Culture

മലബാര്‍ സിമന്റ്‌സ് അഴിമതി: ശശീന്ദ്രന്റെ ഭാര്യ മരിച്ചു

By chandrika

July 14, 2018

കൊച്ചി: മലബാര്‍ സിമന്റ്‌സ് മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെ ഭാര്യ ടീന(52) അന്തരിച്ചു. കോയമ്പത്തൂരിലെ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെയാണു മരണം. മൂന്നു ദിവസം മുമ്പാണ് വൃക്കരോഗ ചികിത്സയുമായി ബന്ധപ്പെട്ട് ഇവരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. അതിനിടെ, ടീനയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് മലബാര്‍ സിമന്റ്‌സ് ആക്ഷന്‍ കൗണ്‍സിലും ശശീന്ദ്രന്റെ കുടുംബാംഗങ്ങളും രംഗത്തെത്തി.

2011 ജനുവരി 24നാണ് ശശീന്ദ്രനും രണ്ടു മക്കളും തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. മലബാര്‍ സിമന്റ്‌സിലെ അഴിമതിയും ശശീന്ദ്രന്റെ അസ്വാഭാവിക മരണവും സി.ബി.ഐ അന്വേഷിക്കുന്നതിനിടെയാണ് കേസിലെ പ്രധാന സാക്ഷി കൂടിയായ ടീന മരിച്ചത്.

എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു ടീന. മൂന്നു ദിവസം മുന്‍പ് കോയമ്പത്തൂരിലേക്കു പോവുകയായിരുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നു ശശീന്ദ്രന്റെ കുടുംബാംഗങ്ങള്‍ ആരോപിച്ചു.