തിരുവനന്തപുരം: മന്ത്രി കെടി ജലീല്‍ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലെത്തി. വലിയ തോതിലുള്ള പ്രതിഷേധമാണ് മന്ത്രിയുടെ ഔദ്യോഗിക വസതിക്കു മുമ്പില്‍ നടക്കുന്നത്. യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകരാണ് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം നടത്തുന്നത്. പ്രതിഷേധത്തിനിടയില്‍ പൊലീസും പ്രവര്‍ത്തകരും ഏറ്റുമുട്ടലുണ്ടായി. ഇതേതുടര്‍ന്ന് ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.

വൈകീട്ട് നാലിനാണ് വളാഞ്ചേരിയിലെ കാവുംപുറത്തെ വീട്ടില്‍ നിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങിയത്. റോഡ് മാര്‍ഗമായിരുന്നു യാത്ര. വീട്ടില്‍ നിന്ന് ഇറങ്ങിയത് മുതല്‍ ഇതുവരെ പല സ്ഥലത്തും പ്രതിപക്ഷ സംഘടനാ പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി. കനത്ത സുരക്ഷയിലായിരുന്നു യാത്ര. പലയിടത്തും പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

അതേസമയം എന്‍ഫോഴ്‌സ്‌മെന്റിനു പിന്നാലെ കസ്റ്റംസും എന്‍ഐഎയും ജലീലിനെ ചോദ്യം ചെയ്യാനിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇഡിയുടെ ചോദ്യങ്ങള്‍ക്ക് ജലീല്‍ നല്‍കിയ ഉത്തരങ്ങളില്‍ വ്യക്തതക്കുറവുണ്ടെന്നും വീണ്ടും ചോദ്യം ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജലീലിന്റെ സുഹൃത്തായ അരൂര്‍ സ്വദേശി പികെ അനസിനെ കുറിച്ചും എന്‍ഫോഴ്‌സ് അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങി.