കോഴിക്കോട്: എഴുത്തുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ കെ.പി രാമനുണ്ണിക്ക് നേരെയുള്ള ആക്രമണ ഭീഷണി സംഭവത്തില്‍ കുറ്റവാളികളെ ഉടന്‍ കണ്ടെത്തണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു. യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികളോടൊപ്പം അദ്ദേഹത്തെ വസതിയില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു തങ്ങള്‍. കേരളത്തിന്റെ മതസൗഹാര്‍ദ്ദവും സാഹോദര്യവും തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണോ ഭീഷണിയുടെ പിന്നിലെന്ന് ന്യായമായും സംശയിക്കുന്നു.

ഇത്തരം കുറ്റവാളികള്‍ക്കെതരിരെ ഒറ്റക്കെട്ടായി പ്രതിരോധ ശബ്ദം ഉയരണം. കേരളത്തിന്റെ ബഹുസ്വരതയെ പരിപോഷിപ്പിക്കുന്നതിലും മതസൗഹാര്‍ദ്ദം ഊട്ടിഉറപ്പിക്കുന്നതിനും നിതാന്ത ജാഗ്രത പുലര്‍ത്തിയ എഴുത്തുകാരനായ കെ.പി രാമനുണ്ണിയെ നിശബ്ദമാക്കാന്‍ അനുവദിക്കുകയില്ലെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം, സെക്രട്ടറിമാരായ പി.ജി മുഹമ്മദ്, ആഷിഖ് ചെലവൂര്‍, ജില്ലാ പ്രസിഡന്റ് സാജിദ് നടുവണ്ണൂര്‍, സംസ്ഥാന കമ്മറ്റി അംഗം ഗഫൂര്‍ കോല്‍ക്കളത്തില്‍, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എം.എ റഷീദ്, നിയോജക മണ്ഡലം പ്രസിഡന്റ് എം. ബാബുമോന്‍, ജനറല്‍ സെക്രട്ടറി ഒ.എം നൗഷാദ് എന്നിവര്‍ അനുഗമിച്ചു.

അതേ സമയം വധഭീക്ഷണി വന്നാലും എഴുത്ത് തുടരുമെന്ന് കെ.പി രാമനുണ്ണി വ്യക്തമാക്കി. എഴുത്തില്‍ നിന്ന് ആത്മഹത്യ ചെയ്യില്ല, മുന്‍കാലത്ത് ഭീക്ഷണി വന്നതില്‍ പലരും എഴുത്ത് നിര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനപരമ്പരയുടെ പേരിലാണ്, ആറ് മാസത്തിനകം മതം മാറിയില്ലെങ്കില്‍ കൈയും കാലും വെട്ടുമെന്ന ഭീക്ഷണികത്ത് ലഭിച്ചത്. കത്ത് ലഭിച്ചയുടന്‍ പരാതി നല്‍കേണ്ടതില്ലെന്നതായിരുന്നു ആദ്യ തീരുമാനം. പരാതി നല്‍കാതിരുന്നാല്‍ കത്തെഴുതുന്ന ക്രിമിനലുകള്‍ക്ക് അത് പ്രോത്സാഹനമാകുമെന്ന് സഹപ്രവര്‍ത്തകരായ എഴുത്തുകാര്‍ ഉപദേശിച്ചതിനാലാണ് പൊലീസില്‍ അറിയിച്ചത്. ഭീക്ഷണികത്ത് വിവരം പുറത്തറിഞ്ഞതോടെ മുഖ്യമന്ത്രിയടക്കമുള്ള നേതാക്കള്‍, പൊതുജനങ്ങള്‍, മാധ്യമങ്ങള്‍ എന്നിവര്‍ പൂര്‍ണ സഹകരണം വാഗ്ദാനം ചെയ്യുകയും ഒപ്പമുണ്ടാകുമെന്ന് അറിയിച്ചതും ഏറെ സന്തോഷവും ആശ്വാസവുമാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.