News

മകന്റെ ത്യാഗത്തിനൊടുവില്‍ അമ്മയ്ക്ക് ദാരുണാന്ത്യം;കരള്‍മാറ്റശസ്ത്രക്രിയയ്ക്ക് പിന്നാലെ മഞ്ഞപ്പിത്തം

By webdesk17

December 10, 2025

മലപ്പുറം: മലപ്പുറം സൗത്ത് അന്നാര മുേണ്ടാത്തിയിലെ സുഹറ (61) കരള്‍ രോഗത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്നപ്പോള്‍, മകന്‍ ഇംതിയാസ് റഹ്‌മാന്‍ കരള്‍ പകുത്തുനല്‍കി ജീവന്‍ രക്ഷിക്കാനുള്ള ശ്രമം നടത്തിയെങ്കിലും, ശസ്ത്രക്രിയയ്ക്ക് പിന്നാലെ പിടിപെട്ട മഞ്ഞപ്പിത്തം കാരണം സുഹറ അന്തരിച്ചു. കഴിഞ്ഞ മാസമാണ് കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ കരള്‍മാറ്റ ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ വിജയകരമായിരുന്നുവെങ്കിലും, തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങളാണ് മരണത്തില്‍ കലാശിച്ചത്.

തിരൂരിലെ ഗ്ലാസ്-പ്ലൈവുഡ് സ്ഥാപനമായ നാഷണല്‍ ഗ്ലാസ് ഹൗസിന്റെ മാനേജിങ് ഡയറക്ടറാണ് ഇംതിയാസ് റഹ്‌മാന്‍. മാതാവിന് കരള്‍ നല്‍കിയ ഓപ്പറേഷനുശേഷം പൂര്‍ണ വിശ്രമത്തിലുമായിരുന്നു. ഈ സമയത്താണ് അമ്മയുടെ മരണം അദ്ദേഹത്തെ അറിയിച്ചത്. പുതുജീവിതത്തിലേക്ക് അമ്മ തിരികെ വരുമെന്ന് പ്രതീക്ഷിച്ചിരുന്ന കുടുംബത്തിന് സംഭവം കനത്ത ആഘാതമായി. സുഹറയുടെ ഭര്‍ത്താവ് അബ്ദുറഹ്‌മാന്‍ ഹാജി, മകള്‍ റുഖ്‌സാന, മരുമക്കള്‍ ലത്തീഫ് കരേക്കാട്, ഫാസില്‍ അന്നാര.