ന്യൂയോര്‍ക്ക്: അമേരിക്കയിലെ ആദ്യ മുസ്‌ലിം വനിതാ ജഡ്ജിയെ ന്യൂയോര്‍ക്കിലെ ഹഡ്‌സണ്‍ നദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ന്യൂയോര്‍ക്കിലെ ഉന്നത കോടതിയില്‍ അസോസിയേറ്റ് ജഡ്ജിയായിരുന്ന 65കാരി ഷീല അബ്ബാസ് സലാമിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രാദേശിക സമയം ഉച്ചക്ക് 1.45ഓടെയാണ് മൃതദേഹം നദിയില്‍ പൊങ്ങികിടക്കുന്നതായി പരിസരവാസികള്‍ കണ്ടത്. വാഷിങ്ടണ്‍ ഡിസിയില്‍ സ്ഥിരതാമസമാക്കിയ ഷീലയാണ് അപ്പീല്‍ കോടതിയില്‍ ജഡ്ജിയാകുന്ന ആദ്യ ആഫ്രോ അമേരിക്കന്‍ വനിത. 2013ല്‍ ഡമോക്രാറ്റിക് ഗവര്‍ണര്‍ ആന്‍ഡ്രിയോ കുമോയാണ് ഷീലയെ സംസ്ഥാനത്തെ ഹൈക്കോടതിയിലേക്ക് നാമനിര്‍ദേശം ചെയ്തത്.

1

ബുധനാഴ്ച രാവിലെയോടെ ഷീലയെ കാണാതായതായി ബന്ധുക്കള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ബെര്‍ണാഡ് കോളജ് ഓഫ് ലോ സ്‌കൂളില്‍ നിന്ന്് നിയമ ബിരുദം നേടിയ ശേഷം ഈസ്റ്റ് ബ്രൂക്ക്‌ലിന്‍ ലീഗല്‍ സര്‍വീസിലൂടെയാണ് ഷീല അബ്ബാസ് ഔദ്യോഗിക ജീവിതത്തിന് തുടക്കമിട്ടത്. പിന്നീട് ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് അറ്റോര്‍ണി ജനറലായും സേവനമനുഷ്ഠിച്ചു. 1991ല്‍ ന്യൂയോര്‍ക്ക് സിറ്റി ജഡ്ജിഷിപ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഷീലയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു.