തിരുവനന്തപുരം: ഓട്ടോറിക്ഷയില്‍ കറങ്ങി നടന്ന് മറ്റ് കടകളില്‍ നിന്ന് പച്ചക്കറി മോഷ്ടിച്ച് സ്വന്തം കടയില്‍ എത്തിച്ച് വില്‍പ്പന നടത്തിയിരുന്ന ആള്‍ പിടിയില്‍. അണ്ടൂര്‍ക്കോണം പായ്ച്ചിറ പണ്ടാരവിളവീട്ടില്‍ ഷിബു (43) ആണ് അറസ്റ്റിലായത്. ഇയാളുടെ ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. പോത്തന്‍കോട് വാവറയമ്പലം ജംഗ്ഷനില്‍ ബാലാജി വെജിറ്റബിള്‍സ് ആന്റ് ഫ്രൂട്ട്‌സ് കടയുടമ വാവറയമ്പലം കുന്നുംപുറത്തു വീട്ടില്‍ ബൈജുകുമാര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

രണ്ടാം വട്ടം മോഷണത്തിനു കയറിയപ്പോഴാണ് ഷിബുവിന്റെയും ഓട്ടോറിക്ഷയുടെയുമടക്കം ചിത്രങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞത്. ബൈജുകുമാര്‍ പരാതി നല്‍കിയതിന് പിന്നാലെ ഷിബുവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

സമീപ പ്രദേശങ്ങളിലെ പച്ചക്കറിക്കടകളിലും സമാന രീതിയില്‍ മോഷണം നടന്നിട്ടുള്ളതായി പരാതികള്‍ ഉണ്ടായിരുന്നെങ്കിലും ആളിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. മറ്റു മോഷണങ്ങളില്‍ ഷിബുവിനു പങ്കുണ്ടോയെന്ന വിവരവും പൊലീസ് പരിശോധിച്ചു വരികയാണ്.