കോഴിക്കോട്: രാജ്യത്ത് പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ച് കേന്ദ്ര ഭരണകൂടം പിടിച്ചുപറിയുടെ മൂര്‍ത്തരൂപമായി മാറിയതായി മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലണ്ടറിന് 94 രൂപയാണ് ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്. ഒരു മാസം മുമ്പും ഇത്രത്തോളം തുക ഒറ്റയടിക്ക് വര്‍ധിപ്പിച്ചിരുന്നു. സബ്സിഡിയുള്ള സിലിണ്ടറിന് 88രൂപ 40 പൈസയുടെ കുറവ് താല്‍ക്കാലികമായി ലഭിക്കുമെങ്കിലും പൊതുഖജനാവിലെ പണം കോര്‍പ്പറേറ്റുകളുടെ എക്കൗണ്ടുകളിലേക്ക് ഒഴുകുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില താഴുകയാണെങ്കിലും കേന്ദ്രസര്‍ക്കാറും കോര്‍പ്പറേറ്റുകളും ഒത്തുകളിച്ച് ജനത്തിന്റെ കീശ ചോര്‍ത്തുകയാണ്.

പെട്രോളിന്റെയും ഡീസലിന്റെയും ദൈനംദിന വിലവര്‍ദ്ധനക്കു പുറമെ പാചക വാതകത്തിനും കുത്തനെ വില വര്‍ധിപ്പിച്ചത് ജീവിക്കാന്‍ കഷ്ടപ്പെടുന്ന ജനകോടികളോടുള്ള വെല്ലുവിളിയാണ്. കക്കൂസ് നിര്‍മ്മിക്കാന്‍ മനപ്പൂര്‍വ്വം ഇന്ധന വില വര്‍ധിപ്പിക്കുന്നുവെന്ന് പറയുന്ന കേന്ദ്രമന്ത്രിമാര്‍ എന്നാണ് കക്കൂസ് നിര്‍മ്മാണം തീരുകയെന്ന് വ്യക്തമാക്കണം. പെട്രോളിയം വില വര്‍ധന മൂലം നിത്യോപയോഗ സാധന വില വര്‍ധിച്ച് പട്ടിണിയിലേക്ക് തള്ളിയിട്ട് അന്നം മുട്ടിക്കുന്നവരുടെ കക്കൂസ് ആര്‍ക്കുവേണ്ടിയാണ്. കോര്‍പ്പറേറ്റ്-കുത്തകകളുടെ വരുമാനം വര്‍ധിപ്പിച്ച് കുന്നുകൂട്ടാന്‍ സാധാരണക്കാരുടെ കഞ്ഞികുടി മുട്ടിക്കുന്നതില്‍ എല്ലാ സീമകളും ലംഘിച്ചിരിക്കുന്നു. കുടുംബ ബജറ്റ് താളം തെറ്റിച്ച് അമിത ഭാരം ചുമത്തി പൗരന്മാരോട് യുദ്ധം പ്രഖ്യാപിച്ച ഭരണകൂടങ്ങള്‍ക്കെതിരായ പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്നും കെ.പി.എ മജീദ് പറഞ്ഞു.