഡി.എഫ് പ്രതിനിധി ഓപ്പണ്‍ വോട്ട് ചെയ്തെന്ന പരാതിയില്‍ പ്രിസൈഡിങ് ഓഫിസറെ മാറ്റി പകരം ആളെ നിയമിച്ചു.
തൃക്കരിപ്പൂര്‍ പിലിക്കോട് പുത്തിലോട് 137-ാം ബൂത്തില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകന്റെ കള്ളവോട്ട് തടയാന്‍ ശ്രമിച്ചതിന് യു.ഡി.എഫിന്റെ ബൂത്ത് ഏജന്റിന് മര്‍ദ്ദനമേറ്റു. ഇവിടെ റീപോളിംഗ് ആവശ്യപ്പെട്ട് യു.ഡി.എഫ് കമ്മീഷന് പരാതി നല്‍കി. വോട്ടിങ് മെഷീനില്‍ മന്ത്രി വീണാ ജോര്‍ജ്ജിന്റെ ഫോട്ടോയ്ക്ക് മാത്രം വ്യക്തത ഉണ്ടായിരുന്നത് പരാതിക്കിടയാക്കി. തൃശ്ശൂര്‍ വാണിയംപാറയില്‍ വോട്ട് ചെയ്ത് പുറത്തിറങ്ങിയ കൊമ്പഴ രാമന്‍ചിറ സ്വദേശി വിനോദ് (ഉണ്ണി ചെക്കന്‍-63) കുഴഞ്ഞുവീണു മരിച്ചു.
Health
ഇയർഫോൺ ഉപയോഗം കേൾവിത്തകരാറിന് കാരണമാകുമോ?
ഡോ. ഷംന ശ്രീധരൻ
ഇ.എൻ.ടി കൺസൾട്ടന്റ്,
ആസ്റ്റർ മിംസ് കോഴിക്കോട്
ഡോ. ഷംന ശ്രീധരൻ
ഇ.എൻ.ടി കൺസൾട്ടന്റ്,
ആസ്റ്റർ മിംസ് കോഴിക്കോട്
ഇയർഫോണുകൾ ഇന്ന് നമ്മുടെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യഘടകമായി മാറിക്കഴിഞ്ഞു. ജോലി ആവശ്യങ്ങൾക്കോ വിനോദത്തിനോ വേണ്ടി മണിക്കൂറുകളോളം ഇവ ഉപയോഗിക്കുന്നവർ നമുക്കിടയിലുണ്ട്. സംഗീതം ആസ്വദിക്കാനും ദീർഘനേരം ഫോണിൽ സംസാരിക്കാനും ഇവ നൽകുന്ന സ്വകാര്യത ചെറുതല്ല. എന്നാൽ ഇയർഫോണിൻ്റെ ഉപയോഗം നമ്മുടെ കേൾവിശക്തിയെ എങ്ങനെ ബാധിക്കുന്നുവെന്നും ഈ ഡിവൈസുകൾ ഉപയോഗിക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണമെന്ന് നോക്കാം.
അമിതമായ ഇയർഫോൺ ഉപയോഗം കേൾവിത്തകരാറിന് (Noise-Induced Hearing Loss) കാരണമാകുമെന്നത് ഗൗരവകരമായ ഒരു ആരോഗ്യപ്രശ്നമാണ്. ലോകാരോഗ്യ സംഘടനയുടെ പുതിയ കണക്കുകൾ പ്രകാരം ജനസംഖ്യയിൽ നാലിലൊരാൾക്ക് കേൾവി സംബന്ധമായ തകരാറുകൾ കണ്ടുവരുന്നുണ്ട്. പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ ഇത്തരം പ്രശ്നങ്ങൾ വർദ്ധിക്കാൻ പ്രധാന കാരണം ഇയർഫോണുകളുടെയും ഇയർബഡുകളുടെയും അമിതമായ ഉപയോഗമാണ്. ഇയർ ബഡ്‌സിന്റെയും ഇയർഫോണിന്റെയും ഉപയോഗം കാതുകൾക്കുള്ളിൽ നേരിട്ട് ശബ്ദം എത്തിക്കുമ്പോൾ കേൾവി സംബന്ധമായ തകരാറുകൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു അതിനാൽ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്.
ശബ്ദം വില്ലനാകുന്നത് എങ്ങനെ?
നമ്മൾ കേൾക്കുന്ന ശബ്ദം ചെവിക്ക് ഹാനികരമാകുന്നത് പ്രധാനമായും മൂന്ന് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ്. ഒന്നാമതായി ശബ്ദതീവ്രത അഥവാ എത്ര ഉച്ചത്തിലാണ് നാം കേൾക്കുന്നത് എന്നതിനെ സംബന്ധിച്ചാണ്. രണ്ടാമതായി ശബ്ദസ്രോതസ്സും ചെവിയും തമ്മിലുള്ള അകലം, മൂന്നാമതായി എത്ര സമയം തുടർച്ചയായി നാം കേൾക്കുന്നു. ഈ മൂന്ന് കാര്യങ്ങളിലുണ്ടാകുന്ന അശ്രദ്ധ കേൾവിശക്തിയെ എന്നെന്നേക്കുമായി തകരാറിലാക്കാം.
ഡെസിബെല്ലിന്റെ നിയന്ത്രിത അളവും കാതുകളുടെ ആരോഗ്യവും
ശബ്ദത്തിന്റെ തീവ്രത അളക്കുന്നത് ഡെസിബെൽ (dB) എന്ന യൂണിറ്റിലാണ്. സാധാരണ ശബ്ദ സംഭാഷണങ്ങൾ 30 മുതൽ 60 ഡെസിബെൽ വരെയാണെങ്കിൽ ഉച്ചത്തിൽ സംസാരിക്കുമ്പോൾ നമ്മുടെ സ്വരം 70 മുതൽ 90 ഡെസിബെല്ലായി ഉയരും. എന്നാൽ ഇയർഫോണുകളിൽ ഇത് 80 മുതൽ 110 ഡെസിബെൽ വരെ ഉയരാം. 120 ഡെസിബെല്ലിന് മുകളിലുള്ള ശബ്ദം ചെവി വേദനകൾക്ക് കാരണമാവുകയും, ഇയർഫോണുകൾ കർണ്ണപടത്തോട് ചേർന്നിരിക്കുന്നതിനാൽ അവ ചെറിയ തരംഗങ്ങൾ പോലും ആന്തരിക കർണ്ണത്തിലെ കോക്ലിയയെ നേരിട്ട് സ്റ്റിമുലേറ്റ് ചെയ്യുന്നു. 85 ഡെസിബെല്ലിന് മുകളിലുള്ള ശബ്ദം തുടർച്ചയായി 8 മണിക്കൂറോളം കേൾക്കുന്നത് വരാനിരിക്കുന്ന വലിയ കേൾവി പ്രശ്നങ്ങളുടെ സൂചനയാണ്. പലപ്പോഴും ഈ അവസ്ഥയെത്തുന്നത് പോലും നമ്മൾ തിരിച്ചറിഞ്ഞു എന്ന് വരില്ല.
എങ്ങനെയാണ് കേൾവി തകരാറിലാകുന്നത്?
നമ്മുടെ ആന്തരിക കർണത്തിൽ കോക്ലിയ (Cochlea) എന്നൊരു ഭാഗമുണ്ട്. ഇതിനുള്ളിലെ ദ്രാവകവും സൂക്ഷ്മമായ രോമകോശങ്ങളുമാണ് ശബ്ദതരംഗങ്ങളെ തിരിച്ചറിഞ്ഞ് മസ്തിഷ്കത്തിലേക്ക് സന്ദേശങ്ങൾ എത്തിക്കുന്നത്. ഉയർന്ന ശബ്ദത്തിലുള്ള സംഗീതം ഇയർഫോണിലൂടെ നേരിട്ട് ചെവിയിലേക്ക് എത്തുമ്പോൾ ഈ രോമകോശങ്ങൾക്ക് അമിതമായ സമ്മർദ്ദം അനുഭവപ്പെടുന്നു. തുടർച്ചയായുള്ള ഈ ആഘാതം കോശങ്ങളെ നശിപ്പിക്കുകയും, ഒരിക്കൽ ഈ രോമകോശങ്ങൾ നശിച്ചുപോയാൽ അവ വീണ്ടും വളരില്ല എന്നത് നമ്മൾ തിരിച്ചറിയേണ്ടതുണ്ട്.
യാത്ര ചെയ്യുമ്പോൾ വാഹനങ്ങളിലെ (Ambient Noise) ശബ്ദം തന്നെ 70-80 dB ഉണ്ടാകും. അനാവശ്യം എന്ന് കരുതുന്ന ശബ്ദങ്ങൾ മറികടക്കാൻ നാം ഇയർഫോണിലെ വോളിയം 90 ഡെസിബെല്ലിന് മുകളിലേക്ക് പരമാവധി ഉയർത്താറുണ്ട്. ഇത് ചെവിക്ക് ഇരട്ടി ആഘാതമാണ് നൽകുന്നത്. യാത്രകളിലെ ഇത്തരം അശ്രദ്ധമായ ശീലങ്ങൾ പ്രായമാകുമ്പോൾ കേൾവിശക്തി പൂർണ്ണമായും നഷ്ടപ്പെടുന്ന ഗുരുതരമായ അവസ്ഥയിലേക്ക് നയിച്ചേക്കാം.
ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ
കേൾവിശക്തി പെട്ടെന്നൊരു ദിവസം ഇല്ലാതാകുകയല്ല അവ പതിയെ നമ്മുടെ കേൾവി ശക്തിയെ ബാധിക്കുകയും തുടർന്ന് കേൾവി നഷ്ടമാകുന്ന അവസ്ഥയിൽ എത്തുന്നു. താഴെ പറയുന്ന ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഒരു ഇ.എൻ.ടി (ENT) വിദഗ്ധനെ കാണുക:
1 . ചെവിക്കുള്ളിൽ എപ്പോഴും മൂളലോ മണിമുഴക്കമോ കേൾക്കുന്ന അവസ്ഥ.
2 . മറ്റുള്ളവർ സംസാരിക്കുന്നത് അവ്യക്തമായി തോന്നുക.
3 . ശബ്ദമുള്ള ഇടങ്ങളിൽ വെച്ച് സംസാരം വേർതിരിച്ചറിയാൻ പ്രയാസം അനുഭവപ്പെടുക.
4 . ടിവി കാണുമ്പോഴോ പാട്ട് കേൾക്കുമ്പോഴോ വോള്യം അമിതമായി കൂട്ടിവെക്കാൻ തോന്നുക.
5 . ചെവിക്കുള്ളിൽ ഭാരമോ അടഞ്ഞതുപോലെയുള്ള അനുഭവമോ ഉണ്ടാവുക
ശ്രദ്ധിക്കേണ്ട നിർദ്ദേശങ്ങൾ:
കേൾവിശക്തി സംരക്ഷിക്കാൻ ആഗോളതലത്തിൽ ഡോക്ടർമാർ നിർദ്ദേശിക്കുന്ന ഏറ്റവും ലളിതവും ഫലപ്രദവുമായ മാർഗ്ഗമാണ് 60-60 റൂൾ. ഇതിൽ രണ്ട് കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. അതായത് നമ്മൾ പലപ്പോഴും ഉപയോഗിക്കുന്ന ഡിവൈസിന്റെ 60 ശതമാനത്തിൽ താഴെ ശബദം നിയന്ത്രിക്കാൻ ശ്രദ്ധിക്കണം. ഉയർന്ന ശബ്ദത്തിലാണ് ഡിവൈസ് പ്രവർത്തിക്കുന്നതെങ്കിൽ അത് നിർബന്ധമായും 60 ശതമാനമായോ അതിൽ കുറവായോ മാറ്റുക. ഇതിൽ രണ്ടാമത്തെ 60 സൂചിപ്പിക്കുന്നത് തുടർച്ചയായി 60 മിനിറ്റിൽ കൂടുതൽ ഇയർഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഈ ഇടവേളകൾ കോശങ്ങളുടെ ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കും.
ശബ്ദമുഖരിതമായ അന്തരീക്ഷത്തിൽ ജോലി ചെയ്യുന്നവരാണെങ്കിൽ ഇടയ്ക്ക് ശബ്ദത്തിൽ നിന്ന് മാറിനിൽക്കാൻ ശ്രമിക്കുക. ചിലർക്ക് ജോലി സംബന്ധമായി ഇയർഫോൺസ് ഒഴിച്ചുകൂടാൻ പറ്റാത്ത സാഹചര്യമുണ്ടെങ്കിൽ നോയ്സ് ക്യാൻസലേഷൻ (noise canceling headphones) ഫീച്ചറുള്ള ഹെഡ്സെറ്റുകൾ ഉപയോഗിക്കുവാൻ ശ്രദ്ധിക്കുക. ഇത് ചെവിക്ക് ഏൽപ്പിക്കുന്ന സമ്മർദ്ദം ഗണ്യമായി കുറയ്ക്കുന്നു.
കേൾവിക്കുറവ്, ചെവി അടഞ്ഞിരിക്കുക, ചെവിയിൽ മുഴക്കം (Tinnitus) തുടങ്ങിയ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഒട്ടും വൈകാതെ ഒരു വിദഗ്ദ്ധ ഡോക്ടറുടെ സേവനം തേടുക. ഉയർന്ന ശബ്ദം മൂലമുണ്ടാകുന്ന കേൾവി തകരാറുകൾ തുടക്കത്തിലേ ചികിത്സിച്ചാൽ ഒരു പരിധിവരെ ഭേദമാക്കാൻ സാധിക്കുമെങ്കിലും, വൈകുംതോറും ഇത് ശാശ്വതമായ കേൾവി പരിമിധികളിലേക്കും നയിച്ചേക്കാം. അശാസ്ത്രീയമായ ചികിത്സാരീതികളും ഓൺലൈനിലെ വ്യാജ പ്രചാരണങ്ങളും പിന്തുടരുന്നത് നിങ്ങളുടെ സാമ്പത്തികനഷ്ടത്തിന് പുറമെ കേൾവിശക്തി തന്നെ ഇല്ലാതാക്കാനും കാരണമാകും. അതിനാൽ, ശാസ്ത്രീയമായ ചികിത്സയിലൂടെ നിങ്ങളുടെ കേൾവി സുരക്ഷിതമാക്കുക.”
main stories
‘വോട്ടര്‍മാര്‍ക്ക് പണം വിതരണം’; ബിജെപി പ്രവര്‍ത്തകര്‍തിരെ ഗുരുതര ആരോപണം
ബിജെപി നേതാവായ ശോഭാ സുരേന്ദ്രന്റെ സാന്നിധ്യത്തിലാണ് ഈ പണം വിതരണം നടന്നതെന്നാണ് ആരോപണം.
പാലക്കാട്: പാലക്കാട് മണ്ഡലത്തില്‍ വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്തതായി ആരോപണം ഉയര്‍ന്നു. ബിജെപി പ്രവര്‍ത്തകര്‍ പണം വിതരണം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതായാണ് റിപ്പോര്‍ട്ട്.
ബിജെപി നേതാവായ ശോഭാ സുരേന്ദ്രന്റെ സാന്നിധ്യത്തിലാണ് ഈ പണം വിതരണം നടന്നതെന്നാണ് ആരോപണം. പാലക്കാട് ജില്ലയിലെ കണ്ണാടി മേഖലയിലാണ് സംഭവം നടന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ദൃശ്യങ്ങള്‍ പകര്‍ത്തിയവരെ ഭീഷണിപ്പെടുത്തിയതായി ആരോപണമുണ്ട്. ”അടിച്ചു കരണക്കുറ്റിപ്പൊട്ടിക്കുമെന്ന്” പറഞ്ഞുവെന്ന ദൃശ്യങ്ങളും പുറത്തുവന്നതായി പറയുന്നു. സംഭവം തിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്.
News
മനുഷ്യനിര്‍മ്മിത പ്രളയത്തിന്റെ ഉത്തരവാദിത്വം പിണറായി സര്‍ക്കാരിന്: ചെന്നിത്തല
വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യം ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്തെ ദുരിതത്തിലാക്കിയ 2018 ലെ മഹാപ്രളയം മനുഷ്യ നിര്‍മിത പ്രളയമാണെന്ന ആരോപണത്തെ ശരിവെക്കുന്നതാണ് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ പുറത്തുവന്ന ശബ്ദരേഖ. സ്വകാര്യ സ്ഥാപനത്തിന് വേണ്ടി കൂടിയാണ് കേരളത്തില്‍ പ്രളയം അന്നത്തെ പിണറായി സര്‍ക്കാര്‍ സൃഷ്ടിച്ചതെന്ന മന്ത്രിയുടെ വെളിപ്പെടുത്തല്‍ ഞെട്ടലോടെയാണ് കേരളം ശ്രവിച്ചത്.
വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യം ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്തുമെന്ന് കോണ്‍ഗ്രസ് പ്രചാരണ കമ്മിറ്റി ചെയര്‍മാന്‍ രമേശ് ചെന്നിത്തല പറഞ്ഞു. ഹൈക്കോടതി നിയോഗിച്ച അമിക്സ് ക്യൂറിയുടെ റിപ്പോര്‍ട്ടിനകത്തും ഇക്കാര്യം വ്യക്തമായി പറയുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തെ പ്രളയത്തില്‍ മുക്കിയതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം പിണറായി വിജയന്‍ സര്‍ക്കാരിനാണ്. അത് ജനങ്ങള്‍ക്ക് ബോധ്യമുള്ള കാര്യമാണ്. എല്ലാ ഡാമുകളും ഒരുമിച്ച് തുറന്നു വിട്ടാല്‍ പിന്നെ പ്രളയമല്ലാതെ പിന്നെ എന്താണ് ഉണ്ടാകുകയെന്നും അദ്ദേഹം ചോദിച്ചു.
പ്രളയ നിയന്ത്രണ സംവിധാനം ഡാമുകളില്‍ ഉണ്ടായിട്ടും പാലിക്കാതിരുന്നതും മുന്‍കരുതല്‍ സ്വീകരിക്കാതിരുന്നതുമാണു പ്രശ്നം രൂക്ഷമാക്കിയത് എന്ന ബെംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസിന്റെ പഠന റിപ്പോര്‍ട്ടിലെ നിഗമനങ്ങള്‍ ഗുരുതരമാമെന്ന് അന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയപ്പോള്‍ കളിയാക്കുകയാണ് സര്‍ക്കാരിനെ പിന്തുണക്കുന്നവര്‍ ചെയ്തതെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. ഒഖി ദുരന്തത്തിലും സര്‍ക്കാരിന്റെ വീഴ്ച വ്യക്തമായിരുന്നു. അന്ന് സര്‍ക്കാര്‍ കൃത്യ സമയത്ത് മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കില്‍ ദുരന്തത്തിന്റെ വ്യപ്തി കുറക്കാമായിരുന്നു.
പിന്നീട് പ്രതിപക്ഷത്തിന്റെ ശക്തമായി പ്രതിഷേധങ്ങളുടെ ഫലമായിയാണ് ഇപ്പോര്‍ അലര്‍ട്ടുകള്‍ കൃത്യസമയത്ത് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രളയം മനപ്പൂര്‍വം സൃഷ്ടിച്ചതാണെന്നു വെളിപ്പെടുത്തുന്ന മന്ത്രിയുടെ ശബ്ദരേഖയിലെ ഉള്ളടക്കം സംബന്ധിച്ച് വരുന്ന യു.ഡി.എഫ് സര്‍ക്കാര്‍ അന്വേഷണം നടത്തുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും പറഞ്ഞു. പ്രളയമുണ്ടാക്കാന്‍ വേണ്ടി അണക്കെട്ടുകള്‍ അടച്ചിട്ടുവെന്നാണ് മന്ത്രിയുടെ ശബ്ദരേഖ. കേരളത്തെ കൃത്രിമ പ്രളയത്തിലേക്ക് വലിച്ചിഴച്ചവര്‍ അതിന് സമാധാനം പറയേണ്ടി വരുമെന്നും വേണുഗോപാല്‍ പറഞ്ഞു.
-
News3 days agoകൊട്ടിക്കലാശം ഇന്ന്; ആവേശത്തോടെ, ആത്മവിശ്വാസത്തോടെ യു.ഡി.എഫ്
-
News3 days agoഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യ; പുതുക്കിയ നിരക്ക് നാളെ മുതല്‍
-
kerala3 days agoഎൽ.ഡി.എഫിനും ബി.ജെ.പിക്കും ഒരേ സ്വരം – പി.കെ. കുഞ്ഞാലിക്കുട്ടി
-
main stories2 days ago‘വോട്ടര്‍മാര്‍ക്ക് പണം വിതരണം’; ബിജെപി പ്രവര്‍ത്തകര്‍തിരെ ഗുരുതര ആരോപണം
-
Video Stories2 days agoവര്‍ഗീയത സി.പി.എമ്മിന് ബൂമറാങ്ങാവും; ഡോ. എം.കെ മുനീര്‍
-
Health2 days agoഇയർഫോൺ ഉപയോഗം കേൾവിത്തകരാറിന് കാരണമാകുമോ?
-
News2 days agoയു.ഡി.എഫിന്റെ വിജയത്തിനായി സമ്മതിദാനാവകാശം വിനിയോഗിക്കുക: തങ്ങള്‍
-
News2 days agoമനുഷ്യനിര്‍മ്മിത പ്രളയത്തിന്റെ ഉത്തരവാദിത്വം പിണറായി സര്‍ക്കാരിന്: ചെന്നിത്തല

