കോഴിക്കോട്: മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടു നിന്ന് സിപിഐ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി എ.കെ ബാലന്‍. സ്വന്തം പാര്‍ട്ടിയുടെ പ്രതിച്ഛായയേക്കാള്‍ സര്‍ക്കാറിന്റെ പ്രതിച്ഛായയാണ് വലുതെന്ന് അദ്ദേഹം പ്രതികരിച്ചു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്നണിയിലെ പാര്‍ട്ടികളുടെ പ്രതിച്ഛായയേക്കാളും വലുത് സര്‍ക്കാറിന്റെ പ്രതിച്ഛായയാണ്. സുപ്രധാന തീരുമാനങ്ങള്‍ കൈകൊള്ളുന്ന മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടു നിന്ന സിപിഐ നടപടി ശരിയായില്ല. പ്രതിച്ഛായയുടെ ഹോള്‍സെയില്‍ അവകാശം ഒരു പാര്‍ട്ടിയും ഏറ്റെടുക്കേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.