കുന്ദമംഗലം: കോഴിക്കോട്ട് വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. സ്വകാര്യ ആസ്പത്രി ജീവനക്കാരനായ സന്ദീപാണ്(35) അല്‍പസമയം മുമ്പ് മരിച്ചത്. ചാത്തമംഗലം സ്വദേശി ബാലന്‍(54) രാവിലെ മരിച്ചിരുന്നു. ഇവര്‍ക്കൊപ്പം മദ്യപിച്ച നാലു പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചെക്കുട്ടി, ഹരിദാസ്, തൊമ്മന്‍, സുരേഷ് എന്നിവരാണ് ചികിത്സയിലുള്ളത്. ഇതില്‍ ചെക്കുട്ടിയുടെ നില ഗുരുതരമാണ്. ആശുപത്രിയില്‍ ഉപയോഗിക്കുന്ന സ്പിരിറ്റ് മദ്യത്തില്‍ചേര്‍ത്ത് കുടിച്ചതാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു. കുന്ദമംഗലത്തിനടുത്ത് മലയമ്മയില്‍ വ്യാഴാഴ്ച കിണര്‍ നന്നാക്കുന്നതിനിടെ ഒരുമിച്ച് മദ്യം കഴിച്ചവരാണ് ഇവര്‍. ഇതില്‍ ബാലന്‍ ആസ്പത്രിയില്‍ എത്തുന്നതിന് മുമ്പുതന്നെ മരിച്ചു. ആസ്പത്രി ജീവനക്കാരനായ സന്ദീപ് കൊണ്ടുവന്ന സ്പിരിറ്റ് ഉപയോഗിച്ചതാവാം അപകടകാരണമെന്നാണ് കരുതുന്നത്.രണ്ടുപേരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതോടെ പോലീസ് നടത്തിയ തിരച്ചിലിനിടെയാണ് മറ്റുള്ളവരേയും അവശ നിലയില്‍ കണ്ടെത്തിയത്. ഇവരെ പോലീസാണ്മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ എത്തിച്ചത്.