മലപ്പുറം: ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കാലത്തെ പത്താംശമ്പള കമ്മീഷന്‍ ശിപാര്‍ശ ചെയ്തതു തൊട്ട് സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന മെഡിസെപ് പദ്ധതിയെ ഇടതുസര്‍ക്കാര്‍ കണ്ണില്‍ പൊടിയിടുന്ന കുതന്ത്രനാടകമാക്കി മാറ്റിയെന്ന് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ (എസ്.ഇ.യു) മലപ്പുറം ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു.

മുഖ്യമന്ത്രി കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ പദ്ധതിയില്‍ ഭൂരിഭാഗവും അപ്രസക്തമായ ആശുപത്രികളോ, വൈകുന്നേരം പൂട്ടിപ്പോകുന്ന കണ്ണാശുപത്രികളോ ആണെന്നതിനാല്‍ ഇത് ജീവനക്കാരെ പരിഹാസ്യരാക്കുന്ന നടപടിയാണ്. ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കാത്ത ക്ലിനിക്കുകളെ എംപാനല്‍ ചെയ്തതിന്റെ കാരണം സര്‍ക്കാര്‍ വ്യക്തമാക്കേണ്ടതുണ്ട്. സര്‍ക്കാറിന്റെ യാതൊരു വിഹിതവുമില്ലാതെ ജീവനക്കാരുടെ വിഹിതം മാത്രം ഉപയോഗിച്ചുള്ള മെഡിസെപ് പദ്ധതി സര്‍ക്കാര്‍ അട്ടിമറിച്ചു. ഒരേ കുടുംബത്തില്‍ നിന്നു തന്നെ ഒന്നിലധികം പേരില്‍ നിന്നും പ്രീമിയം ഈടാക്കുന്ന പകല്‍ക്കൊള്ളയും നടക്കുന്നു. കൊടും വഞ്ചനയെ ശക്തമായ പ്രക്ഷോഭങ്ങളിലൂടെ പ്രതിരോധിക്കുമെന്ന് എസ്.ഇ.യു ജില്ലാ പ്രസിഡന്റ് വി. പി സമീറും ജനറല്‍ സെക്രട്ടറി എ.കെ ഷരീഫും പ്രസ്താവനയില്‍ വ്യക്തമാക്കി.