Connect with us

News

‘മൈഗ്രേന്‍’ ഇന്ത്യയുടെ ഉല്‍പ്പാദനക്ഷമത കെടുത്തുന്ന നിശബ്ദ സാമ്പത്തിക രോഗം; പ്രതിവര്‍ഷം 18,674 കോടി രൂപയുടെ നഷ്ടം

ലോകത്തും ഇന്ത്യയിലും മൈഗ്രേന്‍ ആശങ്കാജനകമായ കണക്കുകള്‍, ലോകത്ത് നാലില്‍ ഒരാള്‍ക്ക് മൈഗ്രേന്‍ ഉണ്ടെന്നാണ് കണക്കുകള്‍. ഇന്ത്യയിലും ഏകദേശം 25 ശതമാനം ആളുകള്‍ ഈ അവസ്ഥ അനുഭവിക്കുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു.

Published

on

മൈഗ്രേന്‍ വെറും തലവേദനയല്ല ഇന്ത്യയുടെ തൊഴില്‍ക്ഷമതയെയും സാമ്പത്തിക വളര്‍ച്ചയെയും ഗൗരവമായി ബാധിക്കുന്ന ഒരു വലിയ പൊതുജനാരോഗ്യ പ്രശ്‌നമാണെന്ന് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. ജോലിയില്‍ നിന്ന് അവധി എടുക്കേണ്ടിവരികയും, ജോലി സമയത്ത് കാര്യക്ഷമത കുറയുകയും ചെയ്യുന്നതിലൂടെ ഇന്ത്യക്ക് പ്രതിവര്‍ഷം ഏകദേശം 18,674 കോടി രൂപയുടെ നഷ്ടം സംഭവിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ലോകമെമ്പാടും തൊഴില്‍ക്ഷമത നഷ്ടപ്പെടുത്തുന്ന പ്രധാന കാരണങ്ങളില്‍ ഒന്നാണ് മൈഗ്രേന്‍. പ്രത്യേകിച്ച് 20 മുതല്‍ 50 വയസ്സ് വരെയുള്ള, ഏറ്റവും സജീവമായ തൊഴില്‍ പ്രായത്തിലുള്ളവരിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്.

മൈഗ്രേന്‍ ബാധിതരായ വ്യക്തികള്‍ക്ക് ഒരു വര്‍ഷം ശരാശരി നിരവധി ജോലിദിവസങ്ങള്‍ നഷ്ടമാകുന്നു. ഇതിന്റെ പ്രതിഫലനം തൊഴിലുടമകളിലും രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിലും (GDP) വ്യക്തമാണ്. ലോകത്തും ഇന്ത്യയിലും മൈഗ്രേന്‍ ആശങ്കാജനകമായ കണക്കുകള്‍, ലോകത്ത് നാലില്‍ ഒരാള്‍ക്ക് മൈഗ്രേന്‍ ഉണ്ടെന്നാണ് കണക്കുകള്‍. ഇന്ത്യയിലും ഏകദേശം 25 ശതമാനം ആളുകള്‍ ഈ അവസ്ഥ അനുഭവിക്കുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. 2019ലെ ലാന്‍സെറ്റ് റിപ്പോര്‍ട്ട് പ്രകാരം, ലോകത്ത് ഏറ്റവും കൂടുതല്‍ വൈകല്യമുണ്ടാക്കുന്ന രണ്ടാമത്തെ നാഡീസംബന്ധമായ രോഗമാണ് മൈഗ്രേന്‍. മൈഗ്രേന്‍ സമയത്ത് മസ്തിഷ്‌കം അതിന്റെ സംരക്ഷണ പാളികളായ മെനിഞ്ചസിലേക്ക് സിഗ്നലുകള്‍ അയക്കുന്നു. ഇതിന്റെ ഫലമായി CGRP (Calcitonin Gene related peptide) എന്ന രാസവസ്തു പുറന്തള്ളപ്പെടുന്നു. ഇത് മെനിഞ്ചസിലെ രക്തക്കുഴലുകള്‍ വികസിക്കാനും വീക്കം ഉണ്ടാകാനും കാരണമാകുന്നു. ഈ വിക്കമാണ് മൈഗ്രേന്റെ കഠിനമായ വേദനയ്ക്ക് കാരണം.

കൂടാതെ ഓക്കാനം, വെളിച്ചത്തോടുള്ള അസ്വസ്ഥത, ശബ്ദത്തോടുള്ള ഭയം എന്നിവയും അനുഭവപ്പെടുന്നു. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് മൈഗ്രേന്‍ കൂടുതലായി കണ്ടുവരുന്നത്. ജോലി ബാധ്യതകളും വീട്ടുപണികളും ഒരുപോലെ നിര്‍വഹിക്കുന്ന സ്ത്രീകളുടെ കാര്യക്ഷമതയെ ഇത് ഗുരുതരമായി ബാധിക്കുന്നതായും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അസമയത്തുള്ള മീറ്റിങ്ങുകള്‍, അമിതമായ ഡിജിറ്റല്‍ സ്‌ക്രീന്‍ ഉപയോഗം, തെറ്റായ ഇരിപ്പിട ശീലങ്ങള്‍, നിരന്തരമായ മാനസിക സമ്മര്‍ദം എന്നിവ മൈഗ്രേന്‍ വര്‍ധിക്കാന്‍ കാരണമാകുന്ന ഘടകങ്ങളാണ്. എന്നാല്‍ ഇതിന് പിന്നില്‍ ഇതിലും സങ്കീര്‍ണമായ നാഡീസംബന്ധമായ കാരണങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. ഇന്ത്യയില്‍ മൈഗ്രേന്‍ ഉള്ള പലരും ഇതിനെ ഒരു സാധാരണ തലവേദനയായി കണ്ട് അവഗണിക്കുന്നതാണ് പതിവ്.

കൃത്യമായ ചികിത്സ തേടാത്തത് രോഗം കൂടുതല്‍ വഷളാക്കുന്നു.ഡോക്ടര്‍ നിര്‍ദേശിക്കുന്ന മരുന്നുകള്‍ കൃത്യസമയത്ത് കഴിക്കുക,തലവേദന ആരംഭിക്കുന്ന സമയത്തുതന്നെ മരുന്ന് കഴിക്കുന്നത് കൂടുതല്‍ ഫലപ്രദമാണ്‌ ജോലിക്കിടെ കൃത്യമായ ഇടവേളകള്‍ എടുക്കുക,ധാരാളം വെള്ളം കുടിക്കുക, കൃത്യമായ ഉറക്കശീലം പാലിക്കുക,ഡിജിറ്റല്‍ സ്‌ക്രീനുകളുടെ ഉപയോഗം നിയന്ത്രിക്കുക, ഇതൊക്കെയാണ് വിദഗ്ധരുടെ നിര്‍ദേശങ്ങള്‍. മൈഗ്രേനെ ഒരു ‘സാധാരണ തലവേദന’യായി കാണാതെ, വ്യക്തിഗതവും സാമൂഹികവുമായ തലത്തില്‍ ഗൗരവമായി സമീപിക്കേണ്ട സമയമാണിതെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

kerala

മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി അന്തരിച്ചു

കൊച്ചി എളമക്കരയിലെ വീട്ടില്‍ വെച്ചായിരുന്നു വേര്‍പാട്.

Published

on

മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി അന്തരിച്ചു. 90 വയസ്സായിരുന്നു. കൊച്ചി എളമക്കരയിലെ വീട്ടില്‍ വെച്ചായിരുന്നു വേര്‍പാട്. പക്ഷാഘാതത്തെ തുടര്‍ന്ന് 10 വര്‍ഷമായി ചികിത്സയിലായിരുന്നു.

മുന്‍ നിയമ സെക്രട്ടറിയായിരുന്ന പരേതനായ വിശ്വനാഥന്‍ നായരാണ് ഭര്‍ത്താവ്. പരേതനായ പ്യാരേ ലാല്‍ ആണ് മറ്റൊരു മകന്‍. സംസ്‌കാരം നാളെ. ലോകത്തിന്റെ ഏതു കോണിലാണെങ്കിലും അമ്മയുടെ പിറന്നാള്‍ ദിനത്തില്‍ മോഹന്‍ലാല്‍ അമ്മയുടെ അരികില്‍ ഉണ്ടാകും. ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് പ്രഖ്യാപനത്തിനുശേഷം ചെന്നൈയില്‍നിന്ന് നാട്ടിലെത്തിയ മോഹന്‍ലാല്‍ നേരേപോയത് അമ്മയുടെ അനുഗ്രഹംതേടിയായിരുന്നു.

Continue Reading

kerala

കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്ന് ഉള്‍ഗ്രാമങ്ങളിലേക്ക് ബസ് സര്‍വിസ് ഇല്ല; യാത്രക്കാര്‍ ദുരിതത്തില്‍

നേരത്തെ മിനി ബസ് സര്‍വിസുകള്‍ ഉണ്ടായിരുന്നതാണ്. എന്നാല്‍ കളക്ഷന്‍ കുറവാണെന്ന പേരില്‍, സര്‍വിസുകള്‍ പിന്‍വലിച്ചതാണെന്ന് നാട്ടുകാര്‍ പറയുന്നു.

Published

on

പത്തനാപുരം: കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്ന് ഉള്‍ഗ്രാമങ്ങളിലേക്ക് ബസ് സര്‍വിസുകള്‍ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമായി. പല റൂട്ടുകളിലും നേരത്തെ മിനി ബസ് സര്‍വിസുകള്‍ ഉണ്ടായിരുന്നതാണ്. എന്നാല്‍ കളക്ഷന്‍ കുറവാണെന്ന പേരില്‍, സര്‍വിസുകള്‍ പിന്‍വലിച്ചതാണെന്ന് നാട്ടുകാര്‍ പറയുന്നു.

നിലവില്‍ പത്തനാപുരം-പറങ്കിമാംമുകള്‍-നടുത്തേരി-അമ്പലം നിരപ്പ്-പാണ്ടിത്തിട്ട-വഴി ഏനാത്ത്, പത്തനാപുരം പട്ടാഴി ദര്‍ഭ വഴി കൊട്ടാരക്കര, പത്തനാപുരം-പിടവൂര്‍-പുളിവിള-അയത്തില്‍ വഴി കൊട്ടാരക്കര, പത്തനാപുരം-ചെങ്കിങ്കിലാത്ത് വഴി ഏനാത്ത്, പത്തനാപുരം-വെള്ളങ്ങാട്-പുത്തലത്ത് മുക്ക്-രണ്ടാലുംമൂട് വഴി കൊട്ടരക്കര, പത്തനാപുരം-മങ്കോട്-അംബേദ്കര്‍ കോളനി, പത്തനാപുരം-കടുവാത്തോട്-ചെളിക്കുഴി വഴി അടൂര്‍, പത്തനാപുരം-രണ്ടാലുംമൂട്-അരിങ്ങട വഴി കൊട്ടാരക്കര, പത്തനാപുരം-പുന്നല-കറവൂര്‍ വഴി പുനലൂര്‍ എന്നിങ്ങനെ ബസ് സര്‍വിസുകള്‍ ആരംഭിക്കണമെന്നാണ് ആവശ്യം.

കൃത്യനിഷ്ഠയോടെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കൂടി പ്രയോജനപ്പെടും വിധം ബസ് സര്‍വിസുകള്‍ അടിയന്തരമായി പുനരാരംഭിക്കണമെന്നാണ് ആവശ്യം.

 

Continue Reading

News

കസ്റ്റഡിയില്‍ സൂക്ഷിച്ച 200 കിലോ കഞ്ചാവ് എലികള്‍ നശിപ്പിച്ചതായി പൊലീസ്

പിടിച്ചെടുത്ത തൊണ്ടിമുതല്‍ നഷ്ടമായതും മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന്‍ കഴിയാതിരുന്നതും കാരണം കേസിലെ പ്രതിയെ കോടതി വെറുതെ വിടുകയും ചെയ്തിരുന്നു.

Published

on

റാഞ്ചി: കസ്റ്റഡിയില്‍ സൂക്ഷിച്ചിരുന്ന ഏകദേശം ഒരു കോടി രൂപ വിലമതിക്കുന്ന 200 കിലോഗ്രാം കഞ്ചാവ് എലികള്‍ നശിപ്പിച്ചതായി പൊലീസ് കോടതിയെ അറിയിച്ചു. പിടിച്ചെടുത്ത തൊണ്ടിമുതല്‍ നഷ്ടമായതും മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന്‍ കഴിയാതിരുന്നതും കാരണം കേസിലെ പ്രതിയെ കോടതി വെറുതെ വിടുകയും ചെയ്തിരുന്നു. 2002 ജനുവരിയില്‍ എന്‍എച്ച്-20ല്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഒര്‍മാന്‍ജി പൊലീസ് കഞ്ചാവ് പിടിച്ചെടുത്തത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ റാഞ്ചിയില്‍ നിന്ന് രാംഗഡിലേയ്ക്ക് മയക്കുമരുന്ന് കടത്തുകയായിരുന്ന വെളുത്ത ബൊലേറോ വാഹനം പൊലീസ് തടഞ്ഞു. പൊലീസിനെ കണ്ടതോടെ വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഒരാളെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞു. രണ്ട് പേര്‍ രക്ഷപ്പെട്ടു. വൈശാലി ജില്ലയിലെ ബിര്‍പൂര്‍ ഗ്രാമവാസിയായ ഇന്ദ്രജിത് റായ് എന്ന അനുര്‍ജിത് റായ് (26) ആണ് പിടിയിലായത്.

വാഹന പരിശോധനയില്‍ ഏകദേശം 200 കിലോഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്. തുടര്‍ന്ന് ഇന്ദ്രജിത് റായിയെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്ത പൊലീസ്, എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസെടുത്ത് കുറ്റപത്രം സമര്‍പ്പിച്ചു. എന്നാല്‍ വിചാരണ വേളയില്‍ പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്ന് മതിയായ തെളിവുകള്‍ ഹാജരാക്കാനായില്ല. കഞ്ചാവ് പിടിച്ചെടുത്ത സ്ഥലം, സമയം, രീതി എന്നിവ സംബന്ധിച്ച സാക്ഷിമൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു.

ഇതിന് പിന്നാലെയാണ് ഒര്‍മാന്‍ജി പൊലീസ് സ്റ്റേഷനിലെ മല്‍ഖാനയില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവ് എലികള്‍ നശിപ്പിച്ചതായി പൊലീസ് കോടതിയെ അറിയിച്ചത്. ഇക്കാര്യം പൊലീസ് ഡയറിയിലും രേഖപ്പെടുത്തിയിട്ടുണ്ട്. പിടിച്ചെടുത്ത വസ്തുക്കള്‍ സംരക്ഷിക്കുന്നതില്‍ പൊലീസിന് ഗുരുതരമായ അശ്രദ്ധ സംഭവിച്ചുവെന്ന് കോടതി വിലയിരുത്തി. പ്രതിയും പിടിച്ചെടുത്ത വാഹനവും തമ്മിലുള്ള ബന്ധം തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായും കോടതി വ്യക്തമാക്കി.

ആവശ്യമായ തെളിവുകളുടെ അഭാവവും തൊണ്ടിമുതല്‍ നശിച്ചതുമാണ് പ്രതിയെ കുറ്റവിമുക്തനാക്കാന്‍ കാരണമായത്. ഏകദേശം ഒരു കോടി രൂപ വിലമതിക്കുന്ന കഞ്ചാവാണ് കേസില്‍ പിടിച്ചെടുത്തിരുന്നത്. റാഞ്ചിയില്‍ ഇതിന് മുമ്പും സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ധന്‍ബാദിലും സര്‍ക്കാര്‍ വെയര്‍ഹൗസുകളില്‍ സൂക്ഷിച്ചിരുന്ന മദ്യം എലികള്‍ കുടിച്ചു തീര്‍ത്തുവെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം.

Continue Reading

Trending