Connect with us

More

വിടവാങ്ങിയത് പാലായുടെ മാണിക്യം

Published

on

കൊച്ചി: കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനും മുന്‍മന്ത്രിയും പാലാ മണ്ഡലത്തിന്റെ തുടക്കം മുതലുള്ള ജനപ്രതിനിധിയുമായ കെ.എം മാണി അന്തരിച്ചു. കൊച്ചി ലേക്ക്ഷോര്‍ ആശുപത്രിയില്‍ 4.57നായിരുന്നു മരണം. ശ്വാസകോശത്തിലെ അണുബാധ മൂലം ഏപ്രില്‍ ആദ്യം മുതല്‍ എറണാകുളത്ത് ചികിത്സയിലായിരുന്നു.

തോല്‍വിയറിയാതെ ഒരേ മണ്ഡലത്തില്‍ നിന്ന് നിയമസഭയില്‍ അരുനൂറ്റാണ്ട് തികച്ച നേതാവാണ് മാണി. പാലാ മരങ്ങാട്ടുപള്ളി കരിങ്ങോഴയ്ക്കല്‍ തോമസ് മാണിയുടെയും ഏലിയാമ്മയുടെയും മകനായി 1933 ജനുവരി 30 നാണ് ജനനം. സ്‌കൂള്‍ വിദ്യാഭ്യാസം മരങ്ങാട്ടുപള്ളി, കടപ്ലാമറ്റം, കുറവിലങ്ങാട്, പാലാ എന്നിവിടങ്ങളില്‍. തൃശ്ശിനാപ്പള്ളി സെന്റ് ജോസഫ്‌സ്, തേവര സേക്രഡ് ഹാര്‍ട്ട് എന്നീ കോളേജുകളിലായി സര്‍വകലാശാലാ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മദ്രാസ് ലോ കോളേജില്‍ നിന്ന് 1955 -ല്‍ നിയമ ബിരുദം നേടി. മദ്രാസ് ഹൈക്കോടതിയില്‍ 1956 ല്‍ എന്റോള്‍ ചെയ്തു. പില്‍ക്കാലത്ത് ഹൈക്കോടതി ജഡ്ജിയായ അഡ്വ. പി ഗോവിന്ദ മേനോന്റെ ജൂനിയറായി കോഴിക്കോട് ജില്ലാ കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ചു. പാലാ സബ്കോര്‍ട്ടിലും കോട്ടയം ജില്ലാ കോടതിയിലും പ്രാക്ടീസ് ചെയ്തിട്ടുണ്ട്.

1958 -ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലൂടെ രാഷ്ട്രീയ രംഗത്തേക്ക്. കെപിസിസി അംഗവും കോട്ടയം ജില്ലാ ജനറല്‍ സെക്രട്ടറിയുമായി. 1964 -ല്‍ കോണ്‍ഗ്രസില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ് മുതിര്‍ന്ന നേതാക്കള്‍ രൂപീകരിച്ച കേരളാ കോണ്‍ഗ്രസ് പാര്‍ടിയിലെത്തി. പിന്നീട് കേരള കോണ്‍ഗ്രസിന്റെ അനിഷേധ്യ നേതൃനിരയിലേക്കും.1979ല്‍ പാര്‍ടിയില്‍ ആദ്യ ചേരിതിരിവ്. പി ജെ ജോസഫുമായി തെറ്റി. കെ എം മാണിയുടെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് എം രൂപീകൃതമായി. അന്നുമുതല്‍ ഇന്നുവരെ പാര്‍ടിയുടെ ചെയര്‍മാന്‍. ഇക്കാലത്തിനിടെ പല പിളര്‍പ്പുകളും ലയനങ്ങളും പാര്‍ടി കണ്ടു. വ്യക്തി പാര്‍ടിയെന്ന വിമര്‍ശനം നേരിടാന്‍ ‘അധ്വാനവര്‍ഗ സിദ്ധാന്തം’ രചിച്ച് ആശയാവിഷ്‌ക്കാരം നല്‍കാനും അദ്ദേഹം ശ്രമിച്ചു.

പാലാ നിയമസഭാ നിയോജക മണ്ഡലം നിലവില്‍ വന്ന 1965 -നു ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും പാലായുടെ എംഎല്‍എ ആയി. തുടര്‍ച്ചയായി 54 വര്‍ഷം പാലായെ പ്രതിനിധീകരിച്ചു. രാജ്യത്തെ നിയമസഭകളുടെ ചരിത്രത്തിലെ തന്നെ റെക്കോഡാണിത്. അടിയന്തരാവസ്ഥക്കാലത്ത് 1975 -ല്‍ സപ്തകക്ഷി മുന്നണിയുടെ ഭാഗമായി ആദ്യമായി മന്ത്രിയായി. 1980 -ല്‍ ഇ കെ നായനാര്‍ മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായി. പിന്നീട് ആ സ്ഥാനത്തും റെക്കോര്‍ഡ്. ഏറ്റവും കൂടുതല്‍ ബജറ്റുകള്‍ അവതരിപ്പിച്ച ധന മന്ത്രിയെന്ന റെക്കോര്‍ഡ് പേരുനേടി. 13 എണ്ണം. കൈവയ്ക്കാത്ത വകുപ്പുകള്‍ അപൂര്‍വ്വം. ആഭ്യന്തരം, നിയമം, റവന്യു, ജലസേചനം, വൈദ്യുതി, നഗര വികസനം, ഇന്‍ഫര്‍മേഷന്‍, ഹൗസിങ് തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തു. കേരളത്തില്‍ ഏറ്റവുമധിക കാലം മന്ത്രിയായിരുന്നതും കെ എം മാണിയാണ്.

നാലുതവണ ലോകപര്യടനം നടത്തി. പൊതുപ്രവര്‍ത്തകനുള്ള വി പി മേനോന്‍ അവാര്‍ഡ് രാഷ്ട്രപതി കെ ആര്‍ നാരായണനില്‍നിന്ന് ഏറ്റുവാങ്ങിയിട്ടുണ്ട്. ഇന്ത്യന്‍ നാഷണല്‍ ഫ്രണ്ട്ഷിപ്പ് അവാര്‍ഡ്, ജര്‍മന്‍ മലയാളി അസോസിയേഷന്‍ അവാര്‍ഡ് തുടങ്ങി എണ്ണമറ്റ പുരസ്‌കാരങ്ങള്‍ നേടി. ‘ജനക്ഷേമം ജനങ്ങളുടെ അവകാശം’, ‘കാര്‍ഷിക സമ്പദ്ഘടനയും കേരളവും’, ‘വികസനവും വിഭവശേഷിയും’ എന്നീ പുസ്തകങ്ങള്‍ എഴുതി. 1967 മുതല്‍ നിയമസഭയില്‍ നടത്തിയ പ്രസംഗങ്ങള്‍ ‘കെ എം മാണിയുടെ നിയമസഭാ പ്രസംഗങ്ങള്‍’ എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ: കുട്ടിയമ്മ, മക്കള്‍: ജോസ് കെ മാണി എംപി, എല്‍സമ്മ, സാലി, ആനി, ടെസ്സി, സ്മിത
മരുമക്കള്‍: നിഷ ജോസ് കെ മാണി, ഡോ. തോമസ് കവലയ്ക്കല്‍ (ചങ്ങനാശ്ശേരി), എം പി ജോസഫ് (തൃപ്പൂണിത്തറ- മുന്‍ തൊഴില്‍വകുപ്പ് സെക്രട്ടറി), ഡോ. സേവ്യര്‍ ഇടയ്ക്കാട്ടുകുടി (എറണാകുളം), ഡോ. സുനില്‍ ഇലവനാല്‍ (കോഴിക്കോട്), രാജേഷ് കുരുവിത്തടം.

crime

പീഡനക്കേസില്‍ 61 വര്‍ഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ടയാള്‍ക്ക് സമാനകേസില്‍ 81 വര്‍ഷം കൂടി കഠിനതടവ്

പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ആഷിക് 61 വർഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ടിരുന്നു

Published

on

മലപ്പുറം: ലൈംഗീകാതിക്രമ കേസിൽ ശിക്ഷിക്കപ്പെട്ടയാൾക്ക് സമാനകേസിൽ വീണ്ടും ശിക്ഷവിധിച്ച് പെരിന്തൽമണ്ണ അതിവേഗ കോടതി. താഴേക്കോട് കാപ്പുപറമ്പ് കോടമ്പി വീട്ടിൽ മുഹമ്മദ് ആഷിക്കി(40)നാണ് ശിക്ഷ ലഭിച്ചത്.

പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ആദ്യകേസിലെ വിധി. പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ആഷിക് 61 വർഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ടിരുന്നു.

സമാനകേസിൽ ഗുരുതരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത് പരിഗണിച്ചാണ് ജഡ്ജി വീണ്ടും ആഷിക്കിന് 81 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മൂന്ന് വകുപ്പുകൾ പ്രകാരം 80 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ജുവൈനൽ ജസ്റ്റിസ് നിയമപ്രകാരം ഒരുവർഷം കഠിനതടവുമാണ് വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിക്കാം. പിഴ അടക്കുന്നപക്ഷം ഒരുലക്ഷം രൂപ അതിജീവിതയ്ക്ക് നൽകാനും ജഡ്ജി ഉത്തരവിട്ടു.

 

Continue Reading

kerala

തൃശൂരിൽ ബൈക്കും പിക്കപ്പും കൂട്ടിയിടിച്ചു; കൊണ്ടോട്ടി സ്വദേശി മരിച്ചു

പൊന്നാനി – ചാവക്കാട് ദേശീയ പാതയിലെ അണ്ടത്തോട് പെരിയമ്പലം ക്ഷേത്രത്തിന് മുൻപിൽ വെച്ചാണ് സംഭവം

Published

on

തൃശൂർ പെരിയമ്പലത്ത് ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശി മരിച്ചു. നെടിയിരുപ്പ് എൻഎച്ച് കോളനി പതിനാലിൽ വീട്ടിൽ ബാബുരാജിന്റെ മകൻ നവീൻ രാജ് (19) ആണ് മരിച്ചത്.

നവീൻ രാജ് സഞ്ചരിച്ചിരുന്ന ബൈക്കും, ദോസ്ത് പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. പൊന്നാനി – ചാവക്കാട് ദേശീയ പാതയിലെ അണ്ടത്തോട് പെരിയമ്പലം ക്ഷേത്രത്തിന് മുൻപിൽ വെച്ചാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ നവീൻ രാജിനെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചുച്ചു. ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Continue Reading

kerala

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന്‌ കാലാവസ്ഥ വകുപ്പ്

മണിക്കൂറിൽ 20 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്

Published

on

തിരുവനന്തപുരം ∙ കേരളത്തിലെ കനത്തചൂടിന് ആശ്വാസം നൽകി മഴ. അടുത്ത മണിക്കൂറുകളിൽ പത്തനംതിട്ട, കോട്ടയം,  ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 20 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

അതേസമയം, മാർച്ച് 28 മുതൽ ഏപ്രിൽ 1 വരെ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ  ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 – 4 ഡിഗ്രി സെൽഷ്യസ് കൂടുതൽ) ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.

Continue Reading

Trending