വാഷിംഗ്ടണ്‍: മണിക്കൂറുകള്‍ നീണ്ട അക്രമങ്ങള്‍ക്കും നാടകീയ നീക്കങ്ങള്‍ക്കും പിന്നാലെ ഡെമോക്രാറ്റിക്ക് നേതാവ് ജോ ബൈഡനെ പ്രസിഡന്റായും കമല ഹാരിസിനെ വൈസ് പ്രസിഡന്റായും പ്രഖ്യാപിച്ച് റിപ്പബ്ലിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്.ഇതോടെ 2020 പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടവും പൂര്‍ത്തിയായി.

പെന്‍സില്‍വാനിയയിലെയും അരിസോണയിലെയും വോട്ടുകള്‍ക്കെതിരെ ഉയര്‍ന്ന എതിര്‍പ്പ് സൈനറ്റും ഹൗസ് ഓഫ് റപ്രസന്റേന്റീവ്‌സും നിരസിച്ചതിനെ തുടര്‍ന്നാണ് ഇലക്ട്രല്‍ വോട്ടുകള്‍ അംഗീകരിച്ചത്.

ട്രംപനുകൂലികള്‍ ക്യാപിറ്റോള്‍ കെട്ടിടത്തില്‍ അതിക്രമിച്ച് കയറി വോട്ടെണ്ണല്‍ തടസപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ അക്രമികളെ പുറത്താക്കിയതിന് ശേഷം അലങ്കോലപ്പെട്ട കെട്ടിടം വൃത്തിയാക്കിയാണ് വോട്ടെണ്ണല്‍ പുനരാരംഭിച്ചത്.

ജോര്‍ജിയ, നെവാഡ, മിഷിഗണ്‍, അരിസോണ പെന്‍സില്‍വാനിയ തുടങ്ങിയ ഇടങ്ങളിലെ തെരഞ്ഞെടുപ്പിനെതിരെ ഉന്നയിച്ച പരാതികളെല്ലാം പരാജയപ്പെടുകയായിരുന്നു. ജനവിധി അംഗീകരിക്കുമെന്ന് സെനറ്റ് മെജോരിറ്റി ലീഡര്‍ മിച്ച് മക്കോണല്‍ പറഞ്ഞിരുന്നു.

ജോ ബൈഡനെ പ്രസിഡന്റായി പ്രഖ്യാപിക്കാനുള്ള അന്തിമ ഘട്ടത്തിലാണ് ക്യാപിറ്റോള്‍ മന്ദിരത്തില്‍ ഒരു സംഘം ട്രംപ് അനുകൂലികള്‍ അക്രമം അഴിച്ചുവിട്ടത്.

വാഷിംഗ്ടണിലേക്ക് മാര്‍ച്ച് നടത്താനും തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാതിരിക്കാനും നേരത്തെ ട്രംപ് ആഹ്വാനം ചെയ്തിരുന്നു. അമേരിക്കന്‍ ചരിത്രത്തിലാധ്യമായാണ് വാഷിംഗ്ടണ്‍ ഡി.സിയില്‍ ഇത്ര ഗൗരവമായ സുരക്ഷാ ലംഘനങ്ങള്‍ നടന്നത്.

ജോ ബൈഡന്റെ വിജയം സ്ഥിരീകരിക്കുന്നത് തടയാന്‍ അക്രമികള്‍ ഇലക്ട്രല്‍ കോളേജ് വോട്ടെണ്ണുന്നത് തടയുകയായിരുന്നു. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനേയും മറ്റ് കോണ്‍ഗ്രസ് അംഗങ്ങളേയും സുരക്ഷ കണക്കിലെടുത്ത് സ്ഥലത്തു നിന്ന് മാറ്റിയിരുന്നു.