ന്യൂഡല്‍ഹി: ഇറ്റലിയിലെ റോമില്‍ നടക്കുന്ന രാജ്യാന്തര സമാധാന സമ്മേളനത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് പോകാന്‍ അനുമതി നിഷേധിച്ച് കേന്ദ്രം. മുഖ്യമന്ത്രി തലത്തില്‍ നടക്കേണ്ട പരിപാടിയല്ലെന്നു ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം മമതക്ക് യാത്രാവിലക്ക് ഏര്‍പെടുത്തിയത്.

ജര്‍മാന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍, പോപ്പ് ഫ്രാന്‍സിസ് തുടങ്ങിയവര്‍ പങ്കെടുക്കുന്ന പരിപാടിയിലേക്കാണ് പ്രഭാഷണത്തിനായി മമതക്ക് ക്ഷണമുണ്ടായിരുന്നത്. അടുത്ത മാസം ആറ്, ഏഴ് തീയതികളിലാണ് സമ്മേളനം.

റോമിലെ കാത്തലിക് പ്രസ്ഥാനമായ സാന്റ് എജിഡിയൊവിന്റെ പ്രസിഡന്റ് മാക്രോ ഇംപാഗ്ലിയാസോ ആണ് മമതയെ ക്ഷണിച്ചു കത്തയച്ചത്. സന്ദര്‍ശനം വിലക്കുന്നത് എന്തിനെന്നും ബംഗാളുമായി എന്താണ് പ്രശ്‌നമെന്നും പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

മമതയുടെ ചൈന സന്ദര്‍ശനം നേരത്തേ തടഞ്ഞ കേന്ദ്രം ഇപ്പോള്‍ ഇറ്റലി യാത്രയും മുടക്കിയെന്നു തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് ദേബാങ്ഷു ഭട്ടാചാര്യ ദേവ് ട്വിറ്ററില്‍ കുറിച്ചു.