മൈഗ്രേന്‍ വെറും തലവേദനയല്ല ഇന്ത്യയുടെ തൊഴില്‍ക്ഷമതയെയും സാമ്പത്തിക വളര്‍ച്ചയെയും ഗൗരവമായി ബാധിക്കുന്ന ഒരു വലിയ പൊതുജനാരോഗ്യ പ്രശ്‌നമാണെന്ന് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. ജോലിയില്‍ നിന്ന് അവധി എടുക്കേണ്ടിവരികയും, ജോലി സമയത്ത് കാര്യക്ഷമത കുറയുകയും ചെയ്യുന്നതിലൂടെ ഇന്ത്യക്ക് പ്രതിവര്‍ഷം ഏകദേശം 18,674 കോടി രൂപയുടെ നഷ്ടം സംഭവിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ലോകമെമ്പാടും തൊഴില്‍ക്ഷമത നഷ്ടപ്പെടുത്തുന്ന പ്രധാന കാരണങ്ങളില്‍ ഒന്നാണ് മൈഗ്രേന്‍. പ്രത്യേകിച്ച് 20 മുതല്‍ 50 വയസ്സ് വരെയുള്ള, ഏറ്റവും സജീവമായ തൊഴില്‍ പ്രായത്തിലുള്ളവരിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്.
മൈഗ്രേന്‍ ബാധിതരായ വ്യക്തികള്‍ക്ക് ഒരു വര്‍ഷം ശരാശരി നിരവധി ജോലിദിവസങ്ങള്‍ നഷ്ടമാകുന്നു. ഇതിന്റെ പ്രതിഫലനം തൊഴിലുടമകളിലും രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിലും (GDP) വ്യക്തമാണ്. ലോകത്തും ഇന്ത്യയിലും മൈഗ്രേന്‍ ആശങ്കാജനകമായ കണക്കുകള്‍, ലോകത്ത് നാലില്‍ ഒരാള്‍ക്ക് മൈഗ്രേന്‍ ഉണ്ടെന്നാണ് കണക്കുകള്‍. ഇന്ത്യയിലും ഏകദേശം 25 ശതമാനം ആളുകള്‍ ഈ അവസ്ഥ അനുഭവിക്കുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. 2019ലെ ലാന്‍സെറ്റ് റിപ്പോര്‍ട്ട് പ്രകാരം, ലോകത്ത് ഏറ്റവും കൂടുതല്‍ വൈകല്യമുണ്ടാക്കുന്ന രണ്ടാമത്തെ നാഡീസംബന്ധമായ രോഗമാണ് മൈഗ്രേന്‍. മൈഗ്രേന്‍ സമയത്ത് മസ്തിഷ്‌കം അതിന്റെ സംരക്ഷണ പാളികളായ മെനിഞ്ചസിലേക്ക് സിഗ്നലുകള്‍ അയക്കുന്നു. ഇതിന്റെ ഫലമായി CGRP (Calcitonin Gene related peptide) എന്ന രാസവസ്തു പുറന്തള്ളപ്പെടുന്നു. ഇത് മെനിഞ്ചസിലെ രക്തക്കുഴലുകള്‍ വികസിക്കാനും വീക്കം ഉണ്ടാകാനും കാരണമാകുന്നു. ഈ വിക്കമാണ് മൈഗ്രേന്റെ കഠിനമായ വേദനയ്ക്ക് കാരണം.
കൂടാതെ ഓക്കാനം, വെളിച്ചത്തോടുള്ള അസ്വസ്ഥത, ശബ്ദത്തോടുള്ള ഭയം എന്നിവയും അനുഭവപ്പെടുന്നു. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് മൈഗ്രേന്‍ കൂടുതലായി കണ്ടുവരുന്നത്. ജോലി ബാധ്യതകളും വീട്ടുപണികളും ഒരുപോലെ നിര്‍വഹിക്കുന്ന സ്ത്രീകളുടെ കാര്യക്ഷമതയെ ഇത് ഗുരുതരമായി ബാധിക്കുന്നതായും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അസമയത്തുള്ള മീറ്റിങ്ങുകള്‍, അമിതമായ ഡിജിറ്റല്‍ സ്‌ക്രീന്‍ ഉപയോഗം, തെറ്റായ ഇരിപ്പിട ശീലങ്ങള്‍, നിരന്തരമായ മാനസിക സമ്മര്‍ദം എന്നിവ മൈഗ്രേന്‍ വര്‍ധിക്കാന്‍ കാരണമാകുന്ന ഘടകങ്ങളാണ്. എന്നാല്‍ ഇതിന് പിന്നില്‍ ഇതിലും സങ്കീര്‍ണമായ നാഡീസംബന്ധമായ കാരണങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. ഇന്ത്യയില്‍ മൈഗ്രേന്‍ ഉള്ള പലരും ഇതിനെ ഒരു സാധാരണ തലവേദനയായി കണ്ട് അവഗണിക്കുന്നതാണ് പതിവ്.
കൃത്യമായ ചികിത്സ തേടാത്തത് രോഗം കൂടുതല്‍ വഷളാക്കുന്നു.ഡോക്ടര്‍ നിര്‍ദേശിക്കുന്ന മരുന്നുകള്‍ കൃത്യസമയത്ത് കഴിക്കുക,തലവേദന ആരംഭിക്കുന്ന സമയത്തുതന്നെ മരുന്ന് കഴിക്കുന്നത് കൂടുതല്‍ ഫലപ്രദമാണ് ജോലിക്കിടെ കൃത്യമായ ഇടവേളകള്‍ എടുക്കുക,ധാരാളം വെള്ളം കുടിക്കുക, കൃത്യമായ ഉറക്കശീലം പാലിക്കുക,ഡിജിറ്റല്‍ സ്‌ക്രീനുകളുടെ ഉപയോഗം നിയന്ത്രിക്കുക, ഇതൊക്കെയാണ് വിദഗ്ധരുടെ നിര്‍ദേശങ്ങള്‍. മൈഗ്രേനെ ഒരു ‘സാധാരണ തലവേദന’യായി കാണാതെ, വ്യക്തിഗതവും സാമൂഹികവുമായ തലത്തില്‍ ഗൗരവമായി സമീപിക്കേണ്ട സമയമാണിതെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.