എറണാകുളം: പുതുവര്‍ഷ രാവിന് മോടികൂട്ടാന്‍ വീര്യംകൂടിയ മയക്കുമരുന്ന് കടത്തിയ യുവാക്കളെ കൊച്ചിയില്‍ പൊലീസ് പിടികൂടി. എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയിലാണ് പുതുവര്‍ഷ ആഘോഷങ്ങളില്‍ വിതരണം ചെയ്യാനായി എത്തിച്ച മയക്കുമരുന്ന് പിടികൂടിയത്. കൊല്ലം സ്വദേശിളായ ഹാഷിം, സുഹൈല്‍, ആരിഫ്, റാന്നി സ്വദേശിയായ അഖില്‍ എന്നിവര്‍ സഞ്ചരിച്ച കാര്‍ പൊലീസ് പരിശോധിച്ചപ്പോളാണ് എല്‍എസ്ഡി, എംഎംഎസ്ഡി തുടങ്ങിയ വീര്യംകൂടിയ മയക്കുമരുന്നിന്റെ വലിയ ശേഖരം കണ്ടെത്തിയത്. ഇവരെ പൊലീസ് അറസ്റ്റു ചെയ്ത് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

ബംഗളുരുവില്‍ ബി.ബി.എ വിദ്യാര്‍ത്ഥികളായിരുന്ന ഇവര്‍ സഹപാഠിയായിരുന്ന ആഫ്രിക്കക്കാരന്റെ സഹായത്തോടെയാണ് മയക്കുമരുന്ന് കടത്തിയിരുന്നത്. കൊച്ചി തമ്മനത്തെ ലോഡ്ജില്‍ താമസിച്ച് പല കേന്ദ്രങ്ങളിലേക്ക് ഇവര്‍ മയക്കുമരുന്ന് എത്തിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇത്തരത്തില്‍ കച്ചവടത്തിനായി പോകവെയാണ് നാലംഗ സംഘം പൊലീസിന്റെ വലയിലായത്.