കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ അറസ്റ്റിലായ മൂന്ന് പ്രതികളേയും കോടതി റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് താമരശേരി കോടതി റിമാന്‍ഡ് ചെയ്തത്. രാത്രി 11 മണിയോടെ വൈദ്യ പരിശോധനയ്ക്ക് ശേഷം ജോളി, മാത്യു, പ്രജുകുമാര്‍ എന്നീ മൂന്ന് പ്രതികളെയും മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കി.

ഇവരെ കോഴിക്കോട് ജില്ലാ ജയിലേക്ക് മാറ്റി. ജോളിയുടെ മുന്‍ ഭര്‍ത്താവ് റോയി തോമസിന്റെ മരണം സംബന്ധിച്ച് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്‌റ്റെങ്കിലും ആറ് ദുരൂഹമരണങ്ങളിലേയും ഇവരുടെ പങ്കാളിത്തം റിമാന്റ് റിപോര്‍ട്ടിലും കസ്റ്റഡി അപേക്ഷയിലും അന്വേഷണ സംഘം വിശദീകരിച്ചിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കൊണ്ടുള്ള അപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കും.