കോഴിക്കോട്: വോട്ടിങ് മെഷീന്‍ സെറ്റ് ചെയ്യുമ്പോള്‍ കൃത്രിമം നടത്താന്‍ ശ്രമിച്ചതായി യുഡിഎഫ് പരാതിയില്‍ കലക്ടറുടെ ഇടപെടല്‍. കോഴിക്കോട് ക്രിസ്ത്യന്‍ കോളേജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന വോട്ടിങ് മെഷീന്‍ പരിശോധനയില്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥയില്‍ യുഡിഎഫ് പ്രതിഷേധിച്ചു. മുന്‍ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളായ 12 പേരെ സെറ്റ് ചെയ്ത മെഷീനില്‍ നിന്ന് സൗത്ത് നിയോജക മണ്ഡലത്തിലെ നോട്ട ഉള്‍പ്പെടെ ആറ് സ്ഥാനാര്‍ത്ഥികളെ സെറ്റ് ചെയ്യുന്നതിന് ഐടി വിദഗ്ധരുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് സാധിക്കാത്തതിലായിരുന്നു പ്രതിഷേധം.

ആറ് അംഗങ്ങളെ സെറ്റ് ചെയ്ത് വോട്ടിങ് മെഷീന്‍ ഓഫാക്കി ഓണ്‍ ചെയ്യുമ്പോള്‍ പഴയപോലെ 12 അംഗങ്ങളെ തന്നെ സ്‌ക്രീനില്‍ തെളിഞ്ഞതോടെയാണ് യുഡിഎഫ് നേതാക്കള്‍ പരാതിയുമായി രംഗത്തെത്തിയത്. നിരീക്ഷകനെ വിവരമറിയിച്ചതോടെ നിരീക്ഷകനും കലക്ടറും സ്ഥലത്തെത്തി യുഡിഎഫ് നേതാക്കളുമായും ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി.

പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടതോടെ പരിഹാരമുണ്ടാക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് കലക്ടര്‍ യുഡിഎഫ് നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി. വോട്ടിങ് മെഷീനില്‍ ക്രമക്കേട് നടത്താന്‍ വ്യാപകമായി ശ്രമമുണ്ടായെന്ന് യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു.