ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ യഥാര്‍ഥ നിയന്ത്രണരേഖയില്‍ ചൈനീസ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മി ഇനിയും പ്രകോപനമുണ്ടാക്കിയാല്‍ കല്ലും വടിയുമായി എതിരിടാന്‍ നില്‍ക്കേണ്ടെന്ന് ഇന്ത്യന്‍ സൈന്യത്തിന് നിര്‍ദേശം. സൈനിക-നയതന്ത്ര തലങ്ങളില്‍ ഒട്ടേറെത്തവണ നടന്ന കൂടിക്കാഴ്ചകളില്‍ രൂപപ്പെട്ട ധാരണകളെല്ലാം ചൈനീസ് സൈന്യം തുടര്‍ച്ചയായി ലംഘിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കടുത്ത നീക്കത്തിലേക്ക് സൈന്യം തിരിഞ്ഞിരിക്കുന്നത്. സൈനികപോസ്റ്റുകള്‍ കൈയേറാനോ കൂട്ടത്തോടെയുള്ള പ്രാകൃത ആക്രമണത്തിനോ മുതിര്‍ന്നാല്‍ വെടിയുതിര്‍ക്കാന്‍തന്നെയാണ് നിര്‍ദേശമെന്ന് സൈനികവൃത്തങ്ങള്‍ പറഞ്ഞു.

ഒരു കലഹമുണ്ടായാല്‍, ജൂണ്‍ 15 ന് ഗാല്‍വാന്‍ ഏറ്റുമുട്ടല്‍ പോലെ, വെടിവയ്പ്പ് സാധ്യമായിരുന്നില്ലെന്ന് ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി. ”ഇപ്പോള്‍ അങ്ങനെയല്ലു, ചൈനീസ് സൈന്യം അടുത്തെത്തിയാല്‍ ഞങ്ങള്‍ വെടിവയ്ക്കും. അത് പകല്‍, രാത്രി, സ്ഥാനം ദൂരം തുടങ്ങിയ ചില വ്യവസ്ഥകളെ ആശ്രയിച്ചിരിക്കും. അവര്‍ ആക്രമിക്കപ്പെടാന്‍ പോകുന്ന സാഹചര്യത്തിലോ ആത്മരക്ഷയ്ക്ക് വേണ്ടിയോ സൈനികര്‍ക്ക് വെടിവയ്ക്കാന്‍ അധികാരമുണ്ട്, സൈനിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.