ന്യൂഡല്‍ഹി: പ്രവാസി ഭാരതീയ ദിവസ് സമ്മാന്‍ പുരസ്‌കാര നിര്‍ണയ ജൂറി അംഗമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയെ തെരഞ്ഞെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അദ്ദേഹത്തെ നാമനിര്‍ദേശം ചെയ്തത്.

ഉപരാഷ്ട്രപതി അധ്യക്ഷനായ ജൂറിയില്‍ യൂസഫലി ഉള്‍പ്പെടെ വിവിധ മേഖലകളില്‍ നിന്നുള്ള 5 പ്രവാസി പ്രമുഖരും വിദേശകാര്യ മന്ത്രി, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, വിദേശകാര്യ സെക്രട്ടറി, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരും അംഗങ്ങളാണ്. ജനുവരി ആദ്യ വാരം ഓണ്‍ലൈനായാണ് ഇത്തവണ പ്രവാസി ഭാരതീയ ദിവസ് സമ്മേളനം നടക്കുന്നത്.

വിവിധ മേഖലകളില്‍ അതുല്യമായ സംഭാവനകളര്‍പ്പിച്ച പ്രവാസി ഭാരതീയര്‍ക്കാണ് പ്രവാസി ഭാരതീയ പുരസ്‌കാരം സമര്‍പ്പിക്കുന്നത്. 2016 മുതല്‍ രാഷ്ട്രപതിയാണ് പുരസ്‌കാരം നല്‍കുന്നത്.