കണ്ണൂര്‍: പഴയങ്ങാടിയില്‍ വിവാഹ തട്ടിപ്പുകാരന്‍ പിടിയില്‍. എറണാകുളം പറവൂര്‍ സ്വദേശി ശ്രീജന്‍ മാത്യു (56) വിനെയാണ് കണ്ണൂരില്‍ വച്ച് അറസ്റ്റ് ചെയ്തത്. ഗ്രാമങ്ങളിലെ വിവാഹ ബ്യൂറോയുമായി ബന്ധപ്പെട്ട്, ഉന്നത ബിരുദമുണ്ടെന്നും ലോക്കോ പൈലറ്റ് തസ്തികയില്‍ ജോലി ചെയ്യുന്നുണ്ടെന്നും കാണിച്ച് വിവാഹ ബ്യൂറോകളില്‍ രജിസ്റ്റര്‍ ചെയ്താണ് വിവാഹ തട്ടിപ്പ് നടത്തുന്നത്.

പഴയങ്ങാടി കുളവയലിന് സമീപമുള്ള സ്ത്രീയുടെ കൂടെ നിയമപരമായി കല്യാണം കഴിക്കാതെ താമസിച്ച് വരികയായിരുന്നു. ഇതിനിടെ പഴയങ്ങാടിയിലെ ഒരു വിവാഹ ബ്യൂറോ വഴി വെങ്ങരയിലെ സ്ത്രീയെ പരിചയപ്പെട്ടു. ഇവരെ കൂട്ടിക്കൊണ്ടു പോകാനുള്ള ശ്രമത്തിനിടയിലാണ് ശ്രീജന്‍ പൊലീസിന്റെ പിടിയിലായത്. പ്രതിയെ ഇന്ന് പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കും.