മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ഇടത് മുന്നണിയില്‍ ആശയക്കുഴപ്പം രൂക്ഷം. സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ആരെ സ്ഥാനാര്‍ത്ഥിയാക്കണം എന്നതിനെ കുറിച്ച് ഇതു വരെ തീരുമാനമായിട്ടില്ല. പ്രമുഖരാരും സ്ഥാനാര്‍ഥിത്വം ഏറ്റെടുത്ത് മുന്നോട്ട് വന്നിട്ടുമില്ല. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട ചര്‍ച്ചക്ക് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്ന് ജില്ലയിലെത്തുന്നുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് ജില്ലാ കമ്മിറ്റിയില്‍ ധാരണയുണ്ടാവാന്‍ ഇനിയും സാധിക്കാത്തതില്‍ സംസ്ഥാന സെക്രട്ടറിയുടെ അമര്‍ഷം പാര്‍ട്ടിയുടെ ജില്ലാ നേതാക്കളെ അറിയിച്ചിട്ടുണ്ട്. ടി.കെ ഹംസയെ സ്ഥാനാര്‍ഥിയാക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അദ്ദേഹം മത്സരിക്കാന്‍ തയാറായിട്ടില്ലെന്നാണ് അടുത്ത വൃത്തങ്ങളില്‍ നിന്നും ലഭിച്ച സൂചന.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ പടലപ്പിണക്കമാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ മത്സരിക്കാന്‍ കുപ്പായമിട്ടിരുന്ന ഹംസയെ തഴഞ്ഞ് പി.വി അന്‍വറിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ അദ്ദേഹത്തിന് ശക്തമായ അമര്‍ഷമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളോടടക്കം ഇക്കാര്യം അദ്ദേഹം പങ്കുവെച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ നിന്നു പോലും മാറി നിന്ന ഹംസയെ രംഗത്ത് സജീവമാക്കുന്നതിന് പല ശ്രമങ്ങളും നടത്തിയിരുന്നുവെങ്കിലും ഫലം കണ്ടില്ല.
കഴിഞ്ഞ തവണ മത്സരിച്ച പി.കെ സൈനബ ആദ്യ ലിസ്റ്റിലുണ്ടായിരുന്നുവെങ്കിലും ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിക്കുകയായിരുന്നു. എന്നാല്‍ നിലവില്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ടി.കെ റഷീദലി, എം.ബി ഫൈസല്‍ എന്നിവരെയും പാര്‍ട്ടി ആലോചിക്കുന്നുണ്ട്. റഷീദലി മങ്കടയില്‍ മത്സരിച്ച് തോറ്റതൊഴിച്ചാല്‍ പാര്‍ലമെന്റ് മണ്ഡലം തലത്തില്‍ യാതൊരു വിധ പ്രവര്‍ത്തന പരിചയവും ഇരുവര്‍ക്കുമില്ല എന്നത് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. പൊതു സമ്മതനെ തേടിയെങ്കിലും മന:പൂര്‍വം തോല്‍വിക്ക് തലവെക്കാനില്ലെന്ന് പറഞ്ഞ് പലരും തടിയൂരി. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലയിലെ പ്രമുഖ വ്യവസായിയെ നേരില്‍ കണ്ട് മത്സരിക്കാന്‍ ആവശ്യപ്പെട്ടതായും അറിവുണ്ട്. എന്നാല്‍ അദ്ദേഹം തയാറായിട്ടില്ല. കോടികള്‍ ചെലവ് വരുമെന്നതൊഴിച്ചാല്‍ വിജയിക്കുമെന്ന് യാതൊരു പ്രതീക്ഷയുമില്ലെന്ന് പറഞ്ഞാണ് അദ്ദേഹം കയ്യൊഴിഞ്ഞത്. തോല്‍വി ഉറപ്പുള്ളതിനാല്‍ പ്രമുഖരാരും മത്സരിക്കാന്‍ ആദ്യമേ തയാറായിരുന്നില്ല. ഭരണപരാജയവും മുന്നണിയിലെ കലഹവും പാര്‍ട്ടിയിലെ കുഴപ്പങ്ങളും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം കനത്ത പ്രതിസന്ധിയിലാക്കുമെന്നതും ഇടതുപക്ഷത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ജില്ലയില്‍ മത്സരിക്കാനായി പാര്‍ട്ടി നേതൃത്വം പറഞ്ഞ പേരുകളെ ചൊല്ലി ദിവസങ്ങളായി മുന്നണിക്കുള്ളില്‍ അഭിപ്രായ വ്യത്യാസം രൂക്ഷമാണ്. എല്ലാറ്റിനും പരിഹാരം ഇന്ന് പാര്‍ട്ടി സെക്രട്ടറി ജില്ലയിലെത്തുമ്പോള്‍ ഉണ്ടാകുമെന്നാണ് ജില്ലാ നേതൃത്വം പറയുന്നത്.