ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. നോട്ട് നിരോധനം രാജ്യത്തിന് വലിയൊരു വിപത്തായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഇതിന്റെ മുറിവുകളും പേടിയും ഇപ്പോഴും നിലനില്‍ക്കുകയാണ്. ഇത് മായിച്ചെടുക്കാന്‍ കൂടുതല്‍ സമയമെടുക്കുമെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.

ചില സാമ്പത്തിക നയങ്ങള്‍ കൊണ്ടുണ്ടാകുന്ന ദുരിതങ്ങള്‍ ദീര്‍ഘകാലത്തേക്ക് രാജ്യത്തെ പിന്നോട്ടടിക്കും. ഇക്കാര്യത്തില്‍ സാമ്പത്തിക നയങ്ങള്‍ മനസിലാക്കി ശ്രദ്ധയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടതുണ്ട്. ഇത് മനസിലാക്കിത്തരുന്ന ഒരു ദിവസമാണ് നവംബര്‍ എട്ട് എന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ മൂലക്കല്ലായ ചെറുകിട, ഇടത്തര വ്യവസായങ്ങള്‍ തകര്‍ക്കപ്പെട്ടിരിക്കുകയാണ്. രാജ്യത്തിന്റെ സാമ്പത്തിക നയങ്ങളില്‍ ദൃഢതയും തിരിച്ചറിവും പുനസ്ഥാപിക്കാന്‍ സര്‍ക്കാറിനോട് അഭ്യര്‍ഥിക്കുകയാണ്. ഇന്ധനവില വര്‍ധനയും നാണയപ്പെരുപ്പവുമെല്ലാം നോട്ട് നിരോധനത്തിന്റെ പരിണിത ഫലമാണ്. യുവാക്കള്‍ക്ക് ആവശ്യമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഈ സര്‍ക്കാറിന് സാധിച്ചില്ലെന്നും മന്‍മോഹന്‍ പറഞ്ഞു.