തൊടുപുഴ: ജനറേറ്റര്‍ ടര്‍ബൈനിലേക്ക് എത്തുന്ന വെള്ളം നിയന്ത്രിക്കുന്ന ഇന്‍ലെറ്റ് വാല്‍വില്‍ ചോര്‍ച്ച കണ്ടതിനെത്തുടര്‍ന്ന് ഇടുക്കി പദ്ധതിയുടെ മൂലമറ്റം പവര്‍ ഹൗസിലെ മൂന്ന് ജനറേറ്ററുകള്‍ നിര്‍ത്തിവച്ചു. ഒന്ന്, രണ്ട്, മൂന്ന് നമ്പര്‍ ജനറേറ്ററുകളാണ് നിര്‍ത്തിവെച്ചത്. മൂന്നാം നമ്പര്‍ ജനറേറ്ററിന്റെ ഇന്‍ലെറ്റ് വാല്‍വിലാണ് ചോര്‍ച്ച കണ്ടതെങ്കിലും ഒരു പെന്‍സ്‌റ്റോക്കില്‍ നിന്നാണ് മൂന്ന് ജനറേറ്റുകളിലേക്കും വെള്ളമെത്തുന്നത് എന്നതിനാലാണ് മറ്റ് രണ്ട് ജനറേറ്ററുകള്‍ കൂടി നിര്‍ത്തിവെയ്‌ക്കേണ്ടി വന്നത്. ചോര്‍ച്ച പരിഹരിച്ച് ജനറേറ്ററുകള്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും വേണ്ടിവരുമെന്നാണ് കെ.എസ്. ഇ. ബി അധികൃതര്‍ നല്‍കുന്ന സൂചന.