ആറാം ഘട്ട വോട്ടെടുപ്പില്‍ 6 മണി വരെ 60 ശതമാനം പോളിങ് രേഖപ്പെടുത്തി. ബംഗാളില്‍ വ്യാപക അക്രമം. രണ്ടു പേര്‍ കൊല്ലപ്പെട്ടു. ബിജെപി തൃണമൂല്‍ ഏറ്റമുട്ടലില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ആറാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടത്തിയ ജാഡ് ഗ്രാം ജില്ലയിലാണ് കഴിഞ്ഞ രാത്രിയില്‍ ബിജെപി പ്രവര്‍ത്തകനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജാഡ് ഗ്രാമിലുണ്ടായി ഏറ്റുമുട്ടലില്‍ നിരവധി ബിജെപി തൃണമൂല്‍ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. മേദിനിപ്പൂരിലെ കാന്തിയില്‍ തൃണമൂല്‍ പ്രവര്‍ത്തകനെ മരിച്ച നിലയില്‍ കണ്ടെത്തി. മേദിനിപ്പൂരില്‍ രണ്ടു ബിജെപി പ്രവര്‍ത്തകര്‍ക്ക് വെടിയേറ്റു. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ തകരാറു കാരണം ആറാം ഘട്ടത്തിലും വോട്ടെടുപ്പ് വൈകി. തകരാറിലായ ഇവിഎമ്മുകള്‍ വോട്ടെടുപ്പിന് ഉപയോഗിച്ചതിനെതിരെ ആം അദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിട്ടുണ്ട്. ശക്തമായ ത്രികോണ മത്സരമാണ് ദില്ലിയിലെങ്കിലും തലസ്ഥാനത്ത് തണുപ്പന്‍ പ്രതികരണമായിരുന്നു വോട്ടര്‍മാരുടേത് .
രാഷ്ട്രപതി രാം നാഥ് കോവിന്ദ്, യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി , കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി , കേന്ദ്രമന്ത്രി സുഷമ സ്വരാജ് , ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ , പ്രകാശ് കാരാട്ട് , ബിജെപി സ്ഥാനാര്‍ഥി ഗൗതം ഗംഭീര്‍ തുടങ്ങിയവര്‍ ദില്ലിയില്‍ വോട്ടു ചെയ്തു.