പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജോ.സെക്രട്ടറിയും സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറിയും കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ കോട്ടുമല ടി.എം ബാപ്പു മുസ്‌ല്യാര്‍(64) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ ഇന്നലെ ഉച്ചക്ക് 2.15നായിരുന്നു അന്ത്യം. മയ്യിത്ത് നമസ്‌കാരം ഇന്നു രാവിലെ 10 മണിക്ക് മലപ്പുറം കോട്ടുമല കോംപ്ലക്‌സില്‍ നടക്കും.
സമസ്തയുടെ സമുന്നത നേതാവ് കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാരുടെ മകന്‍ എന്ന നിലയില്‍ സംഘടനയില്‍ സജീവമായ ബാപ്പു മുസ്‌ലിയാര്‍ സംഘാടന മികവും പാണ്ഡിത്യവും സമ്മേളിച്ച വ്യക്തിത്വമായിരുന്നു. 2004 സെപ്തംബര്‍ എട്ടിന് സമസ്ത കേന്ദ്ര മുശാവറ അംഗമായ അദ്ദേഹം 2010 ഒക്‌ടോബര്‍ രണ്ടിനാണ് സമസ്ത ജോ.സെക്രട്ടറിയായത്. സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് ജന.സെക്രട്ടറി, സമസ്ത ഫത്‌വ കമ്മിറ്റി കണ്‍വീനര്‍, സമസ്ത കേരളാ ജംഇയ്യത്തുല്‍ മുഫത്തിശീന്‍ പ്രസിഡന്റ്, എസ്.വൈ.എസ്.സംസ്ഥാന വൈസ് പ്രസിഡന്റ്, പട്ടിക്കാട് ജാമിഅ നൂരിയ്യ കമ്മറ്റി അംഗം, എം.ഇ.എ എഞ്ചിനീയറിംഗ് കോളജ് കമ്മറ്റി കണ്‍വീനര്‍, കാളമ്പാടി മഹല്ല് കമ്മിറ്റി-മദ്രസ പ്രസിഡന്റ്, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍ സ്മാരക കോംപ്ലക്‌സ് ജന.സെക്രട്ടറി തുടങ്ങിയ പദവികളും വഹിച്ചു. കടമേരി റഹ്മാനിയ കോളജില്‍ പ്രിന്‍സിപ്പലായും വിവിധ സ്ഥാപനങ്ങളുടെ സാരഥിയായും വ്യക്തിമുദ്ര പതിപ്പിച്ചു. സുപ്രഭാതം ദിനപത്രം, ഇഖ്‌റഅ് പബ്ലിക്കേഷന്‍ എന്നിവയുടെ ചെയര്‍മാനായിരുന്നു.
കോട്ടുമല അബൂബക്കര്‍ മുസിലിയാര്‍-മുരിങ്ങാക്കല്‍ ഫാത്തിമ ഹജ്ജുമ്മ ദമ്പതികളുടെ നാല് മക്കളില്‍ രണ്ടാമനായി മലപ്പുറം ജില്ലയിലെ കാളമ്പാടിയില്‍ 1952 ഫെബ്രുവരി 10നായിരുന്നു ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം പിതാവ് കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് കീഴില്‍ പരപ്പനങ്ങാടി പനയം പള്ളി ദര്‍സില്‍ മത വിദ്യാഭ്യാസം തുടങ്ങി. ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, കെ.കെ അബൂബക്കര്‍ ഹസ്രത്ത്, വല്ലപ്പുഴ ഉണ്ണീന്‍ കുട്ടി മുസ്‌ലിയാര്‍, കോക്കുര്‍ കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍ എന്നിവരാണ് മറ്റു പ്രധാന ഗുരുനാഥന്‍മാര്‍.
പൊട്ടിച്ചിറ അന്‍വരിയ്യ അറബിക് കോളജ്, പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക്കോളേജ് എന്നിവിടങ്ങളിലായി മതപഠനം പൂര്‍ത്തിയാക്കിയ ബാപ്പു മുസ്‌ലിയാര്‍ 1975ല്‍ ഫൈസി ബിരിദം കരസ്ഥമാക്കി. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ജാമിഅയിലെ സഹപാഠിയാണ്.
അരിപ്ര വേളൂര്‍ മസ്ജിദില്‍ ഖാസിയും മുദരിസുമായി സേവനം തുടങ്ങിയ അദ്ദേഹം പിതാവിന്റെ നിര്‍ദേശപ്രകാരം നന്തി ദാറുസ്സലാമില്‍ അധ്യാപകനായി ചേര്‍ന്നു. പിന്നീട് കടമേരി റഹ്മാനിയയില്‍ പ്രിന്‍സിപ്പലായി. 1987ല്‍ പിതാവ് കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാരുടെ നിര്യാണത്തെ തുടര്‍ന്ന് കാളമ്പാടി മഹല്ല് ഖാസിയായി. മലപ്പുറം മുണ്ടക്കോട് മഹല്ല് ഖാസി സ്ഥാനവും വഹിക്കുന്നു.
പ്രമുഖ സൂഫീവര്യന്‍ പരേതനായ ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരുടെ മകള്‍ പരേതയായ സഫിയ്യ, ആയിശാബി എന്നിവരാണ് ഭാര്യമാര്‍. മക്കള്‍: അബൂബക്കര്‍, ഫൈസല്‍, അബ്ദുറഹ്മാന്‍, ഫാത്തിമസുഹ്‌റ, സൗദ, ഫൗസിയ. മരുമക്കള്‍: എന്‍.വി മുഹമ്മദ് ഫൈസി കടുങ്ങല്ലൂര്‍, മുഹമ്മദ് ഷാഫി താമരശ്ശേരി, അബ്ദുല്‍ സലാം കാളമ്പാടി, നൂര്‍ജഹാന്‍, മാജിദ, റുബീന.
വൈകിട്ട് നാലു മണിയോടെ കോഴിക്കോട് സമസ്ത ഓഫീസിലെത്തിച്ച് പൊതുദര്‍ശനത്തിനു വച്ച ജനാസ തുടര്‍ന്ന് സ്വദേശമായ മലപ്പുറം കാളമ്പാടിയിലേക്ക് കൊണ്ടുപോയി.