ലക്‌നൗ: യു.പി ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തിയതിന് പിന്നാലെ ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.എസ്.പി അധ്യക്ഷ മായാവതി. ഏകാധിപത്യഭരണമാണ് കേന്ദ്രത്തില്‍ നടക്കുന്നത്. രാജ്യത്ത് അടിയന്തരാവസ്ഥയെക്കാള്‍ ഭീകരമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും അവര്‍ പറഞ്ഞു. ഛത്തീസ്ഗഡില്‍ ബി.എസ്.പി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

മോദി സര്‍ക്കാര്‍ ജനാധിപത്യത്തേയും ഭരണഘടനാ സ്ഥാപനങ്ങളേയും ദുര്‍ബമാക്കുകയാണെന്നും മായാവതി ആരോപിച്ചു. ബി.ജെ.പിയെ ഒരു പാഠം പഠിപ്പിക്കാന്‍ വേണ്ടിയാണ് യു.പിയില്‍ എസ്.പിക്ക് പിന്തുണ കൊടുത്തത്. ഈ തോല്‍വിയോടെ ആദിത്യനാഥിന്റേയും മോദിയുടേയും ഉറക്കം നഷ്ടപ്പെട്ടെന്നും മായാവതി പറഞ്ഞു.

ഉപതെരഞ്ഞെടുപ്പിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ സാധ്യതയുണ്ടെന്നും മായാവതി പറഞ്ഞു. തെരഞ്ഞെടുപ്പ് വൈകുന്നതിന് അനുസരിച്ച് തങ്ങളുടെ തോല്‍വി കൂടുതല്‍ മോശമാകുമെന്ന് ബി.ജെ.പി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

വോട്ടിംങ് മെഷീനുകളില്‍ കൃത്രിമം നടക്കുന്നതായി മായാവതി ആരോപിച്ചു. വരുന്ന തെരഞ്ഞെടുപ്പുകളില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചിരുന്നെങ്കില്‍ യു.പി ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം വര്‍ധിക്കുമായിരുന്നു എന്ന് അഖിലേഷ് യാദവും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.