ബഗ്ദാദ്: ഗ്രാമങ്ങള്‍ പിടിച്ചെടുത്തും തടസങ്ങള്‍ നീക്കിയും ഐ.എസ് ശക്തികേന്ദ്രമായ മൊസൂളിലേക്ക് ഇറാഖ് സേന മുന്നേറിക്കൊണ്ടിരിക്കെ ഏറ്റുമുട്ടല്‍ ഭയന്ന് ആയിരക്കണക്കിന് ആളുകള്‍ പലായനം ചെയ്തു തുടങ്ങി. കഴിഞ്ഞ ഒരാഴ്ചക്കിടെ 5000ത്തോളം പേര്‍ അതിര്‍ത്തി കടന്ന് സിറിയയില്‍ എത്തിയതായി യു.എന്‍ പറയുന്നു. അഭയാര്‍ത്ഥികളെക്കൊണ്ട് വീര്‍പ്പുമുട്ടുന്ന അല്‍ ഹോല്‍ ക്യാമ്പിലാണ് അവര്‍ എത്തിയിരിക്കുന്നത്. 15 ലക്ഷം ജനങ്ങളുള്ള മൊസൂളില്‍നിന്ന് വരുംദിവസങ്ങളില്‍ കൂട്ടപലായനം തന്നെയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഇവക്കുവേണ്ടി ഊര്‍ജിത തയാറെടുപ്പുകളാണ് ഐക്യരാഷ്ട്രസഭ നടത്തുന്നത്. മൊസൂളിന്റെ തെക്കും കിഴക്കും വടക്കും ഭാഗങ്ങളില്‍ അഭയാര്‍ത്ഥി ക്യാമ്പുകള്‍ നിര്‍മിച്ചുകൊണ്ടിരിക്കുകയാണ്.

രണ്ടു ലക്ഷത്തോളം പേര്‍ വൈകാതെ എത്തുമെന്നാണ് യു.എന്‍ കണക്കാക്കുന്നത്. ഇവര്‍ക്ക് ആവശ്യമായ ഭക്ഷണങ്ങളും യു.എന്‍ ഒരുക്കുന്നുണ്ട്. മൊസൂളിനു ചുറ്റുമുള്ള എണ്ണക്കിണറുകള്‍ക്ക് ഐ.എസ് തീവ്രവാദികള്‍ തീകൊടുത്തതായി ഇറാഖി വൃത്തങ്ങള്‍ പറയുന്നു. സൈനിക നടപടി പുരോഗമിക്കവെ നഗരത്തില്‍ തന്നെ തങ്ങാനാണ് ഇറാഖ് ഭരണകൂടം ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. തീവ്രവാദികള്‍ നഗരവാസികളെ മനുഷ്യകവചമായി ഉപയോഗിക്കാനും രാസായുധങ്ങള്‍ പ്രയോഗിക്കാനും സാധ്യതയുണ്ട്. ഇത് ജനജീവിതം വീണ്ടും ദുസ്സഹമാക്കും. നഗരം വിട്ടുപോകുന്നതില്‍നിന്ന് ഐ.എസ് ജനങ്ങളെ തടയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. വ്യോമാക്രമണ സാധ്യതയുള്ള കെട്ടിടങ്ങളിലേക്ക് മാറാനും അവരോട് നിര്‍ദേശിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ പറയുന്നു.

മൊസൂളിലെ ജനങ്ങള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് യു.എസ് പ്രസിഡണ്ട് ബറാക് ഒബാമ അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേനക്ക് നിര്‍ദേശം നല്‍കി. ഇറാഖിലെ രണ്ടാമത്തെ ഏറ്റവും വലിയ നഗരമായ മൊസൂള്‍ തിരിച്ചുപിടിക്കാന്‍ വളരെ സാവകാശമാണ് സൈന്യം മുന്നേറിക്കൊണ്ടിരിക്കുന്നത്. കാര്‍ബോംബ് സ്‌ഫോടനങ്ങളും ഷെല്ലാക്രമണങ്ങളും സൈനിക മുന്നേറ്റത്തിന് മാര്‍ഗതടസം സൃഷ്ടിക്കുന്നുണ്ട്. ചരിത്രപ്രധാന നഗരമായ ഹംദാനിയയില്‍നിന്ന് ഒരു കിലോമീറ്റര്‍ അകലെയാണ് സൈന്യം ഇപ്പോഴുള്ളത്.

ഇന്നലെ ഐ.എസ് അയച്ച 12 കാര്‍ബോംബുകളും ലക്ഷ്യത്തിലെത്തുന്നതിനു മുമ്പു തന്നെ തകര്‍ത്തതായി ഒരു സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു. അമേരിക്കയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സേനയുടെ വ്യോമാക്രമണത്തില്‍ ഐ.എസിന്റെ അഞ്ച് വാഹനങ്ങള്‍ തകര്‍ന്നു. ഷെല്ലാക്രമണത്തില്‍ സൈനികരില്‍ ചിലര്‍ക്ക് പരിക്കേറ്റു. ശിയാ, കുര്‍ദിഷ് പോരാളികളടക്കം 25,000 പേരാണ് സൈനിക നടപടിയില്‍ പങ്കെടുക്കുന്നത്. സുന്നി ഭൂരിപക്ഷ പ്രദേശമായ മൊസൂളിലേക്ക് ശിയാ പോരാളികള്‍ കടക്കുന്നത് പുതിയ സംഘര്‍ഷങ്ങള്‍ക്ക് കാരണമായേക്കുമെന്നും ഇറാഖ് ഭയക്കുന്നുണ്ട്.