ലണ്ടന്‍: രണ്ട് രാത്രി കൊണ്ട് മുഹമ്മദ് സലാഹിന് മൂന്ന് അവാര്‍ഡുകള്‍. സ്വന്തം ക്ലബായ ലിവര്‍പൂളിന്റെ രണ്ട് വലിയ പുരസ്‌ക്കാരങ്ങള്‍ ബുധനാഴ്ച്ച രാത്രി സ്വീകരിച്ച അദ്ദേഹം സ്വകാര്യ വിമാനത്തില്‍ ലണ്ടനിലെത്തി അവിടെ നിന്നും ഫുട്‌ബോള്‍ റൈറ്റേഴ്‌സ് അസോസിയേഷന്‍ അവാര്‍ഡും സ്വീകരിച്ചു.

ഈ സീസണില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും യുവേഫ ചാമ്പ്യന്‍സ് ലീഗിലും മിന്നിതിളങ്ങുന്ന ഈജിപ്തുകാരനെ തേടി ഇപ്പോള്‍ അവാര്‍ഡുകളുടെ വരവാണ്. 43 ഗോളുകള്‍ ഇതിനകം സീസണില്‍ അദ്ദേഹം ക്ലബിനായി സ്വന്തമാക്കിയിരിക്കുന്നു. ലിവര്‍പൂളിന്റെ പ്ലെയര്‍ ഓഫ് ദ ഇയര്‍ പുരസ്‌ക്കാരവും പ്ലെയേഴ്‌സ് പ്ലെയര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡും വാങ്ങി ലണ്ടനിലേക്ക് കുതിക്കുകയായിരുന്നു. പുരസ്‌ക്കാരങ്ങളെല്ലാം സന്തോഷദായകമാണെന്നും തന്റെ ഉത്തരവാദിത്ത്വങ്ങള്‍ വര്‍ധിപ്പിക്കുകയാണെന്നും സലാഹ് പറഞ്ഞു. സീസണില്‍ തന്റെ ദൗത്യം പൂര്‍ത്തിയായിട്ടില്ല. ചാമ്പ്യന്‍സ് ലീഗ് കിരീടം ലിവര്‍പൂളിന് സമ്മാനിക്കുമ്പോഴാണ് സന്തോഷം പൂര്‍ണമാവുകയെന്ന് 25 കാരന്‍ പറഞ്ഞു.