കോഴിക്കോട്: കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ ചരിത്രത്തെ കുറിച്ച് നമുക്കുള്ള ബോധ്യങ്ങളെ അട്ടിമറിക്കുന്നതും ഭയപ്പെടുത്തുന്നതുമാണ് കഴിഞ്ഞ ദിവസം നടന്ന ഹര്‍ത്താലും അതിന്റെ പേരിലുണ്ടായ അക്രമ സംഭവങ്ങളുമെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. ജാഗ്രതയോടെ നിലയുറപ്പിക്കുകയും നിലപാടുറപ്പിക്കുകയും ചെയ്യേണ്ട രാഷ്ട്രീയ സന്ദര്‍ഭമാണ് നിലവില്‍ നാട്ടിലുള്ളതെന്നാണ് ഈ ദുരവസ്ഥ വ്യക്തമാക്കുന്നതെന്നും മുനവ്വറലി തങ്ങളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

കേരളത്തിന്റെ മഹിതമായ സൗഹാര്‍ദത്തിന്റെ പാരമ്പര്യത്തിന് കളങ്കമുണ്ടാക്കാന്‍ ശ്രമിക്കുന്ന ശക്തികളെ തിരിച്ചറിയണം. അനീതിയോടും ഫാഷിസത്തോടുമുള്ള നമ്മുടെ പ്രതിരോധവും മതത്തെ പോലും മറയാക്കി അരങ്ങേറുന്ന കിരാത കൃത്യങ്ങള്‍ക്കെതിരായ നമ്മുടെ പ്രതിഷേധവും മുതലെടുത്ത് രാജ്യത്തെ കൂടുതല്‍ കുഴപ്പത്തിലാക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന ദുഷ്ടശക്തികളെ കരുതിയിരിക്കണമെന്നും തങ്ങള്‍ ഓര്‍മ്മിപ്പിച്ചു.