കെ.പി.സി.സി പ്രസിഡന്റായി മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി സെപ്റ്റംബര്‍ 27 വ്യാഴാഴ്ച ഉച്ചയ്ക്ക് 12.00 ന് ചുമതലയേല്‍ക്കുമെന്ന് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അറിയിച്ചു. കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനില്‍ നടക്കുന്ന ചടങ്ങില്‍ സ്ഥാനം ഒഴിയുന്ന അധ്യക്ഷന്‍ എം.എം.ഹസന്‍ മുല്ലപ്പള്ളി രാമചന്ദ്രന് അധികാരം കൈമാറും.
വര്‍ക്കിംഗ് പ്രസിഡന്റുമാരായി കെ.സുധാകരന്‍, എം.ഐ.ഷാനവാസ് എം.പി, കൊടിക്കുന്നില്‍ സുരേഷ് എം.പി എന്നിവരും യു.ഡി.എഫ് കണ്‍വീനറായി ബെന്നി ബഹനാനും കെ.പി.സി.സി പ്രചാരണ വിഭാഗം ചെയര്‍മാനായി കെ.മുരളീധരന്‍ എം.എല്‍.എയും ചുമതല ഏറ്റെടുക്കും.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായ എ.കെ.ആന്റണി എം.പി, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ചാണ്ടി എം.എല്‍.എ, കെ.സി.വേണുഗോപാല്‍ എം.പി., പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ കെ.പി.സി.സി. പ്രസിഡന്റുമാര്‍ എന്നിവര്‍ ഉള്‍പ്പെടെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍, എം.പിമാര്‍, എം.എല്‍.എമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് വൈകുന്നേരം 6 ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അദ്ധ്യക്ഷതയില്‍ കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതി യോഗവും ചേരും.
ബുധനാഴ്ച ഉച്ചയ്ക്ക് 1.30ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന നിയുക്ത കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് തിരുവനന്തപുരം ഡി.സി.സിയുടെ നേതൃത്വത്തില്‍ സ്വീകരണവും നല്‍കും.